Connect with us

Kerala

പോലീസിന് 'ശനിദശ'; പ്രതിക്കൂട്ടിലായി സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: സംസ്ഥാന പോലീസിന് തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുന്നത് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ സംഭവങ്ങളിലായി സംസ്ഥാനത്ത് 12 പോലീസ് ഉദ്യോഗസ്ഥരാണ് സസ്‌പെന്‍ഷനിലായത്. ഒരു പോലീസ് സൂപ്രണ്ടും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരുമുള്‍പ്പെടെയാണിത്.

വരാപ്പുഴയില്‍ യുവാവ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചതിന് പിന്നാലെയാണ് പോലീസുകാര്‍ക്ക് ശനിദശ തുടങ്ങിയത്. ആലുവ റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജ് ഉള്‍പ്പെടെയുള്ള 10 പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ മാത്രം സസ്‌പെന്‍ഷനിലായിരുന്നു.

പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ. ജി എസ് ദീപക്, എ വി ജോര്‍ജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആലുവ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായ കളമശ്ശേരി എ ആര്‍ ക്യാമ്പിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് വരാപ്പുഴ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ മറ്റ് ഉദ്യോഗസ്ഥര്‍. ഇതില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ ടി എഫ് അംഗങ്ങളായ ജിതിന്‍ രാജ്, സുമേഷ്, സന്തോഷ് കുമാര്‍, വരാപ്പുഴ എസ് ഐയായിരുന്ന ദീപക് എന്നിവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പറവൂര്‍ സി ഐ ക്രിസ്പിന്‍ സാമും ഇതേ കേസില്‍ അറസ്റ്റിലാണ്.

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ ജയാനന്ദന്‍, സി പി ഒമാരായ സന്തോഷ് ബേബി, സുനില്‍ കുമാര്‍, ശ്രീരാജ് എന്നിവരും സംഭവത്തില്‍ പ്രതികളാണ്.

ഏപ്രില്‍ ഒമ്പതിനാണ് പോലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. തൊട്ടുപിന്നാലെ സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ സസ്‌പെന്‍ഷനിലാവുകയായിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ചതോടെ എ വി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരും സസ്‌പെന്‍ഷനിലായി. കേസില്‍ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതുവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. എ വി ജോര്‍ജിനെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യത നിലവിലുണ്ട്.

വരാപ്പുഴ സംഭവത്തില്‍ പോലീസ് സേനക്കുണ്ടായ നാണക്കേട് മായുന്നതിന് മുമ്പാണ് മലപ്പുറം എടപ്പാളില്‍ സിനിമാ തിയേറ്ററില്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ പോലീസിനെതിരെ ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ ഏപ്രില്‍ 18ന് നടന്ന സംഭവത്തില്‍ ഈ മാസം 12നാണ് പ്രതിയെ പിടികൂടിയത്. പരാതി ലഭിച്ച് 15 ദിവസം പിന്നിട്ടിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് ചങ്ങരംകുളം എസ് ഐ. കെ ജി ബേബിയെയും തൊട്ടുപിന്നാലെ സസ്‌പെന്‍ഡ് ചെയ്തു. ഇതേ ദിവസം തന്നെ മുന്‍കൂര്‍ ജാമ്യമെടുത്ത വധശ്രമ കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതും വിവാദമായി. ഈ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കൊല്ലം സെഷന്‍സ് കോടതിയുടെ ഉത്തരവ് മറികടന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത കരുനാഗപ്പള്ളി എസ് ഐ. എ മനാഫും സസ്‌പെന്‍ഷന്‍ നടപടി നേരിട്ടു.

അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായി പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെയാണ് പോലീസുകാര്‍ക്ക് വീഴ്ചകളും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ, പോലീസ് സേനയില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലും സര്‍ക്കാറിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സേനയിലെ സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

Latest