അമ്മനിലാവില്‍ സ്‌നേഹം നിറച്ച് അവര്‍ ഒത്ത്കൂടി

Posted on: May 12, 2018 9:39 am | Last updated: May 12, 2018 at 9:39 am
അമ്മനിലാവ് പരിപാടി ബലൂണ്‍ പറത്തി പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പരിമിതികള്‍ മറന്ന് അവര്‍ എല്ലാവരുടെയും സ്‌നേഹ സാമീപത്തിനായി ഓത്തൊരുമിച്ച് കൂടി.
മലപ്പുറം ടൗണ്‍ഹാളിലാണ് ഇന്നലെ ഭിന്ന ശേഷിക്കാരായ കുരുന്നുകളെയും അമ്മമാരെയും ആദരിച്ചത്. ജനപ്രതിനിധികളും കലക്ടറും യുവാക്കളുമെല്ലാം ഇവരുടെ കൂടെ ചെലവഴിച്ചപ്പോള്‍ കുരുന്നുകളെ ആഹ്ലാദഭരിതമാക്കി. ഭിന്ന ശേഷിക്കാരായ കുരുന്നുകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ എല്ലാവരും സന്നദ്ധമാകണമെന്നും.

പരിഗണന നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ സമൂഹം തയ്യാറാകണമെന്നും സംഗമം വിളിച്ചോതി. പുല്ലാകുഴല്‍ വിദഗ്ധന്‍ രാജേഷിന്റെ സംഗീത വിരുന്നും കുരുന്നുകളില്‍ ആവേശമാക്കി, റിച്ച് അങ്ങാടിപ്പുറവും ജില്ലാ ഭരണകുടവും പരിവാറിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘എല്ലാ അമ്മമാരും തുല്യരാണ് ചിലര്‍ അമുല്യരാണ് ‘ എന്ന പേരിലാണ് പരിപാടി നടന്നത്. 80 ഓളം ഭിന്ന ശേഷിക്കാരായ കുരുന്നുകള്‍ ചടങ്ങില്‍ സംബന്ധിച്ചു.

സംഗമം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരായ കുരുന്നുകളിലെ വ്യത്യസ്തമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യാതിഥിയായിരുന്നു.