കോടികള്‍ ചെലവഴിച്ചിട്ടും കേര കര്‍ഷകരുടെ ദുരിതത്തിന് അറുതിയായില്ല

Posted on: May 14, 2018 6:16 am | Last updated: May 13, 2018 at 11:55 pm

പാലക്കാട്: നാളികേര വികസനത്തിന് കോടികള്‍ ചെലവഴിച്ചിട്ടും കേര കര്‍ഷകരുടെ ദുരിതത്തിന് അറുതിയായില്ല. സംസ്ഥാന നാളികേര വികസന ബോര്‍ഡ് പതിമൂന്ന് കോടിയുടെ വികസന പദ്ധതിയാണ് നാളികേര വര്‍ഷാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. എന്നാല്‍, കേര കര്‍ഷകര്‍ക്ക് ഒരു രൂപയുടെ ഗുണം പോലും ഇതുവഴി ലഭിച്ചിട്ടില്ലെന്നാണ് പരാതി.

ഉത്പാദനക്ഷമത തീരെ കുറഞ്ഞതും രോഗം മൂര്‍ച്ഛിച്ചതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റല്‍, ഗുണമേന്മയുള്ള ഇനങ്ങളുടെ നടീല്‍, സംയോജിത കീടനിയന്ത്രണം എന്നിവക്കാണ് ധനസഹായം. കൂടാതെ, മുറിച്ചുമാറ്റുന്ന തെങ്ങ് ഒന്നിന് 1,000 രൂപ നല്‍കണമെന്നും പദ്ധതിയിലുണ്ട്. ഗുണമേന്മയുള്ള തൈകള്‍ നട്ടുപിടിപ്പിക്കാന്‍ തെങ്ങ് ഒന്നിന് 40 രൂപ നിരക്കില്‍ ഹെക്ടറിന് പരമാവധി 4,000 രൂപ നല്‍കാനും. ഇതിനുപുറമെ സംയോജിത വളപ്രയോഗം, രോഗകീട നിയന്ത്രണം എന്നിവക്കും ധനസഹായമുണ്ട്. മണ്ണു പരിശോധിച്ച് വളപ്രയോഗം, ജലസേചനം, കീടനിയന്ത്രണം, ഇടവിള കൃഷി എന്നിവക്കായി ഹെക്ടറിന് 17,500 രൂപയാണു സഹായം. പരമാവധി നാല് ഹെക്ടറിന്. ഇങ്ങനെ പോകുന്നു വ്യക്തിഗതാ ആനുകൂല്യ വാഗ്ദാനങ്ങളുടെ പെരുമഴ.

കഴിഞ്ഞ വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് മിക്ക കേരകര്‍ഷകരുടെയും തെങ്ങ് ഉണങ്ങി നശിച്ചു. എന്നിട്ടും പുതിയ തെങ്ങ് തൈകള്‍ നടുന്നതിനോ നശിച്ചതിന് നഷ്ടപരിഹാരമോ ആയി ഭൂരിഭാഗം കര്‍ഷകര്‍ക്കും ഒന്നും ലഭ്യമായിട്ടില്ലെന്നാണ് പരാതി. നിലവില്‍ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുമ്പോഴും കേരകര്‍ഷകന്റെ ഉത്പന്നത്തിന് മികച്ച വിലപോലും ലഭ്യമാക്കാന്‍ നാളികേര വികസന ബോര്‍ഡ് ശ്രമിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. നാളികേരത്തിന് ന്യായമായ വില ലഭ്യമാക്കുന്നതിന് വികസന ബോര്‍ഡ് താങ്ങു വില പ്രഖ്യാപിച്ച് സംഭരിച്ചിരുന്നു. എന്നാല്‍, ഇതിപ്പോള്‍ നിലച്ച മട്ടാണ്. ഇതിനാല്‍ നാളികേരം കിട്ടുന്ന വിലക്ക് സ്വകാര്യ കുത്തകകള്‍ക്ക് നല്‍കേണ്ട അവസ്ഥയാണ്.

വിപണിയില്‍ 52 രൂപക്ക് ഒരുകിലോ തേങ്ങ വില്‍ക്കുമ്പോള്‍ കര്‍ഷകനില്‍ നിന്ന് 30- 35 രൂപക്കാണ് തേങ്ങയെടുക്കുന്നത്. ഇതിന് പുറമെ കാലവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉത്പാദനവും കുറഞ്ഞു. 100 തെങ്ങുള്ള കര്‍ഷകന് ഓരോ രണ്ട് മാസവം കൂടുമ്പോഴും 6,000 നാളികേരം കിട്ടയിരുന്നിടത്ത് 1,000നാളികേരം മാത്രമാണ് കിട്ടുന്നത്.

നാളികേരത്തിന്റെ തൂക്കം 600ല്‍ നിന്ന് 300 ഗ്രാമിലേക്ക് ചുരുങ്ങുകയും ചെയ്തു. കടുത്ത വരള്‍ച്ചയും വെള്ളീച്ചരോഗവും ഓലചുരുട്ടി പുഴുവിന്റെ ആക്രമണവും വൈറസ് ബാധയുമാണ് ഈ സീസണില്‍ നാളികേര കര്‍ഷകന്റെ നട്ടെല്ലൊടിച്ചത്. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോഴും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരുസഹായവും കര്‍ഷകര്‍ക്ക് കിട്ടിയില്ല. നെല്‍കര്‍ഷകര്‍ക്ക് ലഭിക്കുന്ന വരള്‍ച്ചാ ദുരിതാശ്വാസം, വിള ഇന്‍ഷ്വറന്‍സ്, വളത്തിനുള്ള സബ്‌സീഡി ഇവയൊന്നും കേരകര്‍ഷകര്‍ക്ക് കിട്ടുന്നില്ല. കിഴക്കന്‍ മേഖലയിലെ തെങ്ങിന്‍ തോപ്പുകളില്‍ കീടങ്ങളുടെ ആക്രമണം വ്യാപകമായപ്പോള്‍ ഇതിനെ ചെറുക്കാനുള്ള പദ്ധതിപോലുമില്ലാതെ കര്‍ഷകര്‍ക്കു മുന്നില്‍ കൈമലര്‍ത്തുകയാണ് അധികൃതര്‍. കേര കര്‍ഷകര്‍ ഉത്പാദനക്കുറവും സ്വകാര്യ വ്യാപാരികളുടെ ചൂഷണവുംമൂലം നട്ടം തിരിയുമ്പോള്‍ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില കുത്തനെകൂടിയതിനാല്‍ നാളികേര കര്‍ഷകന് ഇക്കുറി മികച്ച വില ലഭിച്ചെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.