Connect with us

Articles

റേഷന്‍ കടയില്‍ ഇ-പോസ് സംവിധാനം വന്നപ്പോള്‍

Published

|

Last Updated

നാട്ടിലെ ഒരു റേഷന്‍ ഷോപ്പ്. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് ബില്ല് കൊടുക്കില്ല. ബില്ലെഴുത്തും സാധനം കൊടുക്കലും ഒരുമിച്ച് കഴിയില്ലെന്ന വിശദീകരണം. ഒരു കഷ്ണം കടലാസില്‍ സാധനവില കൂട്ടിനല്‍കി അരിയും സാധനങ്ങളും നല്‍കി പണം വാങ്ങിവെക്കും. ബില്ല് വേണമെന്ന് നിര്‍ബന്ധിച്ചാല്‍ കടയുടമയുടെ സ്ഥിരം നമ്പറുണ്ട്. “ഞാന്‍ ഈ പരിപാടി നിര്‍ത്താന്‍ പോകുകയാണ്. നിങ്ങളൊക്കെ ഇനി റേഷനുവേണ്ടി കുറേ ദൂരം സഞ്ചരിക്കേണ്ടിവരും”. ഇങ്ങനെ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും റേഷന്‍ കട അദ്ദേഹം തന്നെയാണ് നടത്തുന്നത്. നാട്ടുകാര്‍ റേഷന്‍ വാങ്ങുന്നതും അവിടെനിന്നുതന്നെ. മറ്റൊരു ഏര്‍പ്പാട് ബി പി എല്‍, എ വൈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരിയില്‍ വരുത്തുന്ന വെട്ടിപ്പ്. ചോറ്റരിക്ക് പകരം പച്ചരി കൊടുത്തുകൊണ്ടുള്ള അഡ്ജസ്റ്റ്‌മെന്റ്. 25ഉം 35ഉം കിലോ ചോറ്റരിക്ക് പകരം 15ഉം 25ഉം കിലോ പച്ചരി. ഇങ്ങനെ ലഭിക്കുന്ന പത്ത് കിലോ റേഷന്‍ ഷാപ്പുടമക്ക് സ്വന്തം. ഇങ്ങനെയൊക്കെയാണ് ശരാശരി കേരളത്തിലെ ഒരു റേഷന്‍ കടയുടെ സ്ഥിതി. അനധികൃത മാര്‍ഗങ്ങളിലൂടെ പണം കണ്ടെത്തുകയെന്നതാണ് പല റേഷന്‍ ഷാപ്പുടമയുടെ വിജയരഹസ്യം.

ഈ പരിപാടികളൊക്കെ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ഇ-പോസ് (ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷീന്‍ റേഷന്‍ ഷോപ്പുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പുതിയ പദ്ധതി നടപ്പിലാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടെങ്കില്‍ക്കൂടി റേഷന്‍ കടക്കാരല്ലാത്തവരെല്ലാം ഈ പദ്ധതി നല്ലതാണെന്ന അഭിപ്രായക്കാരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ചില്ലറ ബുദ്ധിമുട്ടുകളൊക്കെ ജനങ്ങള്‍ നേരിടുന്നത് കാണാതിരിക്കാനാകില്ല. റേഷന്‍ കടയുടമകള്‍ക്ക് ഈ സംവിധാനം നിലവില്‍ വരുന്നതിനോടുള്ള എതിര്‍പ്പാണ് പലപ്പോഴും ഇത്തരം ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പര്‍വതീകരിക്കപ്പെടുന്നതിന് പിന്നിലെന്ന് മനസ്സിലാക്കാന്‍ കഴിയും. അതുപോലെ തന്നെ ഉടമകളുടെ സാങ്കേതികവിദ്യയിലുള്ള അറിവിന്റെ കുറവും ഇ-പോസ് ഒരു പ്രശ്‌നമായി തീരാന്‍ കാരണമായിട്ടുണ്ട്. ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്താനും അതിന് പരിശീലനം നല്‍കാനും തിരഞ്ഞെടുത്തത് കേരളീയര്‍ വിഷു ആഘോഷിക്കുന്ന സമയത്തായി എന്നതാണ് ഇതിനെതിരെ വ്യാപകമായി പരാതി ഉയരാന്‍ കാരണം.
ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെ ഇ-പോസ് മെഷീന്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലന കാലഘട്ടമായതിനാല്‍ റേഷന്‍ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. പത്തിനു ശേഷം ചിലയിടങ്ങളിലെല്ലാം സാധനങ്ങള്‍ എത്തിയെങ്കിലും റേഷന്‍ കടയുടമകളുടെ സാങ്കേതികവിദ്യയിലെ അറിവില്ലായ്മയും ഇന്റര്‍നെറ്റ് കണക്ഷനിലെ പ്രശ്‌നങ്ങളും വൈദ്യുതി വിതരണത്തിലെ തടസ്സവുമെല്ലാം കൂടി ഇതെന്തോ വലിയ പ്രശ്‌നമായി തെറ്റിദ്ധരിക്കാനിടയാക്കിയിരുന്നു. എന്നാല്‍ ഇതില്‍ ചില പ്രശ്‌നങ്ങളൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും കടകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരിച്ചുവന്നതായാണ് അനുഭവസ്ഥരുടെ സാക്ഷ്യപത്രം.

ഇ-പോസ് മെഷീന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആവശ്യമായ ഇന്റര്‍നെറ്റിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് ചില പാളിച്ചകള്‍ പറ്റിയതായാണ് “റേഞ്ച് പ്രശ്‌നം” കാണിക്കുന്നത്. പലപ്പോഴും ഇ-പോസ് മെഷീനില്‍ റേഞ്ചില്ലാത്തതിനാല്‍ റേഷന്‍ ഉപഭോക്താക്കളുടെ സമയം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ബി എസ് എന്‍ എല്ലിന്റെ സിമ്മാണ് മെഷീനില്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ ബി എസ് എന്‍ എല്ലിന് നന്നായി കവറേജുണ്ടെങ്കിലും ഇ-പോസ് മെഷീനില്‍ സിഗ്നല്‍ കാണിക്കാത്തത് നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായി ആന്റിനകള്‍ ഏര്‍പ്പെടുത്തുമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നത്. ആന്റിന വരുന്നതോടു കൂടി ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് വിശ്വസിക്കാം. ചിലയിടങ്ങളിലെല്ലാം ഇപ്പോള്‍ തന്നെ ആന്റിന ഏര്‍പ്പടുത്തിക്കഴിഞ്ഞു.

സംസ്ഥാനത്തെ 15,000ത്തിനടുത്ത് വരുന്ന കടകളിലെ ഇ-പോസ് മെഷീന്‍ സെര്‍വറുമായി ബന്ധം സ്ഥാപിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. അതുപോലെ തന്നെ ഇടക്കിടക്ക് വൈദ്യുതി വിതരണം നഷ്ടപ്പെടുന്നതും ഇ-പോസ് മെഷീനിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സെര്‍വറിന്റെ ശേഷി കൂട്ടുകയും കാര്യക്ഷമത വര്‍ധിപ്പിക്കുകയും വേണം. അതുപോലെ തന്നെ റേഷന്‍ കടകളില്‍ യു പി എസ് സംവിധാനവും ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെയൊക്കെ ചെയ്താലേ പരാതികളില്ലാതെ ഈ സംവിധാനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. വൈദ്യുതിയില്ലാതെ ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനുള്ള ബാറ്ററി ബാക്ക്അപ്പ് ഇ-പോസ് മെഷീനിനുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യമെങ്കിലും പലയിടത്തും ഇത്രയും സമയം ബാക്ക് അപ്പ് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇടക്കിടെ വൈദ്യുതി വിതരണം നഷ്ടപ്പെടുന്ന കേരളത്തിന്റെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇനി മഴക്കാലം തുടങ്ങുന്നതോടുകൂടി വൈദ്യുതി മുടക്കവും വര്‍ധിക്കും. ഇങ്ങനെ വൈദ്യുതിയില്ലാതിരിക്കുകയും ഇ-പോസ് മെഷീനിലെ സിം കാര്‍ഡിന് റേഞ്ച് ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ബാക്ക് അപ്പ് ചാര്‍ജ് പെട്ടെന്ന് തീര്‍ന്നുപോകുമെന്നതില്‍ സംശയമില്ല. നിലവില്‍ ഇ-പോസ് മെഷീനുകള്‍ ത്രാസുമായി ബന്ധിപ്പിക്കാത്തതും ഈ പദ്ധതിയുടെ ഒരു പോരായ്മയായി നിലനില്‍ക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിലൊക്കെയും ത്രാസുമായി ബന്ധിപ്പിച്ചാണ് ഇ-പോസ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. അളവിലും തൂക്കത്തിലും തട്ടിപ്പ് നടത്തുന്നുവെന്ന് വ്യാപകമായ ആരോപണം നിലനില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ത്രാസുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന സാധനങ്ങള്‍ മറിച്ചുവിറ്റ് കൊള്ളലാഭമെടുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയിട്ടുള്ള ഇ-പോസ് സംവിധാനം നിലവില്‍ വരുമ്പോഴും തട്ടിപ്പിനുള്ള ഒരു ചെറിയ സാധ്യത ബാക്കിയാകുന്നുണ്ട്. അതിന് പക്ഷേ, ഉപഭോക്താവിന്റെ മൗനാനുവാദം കൂടി വരുമെന്ന് മാത്രം. നിലവില്‍ ഓരോ മാസത്തെയും സാധനങ്ങള്‍ ഉപഭോക്താവ് വാങ്ങുന്നില്ലെങ്കില്‍ അടുത്തമാസത്തേക്ക് വരവ് വെക്കുകയാണ് ചെയ്യുന്നത്. ഉപഭോക്താവ് വാങ്ങിക്കാത്ത സാധനങ്ങള്‍ക്കും ബില്ലടച്ച് വാങ്ങിയതായി രേഖയുണ്ടാക്കി ആ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കാന്‍ ചില കുത്സിത ബുദ്ധികള്‍ ശ്രമിക്കുന്നതായി ചിലരെങ്കിലും പരാതിപ്പെടുന്നുണ്ട്. ഇങ്ങനെ തട്ടിപ്പിന് ഒരു സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും അധികകാലം അതും തുടരാന്‍ കഴിയില്ലെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. കാരണം ഭാവിയില്‍ ഉപഭോക്താവ് മുഴുവന്‍ തുകയും കൊടുത്ത് സാധനങ്ങള്‍ വാങ്ങിക്കുകയും സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുന്ന തുക ഇപ്പോള്‍ ഗ്യാസ് സബ്‌സിഡി ലഭിക്കുന്നതുപോലെ ബേങ്ക് അക്കൗണ്ടിലെത്തുകയും ചെയ്യുന്ന സംവിധാനത്തിലേക്ക് മാറുകയും ചെയ്യും. ഇതോടുകൂടി തട്ടിപ്പിനുള്ള ഈ ഒരു സാധ്യതയും ഇല്ലാതാകും.

ഇങ്ങനെയൊക്കെയാണെങ്കിലും ഏത് സാങ്കേതികവിദ്യയും അതിജീവിക്കാനും മറികടക്കാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിലവില്‍ ഇ-പോസ് മെഷീന്‍ ഓണാക്കുന്നതോടുകൂടി റേഷന്‍കടയില്‍നിന്നുള്ള സിഗ്‌നല്‍, ലൊക്കേഷന്‍ സഹിതം സംസ്ഥാന സിവില്‍ സപ്ലൈസ് കേന്ദ്രത്തില്‍ ലഭിക്കും. നടത്തിപ്പുകാരന്റെ വിരല്‍ തൊടുന്നതോടെ മെഷീന്‍ പ്രവര്‍ത്തനം തുടങ്ങും. മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതു മുതലാണ് റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സമയമായി കണക്കുകൂട്ടുന്നത്. പ്രവര്‍ത്തനസമയം ക്രമീകരിക്കാനും ഇതുവഴി സാധ്യമാണ്.
യഥാര്‍ഥത്തില്‍ തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും കൊള്ളലാഭം കൊയ്യുന്ന പൊതുവിതരണ സംവിധാനത്തില്‍ കാതലായ മാറ്റമാണ് ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. റേഷന്‍ കടകളിലെ വെട്ടിപ്പുകള്‍ക്ക് ഇതുവഴി തടയിടാന്‍ കഴിയുമെന്ന് കരുതാമെങ്കിലും എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് തന്നെ മൊത്തമായി റേഷനരി കരിഞ്ചന്തയിലേക്ക് കടത്തുന്ന സംഭവങ്ങള്‍ നാമേറെ കണ്ടതും കേട്ടതുമാണ്. ഇതിനൊക്കെയും പരിഹാരം കാണേണ്ടതുണ്ട്. പൊതുവിതരണ സംവിധാനം ശുദ്ധീകരിക്കാനുള്ള ഈ ഉദ്യമത്തില്‍ സര്‍ക്കാറുകളോടൊപ്പം പൊതുജനങ്ങളും സഹകരിക്കേണ്ടതുണ്ട്. തുടക്കത്തിലെ ചെറിയ ചെറിയ പോരായ്മകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയിലേക്ക് റേഷന്‍ സമ്പ്രദായത്തെ എത്തിക്കുന്നതിനുള്ള ഒരു നാഴികക്കല്ലായി കണ്ട് ഈ സംവിധാനത്തെ പിന്തുണക്കേണ്ടിയിരിക്കുന്നു.

Latest