National
ഗുജറാത്ത് വംശഹത്യക്കിടയിലെ ഓഡെ കലാപം: മൂന്ന് പേരെ ഹൈക്കോടതി വെറുതെവിട്ടു, ബാക്കിയുള്ളവരുടെ ശിക്ഷ ശരിവെച്ചു

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ അരങ്ങേറിയ ഓഡെ കലാപ കേസില്‍ വിചാരണ കോടതി 19 പേരെ ശിക്ഷിച്ച വിധി ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി. അതേസമയം, മൂന്ന് പേരെ വെറുതെവിട്ടിട്ടുണ്ട്. ഓഡെ കലാപത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്.
വിചാരണ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ അഖില്‍ കുറേശിയും ബി എന്‍ കാരിയയും ഉള്‍പ്പെട്ട ബഞ്ച്, ശിക്ഷിക്കപ്പെട്ടവരില്‍ 14 പേരുടെ ജീവപര്യന്തവും അഞ്ച് പേര്‍ക്കുള്ള ഏഴ് വര്‍ഷ തടവുശിക്ഷയും ശരിവെക്കുകയായിരുന്നു. എസ് ഐ ടി കോടതി ജീവിതാന്ത്യം വരെ ജയില്‍ശിക്ഷ വിധിച്ച മറ്റ് മൂന്ന് പേരെ വെറുതെവിട്ടു. ദിലീപ് പട്ടേല്‍, ലാല്‍ജി പട്ടേല്‍, നാഥുഭായ് പട്ടേല്‍ എന്നിവരെയാണ് വെറുതെവിട്ടത്. വിചാരണ കോടതി 23 പേരെ വെറുതെവിട്ടതും ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. എസ് ഐ ടി കോടതി 2012ല്‍ 23 പേരെ ശിക്ഷിക്കുകയും 23 പേരെ വെറുതെവിടുകയായിരുന്നു. മൊത്തം 47 പേരായിരുന്നു പ്രതിസ്ഥാനത്ത്. 23ല്‍ 18 പേര്‍ക്ക് ജീവിതാന്ത്യം വരെ ജയിലും ബാക്കിയുള്ളവര്‍ക്ക് ഏഴ് വര്‍ഷത്തെ തടവുശിക്ഷയുമാണ് വിധിച്ചത്. ജീവിതാന്ത്യം വരെ ശിക്ഷിക്കപ്പെട്ട ഒരാള്‍ ഇതിനിടെ മരിച്ചു. മറ്റൊരാള്‍ എസ് ഐ ടി കോടതിയിലെ വിചാരണക്കിടെയും മരിച്ചിരുന്നു.
കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ജീവപര്യന്തം ലഭിച്ച പ്രതികള്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ശക്തമായ ശിക്ഷയുമാണ് ആവശ്യപ്പെട്ടിരുന്നത്. വിചാരണ കോടതി വെറുതെവിട്ട 23 പേരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
2002 മാര്‍ച്ച് ഒന്നിന് ആനന്ദ് ജില്ലയിലെ ഓഡെ നഗരത്തിലെ പീര്‍വാലി ഭാഗോല്‍ പ്രദേശത്ത് 23 മുസ്‌ലിംകളെ ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.