വാള്‍മാര്‍ട്ട് ഫ്‌ലിപ്കാര്‍ട്ടിനെ വിഴുങ്ങുമ്പോള്‍

ചൂഷണത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കാതെ, ഇന്ത്യയില്‍ നിക്ഷേപം നടത്തേണ്ട എന്ന് തീരുമാനിച്ച വാള്‍മാര്‍ട്ടിന്, ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതിലൂടെ അവസരം തുറന്നിടുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വിദേശ കമ്പനിയായ ആമസോണിനെ, വ്യാപാരത്തില്‍ പിന്തള്ളി ഇന്ത്യന്‍ വിപണിയില്‍ മുന്നേറിയ, 17,000 കോടി രൂപയോളം കമ്പനി മൂല്യം മാത്രമുള്ള ഫഌപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നതിലൂടെ ഈ മേഖലയില്‍ ആധിപത്യമുറപ്പിക്കാനാകുമെന്ന് വാള്‍മാര്‍ട്ട് കരുതുന്നു. വാള്‍മാര്‍ട്ടിനെപ്പോലൊരു ഭീമന്‍ എത്തുമ്പോള്‍ വിപണി പിടിക്കാന്‍ അവര്‍ നടത്തുന്ന ശ്രമം ചെറുതാകില്ല. ആര്‍ക്കും പ്രതിരോധിക്കാന്‍ സാധിക്കാത്ത ഇളവുകള്‍ പ്രഖ്യാപിക്കപ്പെടും. അതോടെ സാധാരണ ചില്ലറ വ്യാപാര മേഖല വലിയ പ്രതിസന്ധിയാകും നേരിടുക. കാര്‍ഷിക മേഖലയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന ആത്മഹത്യകളുടെ കണക്ക് ചില്ലറ വ്യാപാര രംഗത്തു നിന്ന് കേള്‍ക്കാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.
Posted on: May 14, 2018 6:00 am | Last updated: May 13, 2018 at 11:11 pm

ഹിന്ദുത്വവത്കരണത്തിനുള്ള അക്രമാസക്തമായ ശ്രമങ്ങളും അതിനുത്തേജനം നല്‍കും വിധത്തില്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ മടിക്കാത്ത ഭരണകൂടവും നിലനില്‍ക്കെ, ഇതുമായി നേരിട്ട് ബന്ധമില്ലാത്ത പലകാര്യങ്ങളും വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോകും. സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷം ഇല്ലാതാകുന്നുവോ എന്ന സംശയം ബലപ്പെട്ട് നില്‍ക്കെ പ്രത്യേകിച്ചും. ജനാധിപത്യ വേദികളിലൊന്നും ഇക്കാര്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരവും ഇല്ലാതാകും. സമ്പദ് വ്യവസ്ഥയുടെ അനാരോഗ്യത്തെക്കുറിച്ചോ ഭരണകൂടം പിന്തുടരുന്ന വിറ്റഴിക്കല്‍ നയത്തെക്കുറിച്ചോ പ്രതികരണങ്ങള്‍ ശോഷിച്ചുപോകുന്നത് അതുകൊണ്ട് കൂടിയാണ്. സ്വന്തം താത്പര്യങ്ങള്‍ (അത് കുത്തക കമ്പനികളുടേത് തന്നെയാണ്) തടസ്സമില്ലാതെ പ്രാബല്യത്തിലാക്കാന്‍ ഭരണകൂടത്തിന് അത് സൗകര്യമൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു.

ഭക്ഷ്യവസ്തുക്കളുടേതുള്‍പ്പെടെ ഉത്പന്നങ്ങളുടെ ഓണ്‍ ലൈന്‍ വ്യാപാരത്തില്‍ നൂറ് ശതമാനത്തോളം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനമെടുത്തത് 2016ലാണ്. ആ തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ രാജ്യമാകെ ആഘോഷിക്കപ്പെടുന്ന വാള്‍മാര്‍ട്ട് എന്ന അമേരിക്കന്‍ കുത്തക കമ്പനിയുടെ ഇന്ത്യന്‍ പ്രവേശം. ഫഌപ്കാര്‍ട്ട് എന്ന ഇന്ത്യന്‍ കമ്പനിയുടെ 77 ശതമാനം വാങ്ങിക്കൊണ്ടാണ് വാള്‍മാര്‍ട്ട് ഓണ്‍ലൈന്‍ വ്യാപാര മേഖലയിലേക്ക് പ്രവേശിക്കുന്നത്. 1600 കോടി ഡോളറിന്റെ ഇടപാട്. ഇത്രയും വലിയതുകക്ക് ഏതെങ്കിലും ഇന്ത്യന്‍ കമ്പനി ഇതിന് മുമ്പ് വിറ്റുപോയിട്ടില്ല.

ബഹുബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ (സൂപ്പര്‍ മാര്‍ക്കറ്റ് മേഖല) ഉപാധികളോടെ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിക്ഷേപിക്കുന്നതിന്റെ അമ്പത് ശതമാനം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലായിരിക്കണം, വിറ്റഴിക്കുന്ന ഉത്പന്നങ്ങളില്‍ 30 ശതമാനം ഇന്ത്യയിലെ ചെറുകിട ഉത്പാദകരില്‍ നിന്ന് സംഭരിച്ചതാകണം എന്നിവയായിരുന്നു ഉപാധികള്‍. ഇവ അംഗീകരിച്ച് രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് വാള്‍മാര്‍ട്ടോ ഈ മേഖലയില്‍ ഇന്ത്യന്‍ പ്രവേശം ആഗ്രഹിക്കുന്ന ടെസ്‌കോ, കാരിഫോര്‍ തുടങ്ങിയ വലിയ കമ്പനികളോ തയ്യാറായില്ല. ഉപാധികളില്ലാതെ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപമാണ് ഈ കമ്പനികള്‍ ആഗ്രഹിക്കുന്നത്. അവ്വിധമുള്ള തീരുമാനമെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് മേല്‍ അമേരിക്കയും മറ്റ് വികസിത രാഷ്ട്രങ്ങളും സമ്മര്‍ദം ചെലുത്തുന്നുണ്ട്. പക്ഷേ 50,000 കോടി ഡോളര്‍ മൂല്യം വരുന്ന, കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്ന ചെറുകിട ചില്ലറ വ്യാപാരികളെ തികച്ചും പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാക്കുമെന്നതിനാല്‍ മോദി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കയാണ്.

ചൂഷണത്തിന് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കാതെ, ഇന്ത്യയില്‍ നിക്ഷേപം നടത്തേണ്ട എന്ന് തീരുമാനിച്ച വാള്‍മാര്‍ട്ടിന്, ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതിലൂടെ അവസരം തുറന്നിടുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. വിദേശ കമ്പനിയായ ആമസോണിനെ, വ്യാപാരത്തില്‍ പിന്തള്ളി ഇന്ത്യന്‍ വിപണിയില്‍ മുന്നേറിയ, 17,000 കോടി രൂപയോളം കമ്പനി മൂല്യം മാത്രമുള്ള ഫഌപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നതിലൂടെ ഈ മേഖലയില്‍ ആധിപത്യമുറപ്പിക്കാനാകുമെന്ന് വാള്‍മാര്‍ട്ട് കരുതുന്നു. ഇന്ത്യന്‍ സാഹചര്യം പരിഗണിക്കുമ്പോള്‍ അതവര്‍ക്ക് അത്ര പ്രയാസമുള്ള കാര്യമല്ല. രണ്ട് ദശകത്തോളം മാത്രം പ്രായമുള്ള ഇന്ത്യയിലെ ഓണ്‍ ലൈന്‍ വ്യാപാരം, രാജ്യത്താകെ നടക്കുന്ന ചില്ലറ വില്‍പ്പനയുടെ 40 ശതമാനത്തോളം ഇതിനകം കൈയടക്കി എന്നാണ് കണക്ക്.

ഒറ്റ ബ്രാന്‍ഡിന്റെ ചില്ലറ വില്‍പ്പനയില്‍ ഇപ്പോള്‍ തന്നെ 100 ശതമാനം വിദേശ നിക്ഷേപമുണ്ട്. ആ രംഗത്തേക്ക് ഏതാണ്ടെല്ലാ വിദേശ കമ്പനികളും എത്തിക്കൊണ്ടിരിക്കുന്നു. ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ റിലയന്‍സും ബിര്‍ളയും ടാറ്റയുമൊക്കെ എത്തുകയും ചെറുകിട – ഇടത്തരം സൂപ്പര്‍ മാര്‍ക്കറ്റുകളെയൊക്കെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. ഏതാണ്ട് പത്ത് കൊല്ലം മുമ്പ് നമ്മുടെ ചുറ്റുമുണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളില്‍ എത്രയെണ്ണം ഇപ്പോഴുമുണ്ടെന്ന് ആലോചിച്ചാല്‍ മതി, ആഭ്യന്തര വന്‍കിടക്കാര്‍ ഈ രംഗത്ത് പ്രവേശിച്ചതിന്റെ ആഘാതം മനസ്സിലാക്കാന്‍. ഈ കമ്പനികള്‍ വിപണന രംഗത്ത് മാത്രമല്ല, ആധിപത്യമുറപ്പിക്കുന്നത്. ഉത്പാദന – സംഭരണ മേഖലകള്‍ കൂടി അവരുടെ കീഴിലാകുകയാണ്. വലിയ തുക മുടക്കി ആധുനിക സംഭരണശാലകള്‍ സ്ഥാപിക്കാന്‍ കഴിവുള്ളതുകൊണ്ടുതന്നെ ഇവര്‍ ഉത്പന്നങ്ങള്‍ ശേഖരിച്ച് പൂഴ്ത്തിവെക്കുകയും വിപണിയെ അവര്‍ക്ക് പരമാവധി ലാഭമുണ്ടാക്കാന്‍ പാകത്തില്‍ നിയന്ത്രിക്കുകയും ചെയ്യുകയാണ്. ഇതൊന്നും നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്നില്ല, നിയന്ത്രിക്കണമെന്ന താത്പര്യം അവര്‍ക്കൊട്ടില്ലതാനും.

ഇത് ബി ജെ പിയുടെയോ നരേന്ദ്ര മോദി സര്‍ക്കാറിന്റെയോ നയം മാത്രമല്ല. വിദേശ നിക്ഷേപമൊഴുകുകയും അതിന് അവസരമൊരുക്കും വിധത്തില്‍ രാജ്യത്തിന്റെ നയ-നിയമ വ്യവസ്ഥകള്‍ മാറുകയും ചെയ്യാതെ വികസനമുണ്ടാകില്ലെന്ന് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരത്തെ തിരിച്ചറിഞ്ഞതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അവരെടുത്ത നടപടികള്‍ ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്തുവെന്ന ആക്ഷേപം ശക്തമാണ്. ഇറക്കുമതി ഉദാരമായതോടെ കമ്പോളത്തില്‍ മത്സരിക്കാന്‍ സാധിക്കാതെ രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ കിതക്കുകയോ തളരുകയോ ചെയ്തു. കാര്‍ഷികോത്പന്നങ്ങള്‍ക്ക്, ഉത്പാദനച്ചെലവിനൊക്കുന്ന വില ലഭിക്കാതെ കര്‍ഷകര്‍ ആത്മാഹുതിയില്‍ അഭയം പ്രാപിച്ചു. പരുത്തി മുതല്‍ നെല്ല് വരെയും റബ്ബര്‍ മുതല്‍ തേയില വരെയുമുള്ള കാര്‍ഷികോത്പന്നങ്ങളുടെ സ്ഥിതി ഇതാണ്.

മഹാരാഷ്ട്രയിലും ആന്ധ്രയിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലുമൊക്കെ കര്‍ഷകര്‍, കടക്കെണിയില്‍ നിന്ന് രക്ഷ നേടാന്‍ ജീവനൊടുക്കല്‍ ഉപാധിയാക്കുന്നത് തുടരുകയാണ്. ആഭ്യന്തര കുത്തകകള്‍ക്കൊപ്പം ഓണ്‍ലൈന്‍ വ്യാപാരത്തിനെത്തുന്ന വാള്‍മാര്‍ട്ട് കൂടി കാര്‍ഷികോത്പന്ന സംഭരണത്തിന് ശ്രമം തുടങ്ങിയാല്‍, ഉത്പന്ന വില ഉയരുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. മത്സരിച്ച് വാങ്ങാന്‍ ആളുണ്ടാകുമ്പോള്‍ വില ഉയരുമെന്നതാണ് ലളിതമായ സാമ്പത്തിക ശാസ്ത്രം. മുന്‍കൂറായി ഉറപ്പിക്കുന്ന ചെറിയ വിലയ്ക്ക് ഇത്തരം കമ്പനികള്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നുവെന്നതാണ് രാജ്യത്തെ അനുഭവം. സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്ന താങ്ങുവിലക്കായി കാത്തിരിക്കേണ്ടിവരുന്ന കര്‍ഷകര്‍, കിട്ടുന്ന വിലയ്ക്ക് ഉത്പന്നം വില്‍ക്കുന്നതാണ് നിലവിലുള്ള രീതി. പുതിയ കളിക്കാരന്‍ കൂടി എത്തുന്നതോടെ ഇത്തരം വാങ്ങലുകളുടെ വേഗം കൂടും, അതിനനുസരിച്ച് ഉത്പന്നത്തിന്റെ വില കുറയുകയും ചെയ്യും.

വലിയ വിലക്കുറവ് പ്രഖ്യാപിച്ചാണ് ഓണ്‍ ലൈന്‍ വ്യാപാരികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഉത്പാദകരില്‍ നിന്ന്, രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഗോഡൗണുകളിലെത്തിക്കുന്ന ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുകൊടുക്കുക എന്നതാണ് രീതി. സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും വിതരണ ശൃംഖലയൊരുക്കുന്നതിനും മാത്രമാണ് ഇവര്‍ക്ക് ചെലവ്. ഉത്പന്നങ്ങള്‍ പല കൈമറിഞ്ഞാണ് സാധാരണ ചില്ലറ വ്യാപാരികളുടെ കൈവശം എത്തുക. ഓരോ കൈമറിയലിലും ലാഭമെടുക്കലുണ്ടാകുമെന്നതിനാല്‍ അതിനനുസരിച്ച് വില ഈടാക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഓണ്‍ ലൈന്‍ വ്യാപാരികള്‍ക്ക് ആ പ്രശ്‌നമില്ല. അതുകൊണ്ടാണ് വില കുറച്ചു നല്‍കി, വിപണിയില്‍ ആധിപത്യമുറപ്പിക്കുന്നതിനൊപ്പം ഫഌപ്കാര്‍ട്ട് വലിയ ലാഭമുണ്ടാക്കിയത്. വാള്‍മാര്‍ട്ടിനെപ്പോലൊരു ഭീമന്‍ എത്തുമ്പോള്‍ വിപണി പിടിക്കാന്‍ അവര്‍ നടത്തുന്ന ശ്രമം ചെറുതാകില്ല. ആര്‍ക്കും പ്രതിരോധിക്കാന്‍ സാധിക്കാത്ത ഇളവുകള്‍ പ്രഖ്യാപിക്കപ്പെടും. അവര്‍ സ്വാധീനമുറപ്പിക്കുന്നതോടെ സാധാരണ ചില്ലറ വ്യാപാര മേഖല വലിയ പ്രതിസന്ധിയെയാകും നേരിടുക. അവിടെ നിന്ന് പുറംതള്ളപ്പെടുന്നവര്‍, മറ്റ് തൊഴിലുകള്‍ കണ്ടെത്താന്‍ സാധിക്കാതെ വലയും. കാര്‍ഷിക മേഖലയില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്ന ആത്മഹത്യകളുടെ കണക്ക് ചില്ലറ വ്യാപാര രംഗത്തു നിന്ന് കേള്‍ക്കാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. പ്രാദേശിക ചില്ലറ വില്‍പ്പന ശാലകളിലേക്ക് ഉത്പന്നങ്ങളെത്തിക്കുന്ന ഇടത്തരം – ചെറുകിട വ്യവസായങ്ങളും മുരടിക്കുമെന്നുറപ്പ്.

ഇവ്വിധം വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിനും ഊര്‍ജിതമായി ശ്രമിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, എം ടി എന്‍ എല്‍, ടെലിക്കമ്മ്യൂണിക്കേഷന്‍സ് കണ്‍സല്‍ട്ടന്‍സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങി പതിനൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിയാണ് വിറ്റഴിക്കാന്‍ നിതി ആയോഗ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് നവരത്‌ന പട്ടികയില്‍പ്പെട്ട പൊതുമേഖലാ സ്ഥാപനമാണ്. ഈ കമ്പനിയുടെ അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കാന്‍ ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് തീരുമാനിച്ചപ്പോള്‍, അന്ന് സര്‍ക്കാറിനെ പുറമെ നിന്ന് പിന്തുണച്ചിരുന്ന ഇടത് പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. 2017 – 18 സാമ്പത്തിക വര്‍ഷത്തില്‍ 496 കോടി ലാഭമുണ്ടാക്കിയ കമ്പനിയുടെ ഓഹരി വിറ്റഴിക്കുന്നതിന് ഒരൊറ്റ യുക്തിയേ കേന്ദ്ര സര്‍ക്കാറിനുള്ളൂ. ധനക്കമ്മി കുറച്ചു കൊണ്ടുവരുന്നതിനും ബുള്ളറ്റ് ട്രെയിന്‍ പോലെ ഇന്ത്യയില്‍ പ്രായോഗികമല്ലാത്ത പദ്ധതികള്‍ക്ക് പണം കണ്ടെത്താനും ഇതല്ലാതെ മാര്‍ഗമില്ലെന്ന്!

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കള്ളപ്പണമൊന്നാകെ ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട സര്‍ക്കാര്‍, ആദായ നികുതിയിനത്തില്‍ കൂടുതല്‍ പണം ട്രഷറിയിലേക്ക് എത്തിയെന്ന് അവകാശപ്പെട്ടിരുന്നു. പെട്രോളും ഡീസലുമടക്കം ഇന്ധനങ്ങള്‍ക്കൊക്കെ കസ്റ്റംസ് ഡ്യൂട്ടി കുത്തനെ ഉയര്‍ത്തിയത് വഴിയും വലിയ തുക കേന്ദ്ര ഖജാനയിലേക്ക് എത്തുന്നു. എന്നിട്ടും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് പണമുണ്ടാക്കേണ്ട അവസ്ഥയാണ് സര്‍ക്കാറിനെങ്കില്‍ ധനകാര്യ മാനേജുമെന്റ് എന്നൊരു സംഗതി തന്നെ നരേന്ദ്ര മോദി സര്‍ക്കാറിന് അറിയില്ലെന്ന് കരുതേണ്ടിവരും.

സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നത്, സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഒരു കാരണമാണ്. സംഘര്‍ഷങ്ങളുടെ അന്തരീക്ഷം വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമം സുഖകരമാക്കും. ഭരണകൂടത്തിനെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ രാജ്യത്തോടുള്ള എതിര്‍പ്പായി വ്യാഖ്യാനിച്ച് അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനും സാധിക്കും. അതുകൂടി ഉദ്ദേശിക്കുന്നുണ്ടാകും മോദി ഭരണകൂടം.