പോലീസ് അസോസിയേഷനെ പ്രശംസിച്ചും ഫയര്‍ സര്‍വീസിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി

Posted on: May 14, 2018 6:15 am | Last updated: May 13, 2018 at 11:39 pm

കോഴിക്കോട്: പോലീസ് അസോസിയേഷനെ അനുകൂലിച്ചും ഫയര്‍ സര്‍വീസ് അസോസിയേഷനെ വിമര്‍ശിച്ചും മുഖ്യമന്ത്രി. ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടന്നുവരുന്ന പോലീസ് അസോസിയേഷന്‍ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം സംഘടനയെ പ്രശംസിച്ച് സംസാരിച്ചത്.

രക്തസാക്ഷി അനുസ്മരണവും സ്തൂപ വിവാദവും നിലനില്‍ക്കുന്ന പാശ്ചാത്തലത്തില്‍ പോലീസ് അസോസിയേഷനെതിരെ മുഖ്യമന്ത്രി രംഗത്ത് വരുമെന്നായിരുന്നു സൂചന. സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയെ സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടതിന് പിന്നാലെയാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അസോസിയേഷനെ അനുകൂലിച്ച് രംഗത്തെത്തിയതെന്നത് ശ്രദ്ധേയമായി.

രക്തസാക്ഷികളെ അനുസ്മരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വിവാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി. രക്തസാക്ഷികളെ അനുസ്മരിച്ചത് എന്തോ വലിയ അപരാധമായി ചിലര്‍ പറയുന്നു. മറ്റിടങ്ങളില്‍ മരിച്ച പോലീസുകാരെയാണ് സമ്മേളനങ്ങളില്‍ അനുസ്മരിക്കുന്നത്. ചിലര്‍ക്ക് ചുവപ്പ് കണ്ടാല്‍ വിഷമമാണ്. പോലീസിന്റെ സംഘടനാ പ്രവര്‍ത്തനം മാതൃകാപരമാണ്- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്നലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ 36ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി സമ്മേളനത്തില്‍ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ചു. സംഘടനാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. സംഘടനകളുടെ സമ്മേളനങ്ങളില്‍ കാണാത്തൊരു പുതുമ ഇവിടെയുണ്ടെന്നും അതെന്താണെന്ന് തനിക്ക് പിടികിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ പ്രതിനിധി സമ്മേളനത്തിനൊപ്പമാണ് പൊതു സമ്മേളനം നടത്തേണ്ടത്. എന്നാല്‍, മാര്‍ച്ചില്‍ പ്രതിനിധി സമ്മേളനം നടത്തി ഇത്ര ഇടവേളക്ക് ശേഷം പൊതുസമ്മേളനം നടത്തുന്നത് സാധാരണ സമ്പ്രദായമല്ല. നിങ്ങള്‍ക്കങ്ങനെ ആകാമെങ്കില്‍ അങ്ങനെയാകാം. ഇക്കാര്യം താന്‍ നേരത്തെ അറിയാതിരുന്നതു നന്നായെന്നും നേരത്തെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടില്‍ പങ്കെടുക്കുമായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

മറ്റനേകം തിരക്കുകളില്‍ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചില്ല എന്നത് തന്റെ വീഴ്ചയാണ്. കമ്മിറ്റി അവരവര്‍ക്ക് സൗകര്യമുള്ള രീതിയില്‍ നടപടിയെടുക്കരുതെന്നും പൊതുവായ രീതിയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.