Connect with us

International

ഗാസയില്‍ ഇസ്‌റാഈല്‍ വെടിവെപ്പ്; അമ്പതിലേറെ മരണം

Published

|

Last Updated

ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പിലും കണ്ണീര്‍ വാതക പ്രയോഗത്തിലും അകപ്പെട്ട ഫലസ്തീന്‍ പ്രക്ഷോഭക

ഗാസ: ജറൂസലമിലേക്ക് യു എസ് എംബസി മാറ്റുന്നതില്‍ പ്രതിഷേധച്ച പ്രക്ഷോഭകര്‍ക്ക് നേരെ ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പിലും കണ്ണീര്‍ വാതക പ്രയോഗത്തിലും 52 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1700ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരില്‍ ഏറെയും 18 വയസ്സില്‍ താഴെയുള്ള കുട്ടികളും സ്ത്രീകളുമാണ്. എട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. 450ഓളം പേരുടെ പരുക്ക് വെടിയേറ്റുള്ളതാണ്. പലരുടെയും നില ഗുരുതരമായി തുടരുന്നതിനാല്‍ മരണനിരക്ക് ഉയര്‍ന്നേക്കും.

അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് ഗാസയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്റെയും പരുക്കേറ്റവരെ സന്നദ്ധ സംഘങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍

പിന്മടക്ക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഗ്രേറ്റ് മാര്‍ച്ചുമായി ഇന്നലെ രാവിലെ ഇസ്‌റാഈല്‍ അതിര്‍ത്തിയിലേക്ക് നീങ്ങിയ ഫലസ്തീനികള്‍ക്ക് നേരെ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗാസാ മുനമ്പില്‍ അതിര്‍ത്തി ലംഘിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പും കണ്ണീര്‍ വാതക പ്രയോഗവും ഉണ്ടായത്. 1948ല്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ സ്വദേശത്തേക്കുള്ള മടക്കം പ്രഖ്യാപിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രക്ഷോഭം നടത്തി വരികയായിരുന്നു. ആയിരക്കണക്കിനാളുകളാണ് ഇന്നലെ ഗാസാ മുനമ്പ് ലക്ഷ്യമാക്കി എത്തിയത്. “നിരവധി പേര്‍ രക്തസാക്ഷികളായെങ്കിലും ഞങ്ങളെ സംബന്ധിച്ച് ഇന്ന് മഹത്തായ ദിവസമാണ്. ലോകം ഞങ്ങളുടെ ആവശ്യം കേട്ടു. അധിനിവേശം അവസാനിക്കുക തന്നെ ചെയ്യും”- പ്രക്ഷോഭകരില്‍ ഒരാളും അധ്യാപകനുമായ അലി പ്രതികരിച്ചു.

അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് ഗാസയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്റെയും പരുക്കേറ്റവരെ സന്നദ്ധ സംഘങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍

1948 മെയ് 15ന് ഫലസ്തീനികളെ ആട്ടിയോടിച്ച് ഇസ്‌റാഈല്‍ പ്രദേശത്ത് ആധിപത്യമുറപ്പിച്ചതിന്റെ വാര്‍ഷിക അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് ഇന്നലെ ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് നടന്നത്. ടെല്‍ അവീവില്‍ നിന്ന് യു എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതിലുള്ള പ്രതിഷേധം അതോടൊപ്പം മാര്‍ച്ചില്‍ ഇരമ്പി. ഡിസംബറോടെ ഇസ്‌റാഈല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള നീക്കങ്ങള്‍ സജീവമായി നടന്നുവരികയാണ്. വെസ്റ്റ്ബാങ്ക് നഗരങ്ങളായ രാമല്ല, ഹബ്രോണ്‍ എന്നിവിടങ്ങളിലാണ് യു എസ് എംബസി മാറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ പ്രധാനമായും അരങ്ങേറിയത്. ജറൂസലമും രാമല്ലയും വേര്‍തിരിക്കപ്പെടുന്ന ഖ്വലാന്‍ഡിയ മിലിട്ടറി ചെക് പോയിന്റില്‍ നിരവധി പ്രക്ഷോഭകര്‍ എത്തിയിരുന്നു.

ഒന്നര മാസത്തോളമായി തുടരുന്ന പ്രക്ഷോഭത്തിനിടെ 75ഓളം ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്‌റാഈലിന്റെ ഭാഗത്ത് ആള്‍ നാശം ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. ഭീകരവാദികള്‍ക്കെതിരെയുള്ള നടപടിയെന്നാണ് ആക്രമണങ്ങളെ ഇസ്‌റാഈല്‍ സൈന്യം വിശേഷിപ്പിക്കുന്നത്.

അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് ഗാസയില്‍ പ്രതിഷേധത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്റെയും പരുക്കേറ്റവരെ സന്നദ്ധ സംഘങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍

അതേസമയം, അന്താരാഷ്ട്രതലത്തില്‍ ഇസ്‌റാഈലിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, സൈനിക നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും ട്വീറ്റ് ചെയ്തു.

Latest