Connect with us

National

പഞ്ചസാരക്ക് സെസ്: ജി എസ് ടി യോഗത്തില്‍ ഒറ്റപ്പെട്ട് കേരളം

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചസാരക്ക് സെസ് ചുമത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജി എസ് ടി ഉപസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. സെസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ കേരളം ശക്തമായി എതിര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിന്റെ ആവശ്യത്തോടപ്പം നിന്നില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

സെസ് സംബന്ധിച്ച കൂടുതല്‍ വസ്തുതകള്‍ ഭക്ഷ്യ, നിയമ, ജി എസ് ടി വകുപ്പുകളോട് ഉപസമിതി ആവശ്യപ്പെട്ടു. പഞ്ചസാര സെസ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജി എസ് ടി കൗണ്‍സിലിന് അധികാരമുണ്ടോയെന്നതും ചര്‍ച്ചയായെന്ന് യോഗത്തില്‍ ചര്‍ച്ചയായി.

പഞ്ചസാര വ്യവസായത്തിന് മുമ്പ് ഏതു രീതിയിലാണ് പിന്തുണ നല്‍കിയിരുന്നതെന്നത് പരിശോധിക്കും. നേരത്തെ 500 മുതല്‍ 2800 കോടി രൂപ വരെയായിരുന്നു സെസ് വരുമാനം. ആ പണം ഉപയോഗിച്ച് സബ്സിഡി നല്‍കാനാകില്ല. സെസ് ഏര്‍പ്പെടുത്തുന്നതല്ലാതെ മറ്റ് രീതികള്‍ ഏതെങ്കിലും അവലംബിക്കാനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ കുറിപ്പ് നല്‍കാനും കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളോടു യോഗം ആവശ്യപ്പെട്ടു. റബ്ബര്‍ അടക്കമുള്ള വിളകളെ സംരക്ഷിക്കാനാവശ്യമായ പണം കൂടി സമാഹരിക്കുന്നതിനു നടപടിയുണ്ടാകണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു.

ജി എസ് ടി സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അസം ധനമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, യുപി ധനമന്ത്രി രാജേഷ് അഗര്‍വാള്‍, മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുന്‍ഗതിവര്‍, തമിഴ്നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവരും പങ്കെടുത്തു. മുംബൈയില്‍ വരുന്ന മൂന്നിനാണ് ഉപസമിതിയുടെ അടുത്ത യോഗം.

Latest