Connect with us

International

ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേറാക്രമണം

Published

|

Last Updated

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേറാക്രമണത്തില്‍ പതിമൂന്ന് മരണം. നാല്‍പ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബയയില്‍ പ്രാദേശിക സമയം രാവിലെ 7.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഒരു കുടുംബത്തിലെ ആറ് പേരാണ് മൂന്ന് പള്ളികളിലായി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തു.

പള്ളിയില്‍ ഞായറാഴ്ച നടന്ന പ്രാര്‍ഥനകള്‍ക്കിടെയാണ് ആക്രമണം. മാതാവും രണ്ട് മക്കളുമാണ് ഒരു പള്ളിയില്‍ ആക്രമണം നടത്തിയത്. 2005 ഒക്‌ടോബറിന് ശേഷം ഇന്തോനേഷ്യയിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെയുണ്ടായത്.

ഇസിലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ജമാ അന്‍ഷൗറത്ത് ദൗല (ജെ എ ഡി) എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് മേധാവി ടിറ്റോ കര്‍ണാനിയന്‍ പറഞ്ഞു. ജെ എ ഡിയെ യു എസ് വിദേശകാര്യ വകുപ്പ് തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈയിടെ സിറിയയില്‍ നിന്ന് മടങ്ങിയെത്തിയ അഞ്ഞൂറോളം കുടുംബങ്ങളില്‍ ഒന്നാണിതെന്ന് പോലീസ് പറഞ്ഞു.

ഒന്നാമത്തെ പള്ളിയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയുടെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റിയത് ഗൃഹനാഥനാണ്. മറ്റൊരു പള്ളിയില്‍ മാതാവും ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമാണ് സ്‌ഫോടനം നടത്തിയത്. പതിനാറും പതിനെട്ടും വയസ്സുള്ള ആണ്‍കുട്ടികളാണ് മൂന്നാമത്തെ പള്ളിയില്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ച് ബൈക്കില്‍ പള്ളിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.