Connect with us

International

ഇസില്‍ വീണ ശേഷം ഇതാദ്യമായി ഇറാഖികള്‍ ബൂത്തില്‍

Published

|

Last Updated

ബഗ്ദാദ്: ഇസില്‍ തീവ്രവാദികള്‍ക്കെതിരെ സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ച ശേഷം ഇതാദ്യമായി നടക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇറാഖീ ജനത വോട്ട് ചെയ്തു. വോട്ടിംഗ് പൂര്‍ത്തിയായി 48 മണിക്കൂറിനകം ഫലം പുറത്ത് വരും. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് ആറ് മണിക്ക് സമാപിച്ചു. വോട്ടിംഗ് ശതമാനം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. 24. 5 ദശലക്ഷമാണ് മൊത്തം വോട്ടര്‍മാര്‍.

ഉയര്‍ന്ന നിലയില്‍ ജനങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രധാന നഗരങ്ങളില്‍ പോളിംഗിനെ ബാധിച്ചു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇടപെട്ട് ചിലയിടങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിരുന്നു.
ഭരണ കക്ഷിക്ക് ശക്തമായ തിരിച്ചടിയായിരിക്കും വംശീയ യാഥാര്‍ഥ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്ന് ചില വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സുന്നീ വിഭാഗത്തെ കൂടി ഉള്‍ക്കൊള്ളാനായി ശിയാ പ്രധാനമന്ത്രിയായ അബാദി നടത്തിയ ശ്രമങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നണ് മറുപക്ഷം പറയുന്നത്. സുന്നി ന്യൂനപക്ഷത്തെ കൂടി കണക്കിലെടുത്തു കൊണ്ട് മാത്രമേ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകൂ എന്ന നിലപാടാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ അബാദി മുന്നോട്ട് വെച്ചത്.

അഴിമതി, ദാരിദ്ര്യം, സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയവ സര്‍ക്കാറിനെ തിരിഞ്ഞു കുത്തുന്നുണ്ട്. ഇസില്‍ ഉന്‍മൂലനത്തിന്റെ പേരില്‍ ഇപ്പോള്‍ രാജ്യത്തുള്ള യു എസ് സൈനികരോട് ഭാവിയിലെ സമീപനമെന്തായിരിക്കുമെന്നതും തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. മൊത്തം 6,990 സ്ഥാനാര്‍ഥികളാണ് ഗോദയിലുള്ളത്. 87 പാര്‍ട്ടികളില്‍ നിന്നാണ് ഇവര്‍. ഇതില്‍ 2011 പേര്‍ വനിതാ സ്ഥാനാര്‍ഥികളാണ്. മൊത്തം സീറ്റിന്റെ 25 ശതമാനം (83) വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ഒമ്പത് സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവെച്ചവയാണ്.
സ്ഥാനാര്‍ഥികളെ പ്രധാനമായും മൂന്ന് പട്ടികകളായി തരംതിരിക്കാവുന്നതാണ്. ശിയാ, സുന്നി, കുര്‍ദ് എന്നിങ്ങനെയാണ് അവ. 2005ന് ശേഷം ശിയാ പാര്‍ട്ടികള്‍ക്കാണ് മുന്‍തൂക്കം. ഇലക്‌ട്രോണിക് വോട്ടിംഗ് മേഷീനുകളാണ് ഉപയോഗിക്കുന്നത്. കള്ളവോട്ട് തടയുന്നതിനും വോട്ടെണ്ണല്‍ വേഗത്തിലാക്കുന്നതിനും ഇത് ഉപകാരപ്രദമാണെന്ന് തിരഞ്ഞെടുപ്പ് നടത്താന്‍ നിയോഗിക്കപ്പെട്ട സ്വതന്ത്ര ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

അല്‍ അബാദിയുടെ നസ്‌റ് സഖ്യവും മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിയുടെ ദൗലത് അല്‍ ഖാനൂന്‍ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. ഇവ രണ്ടും ശിയാ സഖ്യങ്ങളാണ്. പ്രമുഖ ശിയാ പണ്ഡിതന്‍ മുഖ്താദാ അല്‍ സദ്‌റിന്റെ സൈറൂണ്‍ സഖ്യവും സജീവമായി രംഗത്തുണ്ട്. ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ സഖ്യത്തിലാണ്.

Latest