ഫ്രാന്‍സില്‍ നെയ്മര്‍ താരം

Posted on: May 15, 2018 6:27 am | Last updated: May 15, 2018 at 12:34 am

പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം പാരിസ് സെയിന്റ് ജെര്‍മന്റെ ബ്രസീലിയന്‍ താരം നെയ്മറിന്. കഴിഞ്ഞ മൂന്ന് മാസം പരുക്കേറ്റ് കളത്തില്‍ വിട്ടു നിന്നതൊന്നും നെയ്മറിനെ പുരസ്‌കാരത്തില്‍ നിന്ന് അകറ്റിയില്ല.

ബാഴ്‌സലോണയില്‍ നിന്ന് ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ പി എസ് ജിയിലെത്തിയ നെയ്മര്‍ 20 ലീഗ് മത്സരങ്ങളില്‍ നിന്ന് 19 ഗോളുകള്‍ നേടി.
നെയ്മര്‍ പരുക്കേറ്റ് പുറത്തായത് പി എസ് ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

ആദ്യ സീസണില്‍ തന്നെ ഫ്രാന്‍സില്‍ മികച്ച താരമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ടീം അംഗങ്ങളുടെ സഹായമില്ലാതെ ഈ പുരസ്‌കാരം നേടാനാകില്ലെന്നും നെയ്മര്‍ പറഞ്ഞു.

പാരിസില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സ്വീകരിച്ച നെയ്മര്‍ ബ്രസീലിനായി ലോകകപ്പ് കളിക്കാനെത്തും. പൂര്‍ണവിശ്രമത്തിലാണ് താരം.
അടുത്ത സീസണില്‍ പി എസ് ജിയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് നെയ്മര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.