Connect with us

Sports

അമ്പട്ടി വെടിക്കെട്ട്

Published

|

Last Updated

സെഞ്ച്വറി കുറിച്ച
റായിഡു

പൂനെ: അമ്പട്ടി റായിഡുവിന്റെ മിന്നുന്ന സെഞ്ച്വറിയുടെ മികവില്‍ ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നും രണ്ടും സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് ചെന്നൈ കീഴടക്കിയത്. ഇതോടെ എട്ടാം ജയവുമായി ധോണിപ്പട പ്ലേ ഓഫ് സാധ്യത സജീവമാക്കി.

ഹൈദരാബാദ് മുന്നോട്ടുവെച്ച 180 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകള്‍ ശേഷിക്കേ ചെന്നൈ കുറിച്ചു. 62 പന്തില്‍ ഏഴ് വീതം സിക്‌സറുകളും ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു റായിഡുവിന്റെ ഇന്നിംഗ്‌സ്. ഒന്നാം വിക്കറ്റില്‍ വാട്‌സനും റായിഡുവും ചേര്‍ന്ന് 13.3 ഓവറില്‍ 134 റണ്‍സ് അടിച്ചുകൂട്ടി. 35 പന്തില്‍ 57 റണ്‍സെടുത്ത വാട്‌സണ്‍ റണ്ണൗട്ടായി മടങ്ങി.

പിന്നീടെത്തിയ സുരേഷ് റെയ്‌ന (രണ്ട്) സന്ദീപ് ശര്‍മയുടെ പന്തില്‍ വില്ല്യംസണിന് ക്യാച്ച് നല്‍കി. എന്നാല്‍, ധോണിയും (14 പന്തില്‍ 20), റായിഡും ചേര്‍ന്ന് ചെന്നൈയെ അനായാസം വിജയത്തിലേക്കെത്തിച്ചു. റായിഡുവാണ് കളിയിലെ താരം.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഹൈദരാബാദിന്റേത് നിറംമങ്ങിയ തുടക്കമായിരുന്നു. ടീം സ്‌കോര്‍ പതിനെട്ടില്‍ നില്‍ക്കെ ഹാലസിനെ (രണ്ട്) ചാഹര്‍ പുറത്താക്കി.

പിന്നീട് ഒരുമിച്ച ധവാനും (49 പന്തില്‍ 79) ഉം വില്ല്യംസണും (39 പന്തില്‍ 51) ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും 123 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും റണ്‍റേറ്റ് കുറവായിരുന്നു. ധവാനും വില്ല്യംസണും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ സ്‌കോറിംഗ് റേറ്റ് വീണ്ടും കുറഞ്ഞു.

അവസാന ഓവറുകളില്‍ ദീപക് ഹൂഡ (11 പന്തില്‍ 21) നടത്തിയ വമ്പനടികളാണ് ഹൈദരാബാദിനെ 179ല്‍ എത്തിച്ചത്. ശാക്കിബല്‍ ഹസന്‍ എട്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈക്കായി ശാര്‍ദുള്‍ താക്കുര്‍ രണ്ടും ദീപക് ചഹര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മുംബൈ വീണു; രാജസ്ഥാന്‍ മുന്നോട്ട്

മുംബൈ: നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് ഐ പി എല്ലില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി. ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. മുംബൈ മുന്നോട്ടുവെച്ച 168 റണ്‍സിന്റെ വിജയലക്ഷ്യം 12 പന്തുകളും ഏഴ് വിക്കറ്റും ശേഷിക്കേ രാജസ്ഥാന്‍ മറികടന്നു.

ബട്‌ലര്‍ (53 പന്തില്‍ 94), രഹാനെ (14 പന്തില്‍ 26), സഞ്ജു (14 പന്തില്‍ 26) എന്നിവരുടെ ബാറ്റിംഗാണ് സന്ദര്‍ശകര്‍ക്ക് അനായാസ ജയം സമ്മാനിച്ചത്. തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യത മങ്ങി.