ഫുട്‌ബോള്‍ താരങ്ങളെ കുരുന്നു ബാലന്‍ ഇന്റര്‍വ്യൂ ചെയ്തു

Posted on: May 13, 2018 10:07 pm | Last updated: May 13, 2018 at 10:07 pm
ഐസിന്‍ ഹാഷ് ഫുട്‌ബോള്‍ കളിക്കാരെ ഇന്റര്‍വ്യൂ ചെയ്യുന്നു

ദുബൈ: ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ലിവര്‍പൂള്‍ ക്യാപ്റ്റനുമായ സ്റ്റീവന്‍ ജറാഡിനേയും ഗാരി മക്കലിസ്റ്റെറിനെയും ദുബൈയിലെ മലയാളി കൊച്ചു കുട്ടി ഐസിന്‍ ഹാഷ് ഇന്റ്റര്‍വ്യൂ ചെയ്തു. ലിവര്‍പൂള്‍ എഫ് സി സ്‌പോണ്‍സറായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബേങ്കിനു വേണ്ടിയാണ് ഇന്റര്‍വ്യൂ നടത്തിയത്. വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളില്‍നിന്നാണ് അഞ്ച് വയസു കഴിഞ്ഞ ഐസിനെ തിരഞ്ഞെടുത്തത്.

ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളില്‍ ഒരാളായ മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ദീഘകാലം ലിവര്‍പൂള്‍ ക്യാപ്റ്റനുമായിരുന്ന സ്റ്റീവന്‍ ജറാഡ്. ലിവര്‍പൂളിന്റെ പഴയകാല താരവും ഇപ്പോള്‍ ടീമിന്റെ അംബാസഡറുമായ ഗാരി മക്കലിസ്റ്റും ചില്ലറക്കാരനല്ല. ഇന്റര്‍വ്യൂ ചെയ്തത് മലപ്പുറം സ്വദേശിയായ ആറ് വയസ്സുകാരന്‍ ഐസിന്‍ ഹാഷ് അവസരം മുതലാക്കുക തന്നെ ചെയ്തു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയ ലിവര്‍പൂളിന്റെ ഫാന്‍സ് കഌബായ എല്‍ എഫ് സി വേള്‍ഡിന്റെ പ്രചാരണാര്‍ഥം ദുബൈയില്‍ എത്തിയതായിരുന്നു താരങ്ങള്‍. ഈ അവസരത്തിനായി അപേക്ഷിച്ച വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളില്‍നിന്നാണ് മലയാളിയായ ഐസിനെ തിരഞ്ഞെടുത്തത്. അഹമ്മദ് എന്ന കഥാപാത്രമായി വരുന്ന അഭിമുഖത്തിന്റെ ടീസര്‍ വീഡിയോ ലിവര്‍പൂളിന്റെ ഒഫീഷ്യല്‍ ട്വിറ്ററിലും, ബാങ്കിന്റെ ഒഫീഷ്യല്‍ പേജിലും പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഇന്റര്‍വ്യൂ വീഡിയോ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും.

ദുബൈയില്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍- മൂത്തേടം സ്വദേശിയായ ഹാഷ് ജവാദിന്റെയും, കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടില്‍ നസീഹയുടെയും മകനാണ് കെ ജി വിദ്യാര്‍ഥിയായ ഐസിന്‍. യു എ യിലെ പ്രമുഖ കിഡ് മോഡല്‍ കൂടിയാണ് ഐസിന്‍. ഐകിയ, ഡു മൊബൈല്‍, പീഡിയഷുവര്‍, ബേബി ഷോപ്പ്, കാപ്രിസണ്‍ ജ്യൂസ് തുടങ്ങിയ ഒരു ഡസനിലേറെ ലോകോത്തര ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഷട്ടര്‍ സ്റ്റോക്കിനുവേണ്ടി ഇറ്റാലിയന്‍ ഫോട്ടോഗ്രാഫേഴ്സായ ഫാബിയോ, ക്രിസ്റ്റിയാനോ എന്നിവര്‍ 2018 ലെ മിഡില്‍ ഈസ്റ്റ് കിഡ് മോഡലായി തിരഞ്ഞെടുത്തതും ഐസിനെയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഐ ഫോണിനുവേണ്ടി കരഞ്ഞ ഒരു വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ ഐസിന്‍ ഹാഷ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ്.