Connect with us

Editorial

വയോജനങ്ങളുടെ സംരക്ഷണം

Published

|

Last Updated

പ്രായമായവരെ ബന്ധുക്കള്‍ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഗര്‍ഭം ധരിച്ചു പോറ്റിവളര്‍ത്തിയ മാതാവും കഷ്ടപ്പെട്ട് അധ്വാനിച്ചു വലുതാക്കിയ പിതാവും വീട്ടില്‍ അധികപ്പറ്റാണെന്ന മട്ടിലാണ് പല മക്കളുടെയും സമീപനം. സന്നദ്ധ സംഘടനയായ “ഹെല്‍പ്പേജ് ഇന്ത്യ” നടത്തിയ പഠനമനുസരിച്ചു രാജ്യത്തെ വയോജനങ്ങളില്‍ 79 ശതമാനവും സ്വന്തം വീട്ടില്‍ ആവശ്യമായ പരിഗണനയും ലഭിക്കാത്തവരാണ്. ഇവരില്‍ തന്നെ 39 ശതമാനം സ്വന്തം കുടുംബത്തില്‍ നിന്ന് പീഡനം അനുഭവിക്കുന്നു. പീഡനങ്ങള്‍ക്ക് ഇരകളാകുന്നവരില്‍ മിക്ക പേരും ഇക്കാര്യം പുറത്ത് പറയുന്നില്ലെന്നും പഠനം പറയുന്നു. ഇവരുടെ സങ്കടങ്ങള്‍ പലപ്പോഴും കിടപ്പ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്.

പ്രായമായവരെ തൊഴുത്തില്‍ താസമിപ്പിക്കാന്‍ പോലും മടിയില്ലാത്തവരായി മാറിയിരിക്കുന്നു ആധുനിക സമൂഹം. സാംസ്‌കാരിക കേരളത്തിലെ വരന്തരപ്പിള്ളിയിലാണ് ഇതിനിടെ, നൂറ് വയസ്സ് കടന്ന വൃദ്ധയെ മക്കള്‍ കൈയൊഴിഞ്ഞ് വീടിന് പിറകിലെ തൊഴുത്തില്‍ രണ്ടു വര്‍ഷത്തോളം പാര്‍പ്പിച്ചത്. 90 വയസ്സ് കഴിഞ്ഞ പെറ്റമ്മയെ വീട്ടിനുള്ളില്‍ കിടത്താതെ, മക്കള്‍ ആട്ടിന്‍തൊഴുത്തില്‍ കിടത്തിയ സംഭവവും കേരളത്തില്‍ ഉണ്ടായി. ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവ സംരക്ഷണമേഖലക്ക് സമീപത്തുള്ള ഗ്രാമത്തില്‍ വൃദ്ധന്മാരെ കടുവക്കെറിഞ്ഞു കൊടുക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം കൈക്കലാക്കാനാണത്രെ ഈ കടുംകൈ.

മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധ ബാധ്യതയായി പ്രഖ്യാപിക്കുന്ന നിയമം (മെയിന്റനന്‍സ് ഓഫ് പേരന്റ്‌സ് ആന്റ് സീനിയര്‍ സിറ്റിസണ്‍ 2007) രാജ്യത്ത് നിലവിലുണ്ട്. പക്ഷേ, സാര്‍വത്രികമായി ലംഘിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ 2007-ലെ നിയമം ഭേദഗതി ചെയ്തു വ്യവസ്ഥകള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ്. പുതിയ ബില്ലില്‍ വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നു. 2007ലെ നിയമത്തില്‍ നിയമലംഘകര്‍ക്കു ശിക്ഷ ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഈ നിയമം ഭേദഗതിചെയ്തു ശിക്ഷ മൂന്നു മാസമാക്കിയിരുന്നു. മക്കള്‍ എന്നതിന്റെ നിര്‍വചനത്തിലുമുണ്ട് പുതിയ ബില്ലില്‍ മാറ്റം. നേരത്തെ മക്കളുടെ നിര്‍വചനത്തില്‍ സ്വന്തം മക്കളും പേരമക്കളും മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ. ഭേദഗതി പ്രകാരം, ദത്തെടുത്ത മക്കള്‍, മറ്റു ബന്ധത്തിലെ കുട്ടികള്‍, മരുമക്കള്‍, കൊച്ചുമക്കള്‍ എന്നിവരെല്ലാം സംരക്ഷണ അവകാശ നിയമത്തില്‍ വരും. ഭക്ഷണം, വസ്ത്രം, ഭവനം, ആരോഗ്യ പരിരക്ഷ തുടങ്ങിയവ മാതാപിതാക്കള്‍ക്കുള്ള സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രതിമാസം നിശ്ചിത തുക സഹായമായും നല്‍കണം. സംരക്ഷിക്കാന്‍ തയ്യാറാകാത്ത മക്കള്‍ക്കെതിരെ വൃദ്ധജനങ്ങള്‍ക്ക് മെയിന്റനന്‍സ് ട്രിബ്യുണലില്‍ പരാതിയും നല്‍കാവുന്നതാണ്.

നിയമഭേദഗതി സ്വാഗതാര്‍ഹമെങ്കിലും ഇതുകൊണ്ടു മാത്രം അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹൃതമാകുമോ? അവര്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കുകയും വീട്ടില്‍ നിന്ന് ഉപേക്ഷിക്കപ്പെടുകയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തതു കൊണ്ടു മാത്രമായില്ല. അവരുടെ മാനസിക വ്യഥകള്‍ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥ തകരുകയും മക്കളുടെ എണ്ണം കുറയുകയും മക്കളും മരുമക്കളുമെല്ലാം ജോലിക്കായി പുറത്തുപോകുന്ന സ്ഥിതി വ്യാപകമാകുകയും ചെയ്തതോടെ വീട്ടിലെ പ്രായമായ മാതാപിതാക്കള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഉപയോഗിച്ചു കഴിഞ്ഞ കറിവേപ്പിലകള്‍ മാത്രമാണ് പല വീടുകളിലും അവര്‍. നല്ല കാലത്ത് മക്കളുമൊത്ത് സന്തോഷം പങ്കുവെച്ച വീടുകളില്‍ ഇന്നവര്‍ മാനസികമായി ഒറ്റക്കാണ്. മൊബൈല്‍ ഫോണിന്റെ വ്യാപനം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ഇതോടെ ആര്‍ക്കും പരസ്പരം മിണ്ടാനും സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും സമയമില്ലാതായി.

ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവര്‍ക്ക് ഭക്ഷണത്തിനും മരുന്നിനുമൊപ്പം സ്‌നേഹവും, സാന്ത്വനവും കൂടി നല്‍കേണ്ടതുണ്ട്. ശാരീരികാവശ്യങ്ങള്‍ക്കൊപ്പം അവരുടെ മാനസികാവശ്യങ്ങള്‍ കൂടി നിറവേറ്റപ്പെടണം. പരസ്പരം ആരോഗ്യകരമായ ആശയ വിനിമയത്തിനുള്ള അവസരം കണ്ടെത്തണം. കുട്ടികളും പ്രായമായവരും തമ്മില്‍ വീട്ടില്‍ സ്‌നേഹവും ബഹുമാനവും കലര്‍ന്ന ബന്ധം വളര്‍ത്തിയെടുക്കുക, ദൈനംദിന കുടുംബ കാര്യങ്ങളില്‍ അവരുടെ കൂടി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മാനിച്ചു ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും അവരുടെ ആഗ്രഹത്തിനും രുചിക്കും ഇണങ്ങിയ ആഹാരം പാചകം ചെയ്യുക, പരസ്പരം സംസാരിച്ചും തമാശ പറഞ്ഞും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് അവരുടെ മാനസിക വ്യഥ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍. പ്രായമായവരെ വീട്ടില്‍ തനിച്ചാക്കിയോ മറ്റുബന്ധുകുടുംബക്കാരെ ഏല്‍പിച്ചോ ആണ് പലരും വിനോദ യാത്രകള്‍ നടത്തുന്നത്. ഇതിനുപകരം അവരെ കൂടി ഉള്‍പ്പെടുത്തിയായിരിക്കണം യാത്രകള്‍ സംഘടിപ്പിക്കേണ്ടത്. മനുഷ്യ സ്‌നേഹത്തിനും കുടുംബ ബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന ഒരു സമൂഹത്തിലേ പൂര്‍ണമായ അര്‍ഥത്തില്‍ ഇത് സാധ്യമാകുകയുള്ളൂ. അത്തരമൊരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ഇതിന് ആദ്യമായി വേണ്ടത്.

Latest