നീറ്റ്: പ്രാദേശിക ഭാഷകള്‍ ഒഴിവാക്കാന്‍ നീക്കം

Posted on: May 14, 2018 6:23 am | Last updated: May 13, 2018 at 11:27 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഏകീകൃത മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രസ് ടെസ്റ്റ് (നീറ്റ്) പ്രാദേശിക ഭാഷകളില്‍ എഴുതുന്നത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഹിന്ദി ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ ഒഴിവാക്കി പരീക്ഷ പൂര്‍ണമായും ഇംഗ്ലീഷില്‍ മാത്രമാക്കുന്നതിന് സി ബി എസ് സി ആലോചിക്കുന്നുണ്ടെന്നാണ് സി ബി എസ് സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 13 ലക്ഷം പേര്‍ എഴുതുന്ന നീറ്റ് പരീക്ഷയില്‍ കേവലം എട്ട് ശതമാനം പേര്‍ മാത്രമാണ് പ്രാദേശിക ഭാഷകള്‍ തിരഞ്ഞെടുക്കുന്നതെന്നാണ് സി ബി എസ് സി പരീക്ഷ ഇംഗ്ലീഷിലേക്ക് മാറ്റുന്നതിന് മുന്നോട്ടുവെക്കുന്ന ന്യായീകരണം.

നീറ്റ് പരീക്ഷയെഴുതുന്ന മൊത്തം 13,26, 725 അപേക്ഷകരില്‍ പത്ത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന മാധ്യമം ഇംഗ്ലീഷാണ് തിരഞ്ഞെടുക്കുന്നത്. അസാമി, ഗുജറാത്തി, മറാത്തി, തമിഴ്, ഒറിയ, ബംഗാളി, ഉറുദു, തെലുങ്കു, കന്നഡ, ഭാഷകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രാദേശിക ഭാഷ നീറ്റ് പരീക്ഷക്കായി തിരഞ്ഞെടുക്കുന്നത്. ഇവയില്‍ കഴിഞ്ഞ നീറ്റ് പരീക്ഷക്ക് ഒറിയയില്‍ നിന്ന് 279 പേരും കന്നഡ (818), തമിഴ് (24,720), ഹിന്ദി (1,46,542), ഉറുദു (1,711) പേരുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. രാജ്യത്തെ ഒരു ലക്ഷത്തോളം വരുന്ന എം ബി ബി എസ് , ബി ഡി എസ് കോഴുസുകളിലേക്കാണ് 13 ലക്ഷത്തോളം വരുന്ന കുട്ടികള്‍ പരീക്ഷ എഴുതുന്നത്.

എന്നാല്‍, മെഡിക്കല്‍ കോളജുകളില്‍ സീറ്റുകള്‍ ലഭിക്കുന്ന മുറക്ക് നിലവില്‍ രാജ്യത്ത് ഇംഗ്ലീഷ് മീഡിയത്തില്‍ മാത്രമാണ് പഠനം ലഭ്യമാകുന്നതെന്നും അതുകൊണ്ടുതന്നെ നീറ്റ് പരീക്ഷ ഇംഗ്ലീഷിലേക്ക് മാറ്റണമെന്നുമാണ് സി ബി എസ് സി ആവശ്യപ്പെടുന്നത്.

അതേസമയം, സര്‍ക്കാര്‍ തീരുമാനം അത്ര എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നാണ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ രീതി പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുകയും അത്തരം വിദ്യാര്‍ഥികള്‍ക്ക് നീറ്റ് എഴുതാന്‍ അവസരം നല്‍കാതിരിക്കുകയും ചെയ്യുന്നത് തുല്യ നീതിക്കെതിരാകുമെന്നും ദേശീയ തലത്തില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ഏകീകൃത രീതിയിലാക്കുന്നതിന് മുമ്പ് അതാത് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡുകള്‍ പ്രവേശന പരീക്ഷ നടത്തിയിരുന്നത് പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെയും ഹിന്ദി ഒഴികെയുള്ള പ്രാദേശിക ഭാഷകള്‍ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.