കന്നടക്കാറ്റ് എങ്ങോട്ട്; അറിയാന്‍ മണിക്കൂറുകള്‍ മാത്രം

Posted on: May 14, 2018 9:13 am | Last updated: May 14, 2018 at 10:47 am

ബെംഗളൂരു: കന്നഡക്കാറ്റ് എങ്ങോട്ട് വീശുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഉച്ചയോടെ മുഴുവന്‍ മണ്ഡലങ്ങളിലെയും ഫലം അറിയാന്‍ കഴിയും. വിധിയെഴുത്ത് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും സമയം തള്ളി നീക്കുകയാണ് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 72. 13 ശതമാനം പോളിംഗാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 71.45 ശതമാനമായിരുന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ ബി ജെ പി വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് ഇത് മുഖവിലക്കെടുക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമാണെന്നും വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിലാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

എന്നാല്‍, കേവല ഭൂരിപക്ഷം നേടി ഭരണത്തിലേറുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. മെയ് 17ന് തന്റെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ബി എസ് യെദ്യൂരപ്പ ഇന്നലെയും ആവര്‍ത്തിച്ചു. 224 അംഗങ്ങളുള്ള അസംബ്ലിയില്‍ 125 മുതല്‍ 130 വരെ സീറ്റുകള്‍ നേടി ബി ജെ പി അധികാരത്തിലെത്തുമെന്നും ശിക്കാരിപുരയുല്‍ തനിക്ക് 50,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും യെദ്യൂരപ്പ പറയുന്നു. കോണ്‍ഗ്രസിനും ബി ജെ പിക്കും ഒരു പോലെ നിര്‍ണായകമായതിനാല്‍ അത്യന്തം വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. ഭരണത്തുടര്‍ച്ചയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെങ്കില്‍ അധികാരത്തില്‍ തിരിച്ചെത്തുക എന്നതാണ് ബി ജെ പി സ്വപ്‌നം കാണുന്നത്.
ജനതാദള്‍- എസിനെ സംബന്ധിച്ചിടത്തോളം നില മെച്ചപ്പെടുത്താനുള്ള പോരാട്ടമാണിത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ജെ ഡി എസ് പിന്തുണ അനിവാര്യമാണ്. തൂക്കുസഭ വരുന്ന സാഹചര്യമുണ്ടായാല്‍ ജെ ഡി എസ് നിര്‍ണായകശക്തിയാകുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പറയുന്നത്. ഇന്നലെ രാവിലെ മൈസൂരുവിലായിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകീട്ടോടെ ബെംഗളൂരുവിലെ കെ പി സി സി ആസ്ഥാനത്തെത്തി പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പി അധ്യക്ഷനും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പയും ഇന്നലെ വൈകീട്ടോടെ തലസ്ഥാനത്തെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ജനതാദള്‍- എസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലാണ്. ഇന്ന് വൈകീട്ടോടെ തിരിച്ചെത്തും.

ഭരണവിരുദ്ധവികാരം കാര്യമായി പ്രകടമായില്ലെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. സര്‍ക്കാറിന്റെ ജനക്ഷേമപദ്ധതികളും സിദ്ധരാമയ്യയുടെ ജാതി സമവാക്യങ്ങളും വോട്ടായി മാറുമെന്നും പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു. പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയായ അഹിന്ദയിലൂടെ ഈ വിഭാഗത്തിന്റെ വോട്ടുകള്‍ കേന്ദ്രീകരിക്കാനാവുമെന്നും ന്യൂനപക്ഷ പിന്നാക്ക വോട്ടുകളിലൂടെ ബി ജെ പിയെ മറികടക്കാനാകുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ലിംഗായത്ത് പിന്തുണയും വിജയം സുനിശ്ചിതമാക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
തീരദേശ മേഖലയിലെ പോളിംഗ് ശതമാനം കൂടിയത് മുംബൈ – കര്‍ണാടക മേഖലയിലും പ്രതിഫലിച്ചാല്‍ കോണ്‍ഗ്രസിന്റെ പരാജയം പൂര്‍ണമാകുനെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്. മൈസൂരു മേഖലയില്‍ കേന്ദ്രീകരിച്ച് പ്രചാരണം നയിച്ച ജനതാദള്‍- എസ് കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നു.
ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എത് പാര്‍ട്ടിക്ക് പിന്തുണ നല്‍കണമെന്നത് സംബന്ധിച്ച് ജെ ഡി എസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തൂക്കുസഭ വരികയാണെങ്കില്‍ 2006ലേത് പോലെ ബി ജെ പിക്ക് പിന്തുണ നല്‍കാന്‍ ജനതാദള്‍- എസ് തയ്യാറാകില്ല. ബി ജെ പിക്ക് പിന്തുണ നല്‍കിയാല്‍ കുമാരസ്വാമിയെ പുറത്താക്കുമെന്ന് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബി ജെ പിക്ക് പിന്തുണ നല്‍കിയാല്‍ ദേവഗൗഡക്കൊപ്പം ഉണ്ടാകില്ലെന്ന് ജനതാദള്‍- എസ് കേരള ഘടകവും പ്രഖ്യാപിച്ചിരിക്കുകയാണ്.