Connect with us

Kerala

ബാബു വധം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

ബാബു

തലശ്ശേരി: സി പി എം നേതാവ് പള്ളുരിലെ കണ്ണിപൊയില്‍ ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജറിന്‍ സുരേഷ്, പി കെ നിജേഷ്, പി കെ ശരത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തെ, കസ്റ്റഡിയിലെടുത്ത പതിമൂന്ന് പേരില്‍ പെട്ടവരാണിവര്‍.

കുറ്റകൃത്യത്തില്‍ പങ്കാളിയെന്ന് തിരിച്ചറിഞ്ഞ സജിവ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ജെറിന്‍ സുരേഷിനെ കല്ല്യാണത്തലേന്നാളാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചെണ്ടയാട് സ്വദേശി ജറിന്‍ സുരേഷാണ് പള്ളൂര്‍ കമ്മ്യൂണിറ്റി ഹാളിനടുത്ത വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം പിടിയിലായത്. പിണറായി പടന്നക്കരയിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലുള്ള ജറിന്റെ വിവാഹം ഇന്നലെ നടക്കേണ്ടതായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിതൃസഹോദരന്‍ സദാനന്ദന്റെ പള്ളൂരിലെ വീട്ടിലായിരുന്നു വിവാഹ വേദി. ഇവിടെ കൂട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ജറിനെ പോലീസ് ബലം പ്രയോഗിച്ച് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ജറിനെ മാഹി സ്റ്റേഷനിലും കൂട്ടുകാരെ പള്ളൂര്‍ സ്റ്റേഷനിലും പാര്‍പ്പിച്ചു.

വിവരമറിഞ്ഞ് ഇന്നലെ രാവിലെ ബി ജെ പി നേതാക്കളായ എന്‍ ഹരിദാസ്, കെ രഞ്ജിത്ത്, പി അജേഷ്, ആര്‍ എസ് എസ് നേതാവ് പ്രമോദ് എന്നിവര്‍ പള്ളൂര്‍ സ്റ്റേഷനിലെത്തി. ഏതാനും സംഘ്പരിവാര്‍ പ്രവര്‍ത്തകരും സ്റ്റേഷന് മുന്നില്‍ സംഘടിച്ചെത്തിയിരുന്നു. വിവാഹം മുടങ്ങാതിരിക്കാന്‍ മുഹൂര്‍ത്ത സമയത്തെങ്കിലും യുവാവിനെ വിട്ടയക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. സംഘര്‍ഷ സൂചനയെ തുടര്‍ന്ന് എത് സാഹചര്യങ്ങളും നേരിടാന്‍ പള്ളൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ സായുധ പോലീസിനെ വിളിച്ചുവരുത്തി വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ബാബു കൊല്ലപ്പെട്ടത്. ബാബു കൊല്ലപ്പെട്ടതിന് പിറകെ ന്യൂ മാഹിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഈച്ചിയിലെ യു സി ഷമേജിനെ മറ്റൊരു സംഘം വെട്ടിക്കൊന്നിരുന്നു.