Connect with us

Kerala

മാലിന്യമുക്ത നഗരങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നക്ഷത്ര പദവി

Published

|

Last Updated

തിരുവനന്തപുരം: മാലിന്യമുക്ത നഗരങ്ങള്‍ക്ക് ഇനി സ്റ്റാര്‍ റേറ്റിംഗ്. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിന്റേതാണ് പദ്ധതി. രാജ്യത്തെ നഗരങ്ങള്‍ക്കിടയില്‍ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മത്സര സ്വഭാവം കൊണ്ടുവരുന്നതിനായാണ് ശുചിത്വ നഗരങ്ങള്‍ക്ക് റേറ്റിംഗ് നല്‍കുന്നത്.

ഇതിനായി കേന്ദ്ര മന്ത്രാലയം ഈ വര്‍ഷം ജനുവരിയില്‍ തന്നെ നഗരങ്ങള്‍ക്കായി സെവന്‍ സ്റ്റാര്‍ റേറ്റിംഗിനുള്ള പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചിരുന്നു. പ്രോട്ടോക്കോളനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന നഗരസഭയെ മാലിന്യമുക്തമായി പ്രഖ്യാപിക്കും. പ്രോട്ടോകോളില്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളില്‍ നഗരസഭകള്‍ സ്വീകരിച്ച നടപടികളുടെയും അവയുടെ സുസ്ഥിരതക്കായി സ്വീകരിച്ചു വരുന്ന ഇടപെടലുകളുടെയും അടിസ്ഥാനത്തിലാകും സ്റ്റാര്‍ റേറ്റിംഗ്.

വീടുകള്‍ തോറുമുളള മാലിന്യ ശേഖരണം, ജൈവ അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരംതിരിക്കല്‍, പൊതുസ്ഥലങ്ങളുടെ ശുചിത്വം, അജൈവ മാലിന്യങ്ങള്‍ സംഭരിച്ച് തരംതിരിച്ച് പുനചംക്രമണത്തിന് കൈമാറുന്നതിനുളള എം ആര്‍ എഫ്കളുടെ ലഭ്യത, മാലിന്യങ്ങള്‍ വലിച്ചെറിയുകയും കത്തിക്കുകയും ജലസ്രോതസുകളിലും മറ്റും നിക്ഷേപിക്കുകയും ചെയ്തവരുടെ മേല്‍ കൈക്കൊണ്ട നടപടികള്‍, മാലിന്യം അധികമായി ഉത്പാദിക്കുന്നവരുടെ ഉത്തരവാദിത്ത, പൊതുജന പരാതി പരിഹാര സംവിധാനം, മാലിന്യ നിക്ഷേപയിടങ്ങള്‍ ഇല്ലാതാക്കുക, കട്ടികുറഞ്ഞ പ്ലാസ്റ്റിക്കുകളുടെ നിരോധനം നടപ്പാക്കുന്നതിലെ കാര്യക്ഷമത, യൂസര്‍ഫീ കലക്ഷന്‍, നഗര സൗന്ദര്യവല്‍കരണം, പാതയോരങ്ങളുടെയും ഓടകളുടെയും ശുചീകരണം, മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്നിവയാണ് മാനദണ്ഡങ്ങള്‍.

പദ്ധതി പ്രകാരം ഒരു നഗരം മാലിന്യമുക്തമാകുന്നത് വാണിജ്യ, റസിഡ്യന്‍ഷ്യല്‍ മേഖലകളില്‍ ദിവസത്തില്‍ ഏത് സമയത്തും ഒരു മാലിന്യ നിക്ഷേപമോ, ചവറോ ഉണ്ടാക്കാതിരിക്കുകയും, ഉണ്ടാകുന്ന മാലിന്യം നൂറ് ശതമാനം ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുമ്പോഴുമായിരിക്കും. ഇതിനായി നഗരസഭകള്‍ അനുവര്‍ത്തിക്കുന്ന ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിലെ കാര്യക്ഷമത, പ്രകൃതി സൗഹാര്‍ദ്ദത, തുടര്‍ വിലയിരുത്തലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ 12 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി ഏറ്റവും മികച്ചവക്ക് പരമാവധി ഏഴ് നക്ഷത്രങ്ങള്‍ വരെ നല്‍കും. മാനദണ്ഡങ്ങള്‍ പാലിച്ചു കഴിഞ്ഞാല്‍ നഗരസഭകള്‍ നിശ്ചിത വിലയിരുത്തല്‍ ഫോര്‍മാറ്റ് പ്രകാരം സ്വയം വിലയിരുത്തി ജനറല്‍ കൗണ്‍സില്‍ തീരുമാനത്തിലൂടെ സ്റ്റാര്‍ പദവി സ്വയം പ്രഖ്യാപിച്ച് കേന്ദ്രത്തെ അറിയിക്കണം.