വെസ്റ്റ്ഹാമിനെതിരെ സമനില; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാമത്

രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന വ്യക്തിയല്ല ഞാന്‍. എന്റെ ഫുട്‌ബോള്‍ ചരിത്രം അതല്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും - മൗറിഞ്ഞോ
Posted on: May 12, 2018 6:06 am | Last updated: May 12, 2018 at 12:11 am
വെസ്റ്റ്ഹാമിന്റെ മാര്‍ക് നോബിളും മാഞ്ചസ്റ്ററിന്റെ പോള്‍ പോഗ്ബയും കൈയ്യാങ്കളിയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മുപ്പത്തേഴാം റൗണ്ടില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനോട് ഗോളില്ലാ കളിയില്‍ പിരിഞ്ഞ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 78 പോയിന്റിലെത്തി. മൂന്നാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിന് 74 പോയിന്റാണുള്ളത്. അവസാന മത്സരം മാഞ്ചസ്റ്റര്‍ തോറ്റാലും ടോട്ടനം ഹോസ്പറിന് അവരെ മറികടക്കാന്‍ സാധിക്കില്ല. രണ്ടാം സ്ഥാനം നേടിയത് താന്‍ ആഘോഷിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൗറിഞ്ഞോ വ്യക്തമാക്കി. ഗ്രൗണ്ട് ചുറ്റും ചാടി നടന്ന് ആഹ്ലാദം പ്രകടിപ്പിക്കാന്‍ തയ്യാറല്ല.

ഫുട്‌ബോളില്‍ തന്റെ ചരിത്രം അതല്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും. ഒന്നാം സ്ഥാനത്തെത്തുമ്പോള്‍ മാത്രം ആഹ്ലാദപ്രകടനം – മൗറീഞ്ഞോ മാധ്യമങ്ങളോട് പറഞ്ഞു. വിരസമായ മത്സരത്തിലെ തീപ്പൊരി ദൃശ്യം വെസ്റ്റ്ഹാമിന്റെ മിഡ്ഫീല്‍ഡര്‍ മാര്‍ക് നോബിളും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയും കൊമ്പുകോര്‍ത്തതാണ്. രണ്ട് പേര്‍ക്കും റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. എന്നാല്‍, മത്സരശേഷം രണ്ട് പേരും കൈകൊടുത്ത്, കെട്ടിപ്പിടിച്ച്, ഷര്‍ട്ട് കൈമാറിയാണ് പിരിഞ്ഞത്.

മത്സരശേഷം കൈയ്യാങ്കളിക്കാര്‍ കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിടുന്നു

വാശിയേറിയ മത്സരത്തില്‍ ഇതെല്ലാംസ്വാഭാവികം. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗ്രൗണ്ടില്‍ വെച്ച് തന്നെ പറഞ്ഞ് തീര്‍ത്തത് നല്ല പ്രവണതയാണ് – മാഞ്ചസ്റ്റര്‍ കോച്ച് മൗറിഞ്ഞോ പറഞ്ഞു.വെസ്റ്റ്ഹാം കോച്ച് ഡേവിഡ് മോയസ് തന്റെ മുന്‍ ക്ലബ്ബിനെതിരെ സമനില നേടിയതില്‍ സംതൃപ്തനാണ്. ലീഗില്‍ 39 പോയിന്റുമായി വെസ്റ്റ്ഹാം പതിനഞ്ചാം സ്ഥാനത്താണ്. തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് വെസ്റ്റ്ഹാമിനെ കരകയറ്റി പ്രീമിയര്‍ ലീഗില്‍ നിലനിര്‍ത്താന്‍ സാധിച്ചത് ഡേവിഡ് മോയസിന്റെ മിടുക്കാണ്.

എഫ് എ കപ്പിനുള്ള തയ്യാറെടുപ്പ്

ഏപ്രില്‍ 15ന് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ ലീഗില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റ് തന്നെ ധാരാളം. അതുകൊണ്ട്, വെസ്റ്റ്ഹാമിനെതിരെ കോച്ച് ജോസ് മൗറിഞ്ഞോ പരീക്ഷ നിരയെയാണ് ഇറക്കിയത്. ഈ മാസം പത്തൊമ്പതിന് വെംബ്ലിയില്‍ നടക്കുന്ന എഫ് എ കപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പ്. ചെല്‍സിയാണ് എതിരാളി. പ്രീമിയര്‍ ലീഗില്‍ പിന്തള്ളപ്പെട്ടതിനാല്‍ ചെല്‍സിക്കും എഫ് എ കപ്പ് അനിവാര്യം.

സീസണില്‍ ഒരു കപ്പെങ്കിലും ഇല്ലാതെ മൗറിഞ്ഞോക്കും ഉറക്കം കിട്ടില്ല. ബ്രൈറ്റനെതിരെ അപ്രതീക്ഷിത തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് ആ ടീമില്‍ കളിച്ച എട്ട് പേരെ മാറ്റിയാണ് വെസ്റ്റ്ഹാമിനെതിരെ മൗറിഞ്ഞോ സ്റ്റാര്‍ട്ടിംഗ് ലൈനപ്പ് തയ്യാറാക്കിയത്.
ഫില്‍ ജോണ്‍സ്, അലെക്‌സിസ് സാഞ്ചസ്, ലൂക് ഷാ എന്നിവര്‍ തിരിച്ചെത്തി.