കൈക്കൂലി ഇടപാട്: വീഡിയോ ദൃശ്യത്തില്‍ നടുങ്ങി ബി ജെ പി

Posted on: May 12, 2018 6:02 am | Last updated: May 11, 2018 at 11:59 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് പുറത്തുവിട്ട ഒളി ക്യാമറ വീഡിയോ ദൃശ്യത്തിന്റെ നടുക്കം വിട്ടുമാറാതെ ബി ജെ പി. ഖനി അഴിമതിയില്‍ കുടുങ്ങിയ റെഡ്ഢി സഹോദരങ്ങള്‍ക്ക് അനുകൂല വിധി പറയാന്‍ സുപ്രീം കോടതി ജഡ്ജിയുടെ അനന്തരവനുമായി ബി ജെ പി സ്ഥാനാര്‍ഥി ബി ശ്രീരാമലു വിലപേശല്‍ നടത്തുന്ന വീഡിയോയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ജനാര്‍ദന റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള ഒബാലപുരം ഖനി കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ അനുകൂല വിധി പറയുന്നതിന് 2010ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീരഞ്ജനുമായി ശ്രീരാമലു വിലപേശല്‍ നടത്തുന്ന വീഡിയോയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. കോടികളുടെ ഖനി അഴിമതി നടത്തിയ റെഡ്ഢി സഹോദരന്മാരെ രക്ഷിക്കാന്‍ കോടികളാണ് ശ്രീരാമലു വാഗ്ദാനം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2009ല്‍ റെഡ്ഢി സഹോദരന്മാരുടെ കമ്പനിയെ ഖനനം നടത്തുന്നതില്‍ നിന്നും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഹൈക്കോടതി ഈ ഉത്തരവ് മരവിപ്പിച്ചു. തുടര്‍ന്ന് ആന്ധ്രാ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2010 മേയ് 10ന് റെഡ്ഢി സഹോദരന്മാര്‍ക്ക് അനുകൂലമായി കോടതി വിധിച്ചു. ഇതിന്റെ പിറ്റേന്നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും കെ ജി ബാലകൃഷ്ണന്‍ വിരമിച്ചത്.

അനധികൃതമെന്ന് തെളിഞ്ഞിട്ടും കല്‍ക്കരി ഖനനം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അനുകൂല വിധി പറയാന്‍ 500 കോടിയാണ് ജഡ്ജി ആവശ്യപ്പെട്ടത്. എന്നാല്‍ 100 കോടിയില്‍ കരാര്‍ ഉറപ്പിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, ആരോപണങ്ങള്‍ ബി ജെ പിയും കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീരഞ്ജനും നിഷേധിച്ചു. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് പറയാന്‍ ബി ജെ പി ഫോറന്‍സിക് വിദഗ്ധരാണോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിച്ചു. ഈ വീഡിയോയുടെ ആധികാരികത ഇതുവരെയും തെളിഞ്ഞിട്ടില്ല.