Connect with us

Kerala

സംസ്ഥാനത്തേക്ക് എട്ട് മാസത്തിനിടെ ഇറക്കിയത് കോടികളുടെ അനധികൃത ബിയര്‍

Published

|

Last Updated

കൊച്ചി: മള്‍ട്ടിനാഷനല്‍ മദ്യക്കമ്പനി സംസ്ഥാന ബിവറേജ് കോര്‍പറേഷനെ പറ്റിച്ച് സംസ്ഥാനത്ത് ഒഴുക്കിയത് കോടികളുടെ ബിയര്‍. കേരളാ സ്റ്റേറ്റ് ബെവേറേജ് കോര്‍പറേഷനിലെ(കെ എസ് ബി സി) ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അഴിമതി നടന്നത്. അഴിമതി പുറത്തായതോടെ ബിവറേജ് കോര്‍പറേഷന്‍ മദ്യക്കമ്പനിക്ക് 75 ലക്ഷം രൂപ പിഴയിട്ടു. അഴിമതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് കോര്‍പറേഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണത്തിലൂടെ മാത്രമേ സംസ്ഥാനത്ത് എത്ര കോടിയുടെ ബിയര്‍ ഇറക്കുമതി ചെയ്‌തെന്ന് വ്യക്തമാകൂ.

മള്‍ട്ടിനാഷനല്‍ കമ്പനിയായ സാബ് മില്ലറാണ് പെര്‍മിറ്റില്‍ തിരിമറി നടത്തി ബിയര്‍ ഇറക്കുമതി ചെയ്തത്. ഇവരുടെ ബിയറുകള്‍ക്ക് സംസ്ഥാനത്ത് ക്ഷാമം ഉണ്ടാകാതിരിക്കാനാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുള്ള അനധികൃത ഇറക്കുമതി. പെര്‍മിറ്റിനത്തില്‍ സംസ്ഥാനത്തിന് കിട്ടേണ്ട തുകയാണ് ഉദ്യോഗസ്ഥരുടെ അഴിമതിയിലൂടെ നഷ്ടമായത്. ബിയര്‍ വിതരണം ചെയ്യുന്നതിന് കേരളാ സ്റ്റേറ്റ് ബിവറേജ് കോര്‍പറേഷനില്‍ നിന്നാണ് പെര്‍മിറ്റ് എടുക്കേണ്ടത്. നിശ്ചിത തുക ഇതിനായി കെട്ടിവെക്കണം. ബിവറേജ് കോര്‍പറേഷന്‍ മദ്യക്കമ്പനികളുടെ നിര്‍മാണ ശേഷിക്കനുസരിച്ചാണ് ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

തിരുവനന്തപുരത്തുള്ള നെടുമങ്ങാട് വേര്‍ഹൗസില്‍ പെര്‍മിറ്റില്‍ കൃത്രിമം കാണിക്കുന്നതിനിടെയാണ് ഇവര്‍ പിടിക്കപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കമ്പനി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് മാസമായിട്ട് സാബ് മില്ലര്‍ കമ്പനി പെര്‍മിറ്റുകളില്‍ കൃത്രിമം കാണിച്ച് കോടിക്കണക്കിന് രൂപയുടെ ബിയറാണ് കേരളത്തിലേക്ക് ഇറക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബിവറേജ് കോര്‍പറേഷനില്‍ നിന്ന് പെര്‍മിറ്റ് എടുത്തശേഷം അത് വേര്‍ഹൗസുകളില്‍ കൊണ്ടു ചെന്ന് കൊടുത്തശേഷമാണ് കമ്പനികള്‍ക്ക് ബിയര്‍ ഇറക്കാന്‍ അനുമതിയുള്ളൂ. ബിയര്‍ കൊണ്ടുവരുന്ന വണ്ടിയുടെ നമ്പര്‍, ബിയര്‍ കെയ്‌സുകളുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടാണ് വേര്‍ഹൗസില്‍ പെര്‍മിറ്റ് സ്വീകരിക്കുക. കൂടുതല്‍ ലോഡ് ഇറക്കണമെങ്കില്‍ കൂടുതല്‍ പെര്‍മിറ്റുകളെടുക്കണം. എന്നാല്‍ പെര്‍മിറ്റിന്റെ കോപ്പിയെടുത്തശേഷം ഒറിജിനല്‍ കൈവശം വെച്ചുകൊണ്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.

സംസ്ഥാനത്ത് 22 വേര്‍ഹൗസുകളാണ് ബിവറേജ് കോര്‍പറേഷനുള്ളത്. ഇവിടത്തെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയല്ലാതെ ഇടപാട് നടത്താനാകില്ല. അതിനാലാണ് ആഭ്യന്തര അന്വേഷണത്തിന് ബിവറേജ് കോര്‍പറേഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത്തരത്തില്‍ മറ്റേതെങ്കിലും മദ്യ ക്കമ്പനിയും പെര്‍മിറ്റില്‍ കൃത്രിമം കാണിച്ച് ബിയറോ മദ്യമോ ഇറക്കുമതി ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല. അന്വേഷണം പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

sijukm707@gmail.com

Latest