ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കില്ല: ഉ. കൊറിയ

Posted on: May 15, 2018 6:16 am | Last updated: May 14, 2018 at 11:48 pm

സിയൂള്‍: ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്ന് ഉത്തര കൊറിയ. അടുത്ത മാസം കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. അതിനിടെയാണ് ഉത്തര കൊറിയയുടെ മുതിര്‍ന്ന നേതാവ് തായ് യോംഗ് ഹോ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ ലോകതലത്തില്‍ നടക്കുന്ന നയതന്ത്ര നീക്കങ്ങളും ചര്‍ച്ചകളും പൂര്‍ണമായ ആണവനിരായുധീകരണം കൊണ്ടുവരില്ല. എന്നാല്‍ ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയുടെ അളവ് കുറക്കുക മാത്രമാണ് ചര്‍ച്ച കൊണ്ട് ലക്ഷ്യമാക്കുന്നത്. ചര്‍ച്ചകളുടെ അവസാനം ഉത്തര കൊറിയ ആണവായുധ ശേഷിയുള്ളതും എന്നാല്‍ ആണവ രഹിതരാജ്യമായും തുടരുമെന്നും അദ്ദേഹം ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2016 ആഗസ്റ്റില്‍ ബ്രിട്ടനിലെ ഉത്തര കൊറിയയുടെ സഹ അംബാസിഡറായിരുന്നു ഇദ്ദേഹം.

അടുത്ത മാസം 12നാണ് ട്രംപും ഉന്നും തമ്മില്‍ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ച. സിംഗപ്പൂരില്‍ വെച്ചാണ് ചര്‍ച്ചയെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും ചര്‍ച്ചയുടെ പ്രധാന ഭാഗമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ മാസം ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ നടന്ന ഉച്ചകോടിക്കിടെ, ഇരുരാജ്യങ്ങളും ആണവായുധരഹിതമാകാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നതാണ്. തങ്ങളുടെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ണമായും നശിപ്പിക്കുമെന്ന് ഉത്തര കൊറിയ അറിയിച്ചത് ഇന്നലെയായിരുന്നു.

ഉത്തര കൊറിയയുടെ ക്ഷണപ്രകാരമാണ് അമേരിക്ക ഇപ്പോള്‍ ചര്‍ച്ചയുടെ പാതയിലേക്ക് എത്തിയിട്ടുള്ളത്. എന്നാല്‍ വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ ഉത്തര കൊറിയ സന്നദ്ധമാകണമെന്നും അല്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നിലപാട്.

ഉ. കൊറിയയുടെ അണുബോംബ്  ഹിരോഷിമയില്‍ പ്രയോഗിച്ചതിനേക്കാള്‍ പത്തിരട്ടി പ്രഹരശേഷിയുള്ളതെന്ന്

സിയൂള്‍: ഉത്തര കൊറിയ പരീക്ഷിച്ച ആണവ ബോംബുകള്‍ ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച ആണവ ബോംബിനേക്കാള്‍ പത്തിരട്ടി ശക്തിയുള്ളതെന്ന് ശാസ്ത്രജ്ഞര്‍. ഉത്തര കൊറിയ ഏറ്റവും അവസാനം നടത്തിയ ആണവപരീക്ഷണം വലിയൊരു പര്‍വതത്തെ തന്നെ നിശ്ശേഷം ഇല്ലാതാക്കാന്‍ സാധിക്കുന്നതാണെന്നും സിംഗപ്പൂരിലെയും കാലിഫോര്‍ണിയയിലെയും യൂനിവേഴ്‌സിറ്റികളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു. അവസാനം നടന്ന ഭൂഗര്‍ഭ ആണവപരീക്ഷണത്തെ തുടര്‍ന്ന് ഒരു പര്‍വതം തെന്നി നീങ്ങിയതായും ഇവര്‍ കണ്ടെത്തി.