വിനിമയ നിരക്കില്‍ രൂപ കൂപ്പുകുത്തുന്നു

Posted on: May 11, 2018 8:20 pm | Last updated: May 18, 2018 at 9:15 pm

ദുബൈ: ഗള്‍ഫ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. ഒരു ദിര്‍ഹം നല്‍കിയാല്‍ 18. 36 രൂപ ലഭിക്കുന്ന അവസ്ഥയായി. ഖത്വര്‍ റിയാലിന് 18.34 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. ഒരു ആഴ്ചക്കുള്ളില്‍ 34 പൈസയിലധികം ഇടിവ് വന്നിട്ടുണ്ട്.
രൂപയുടെ മൂല്യം 2017 ഫെബ്രുവരിക്കുശേഷം ഇതാദ്യമായാണ് ഇത്രയധികം താഴേക്കു പതിച്ചത്. ഈ നിലയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70 രൂപയിലേക്കു താഴുമെന്നു ധന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ വലിയ വിലക്കയറ്റത്തിന് ഇട വരുന്നതിനാല്‍ സാധാരണ വിദേശ ഇന്ത്യക്കാര്‍ക്ക് യാതൊരു ഗുണവുമില്ല. നാട്ടിലേക്കു പണമയക്കുന്നതില്‍ ഗണ്യമായ വര്‍ധനവാണ് മെയ് ആദ്യ ആഴ്ചയില്‍ രേഖപ്പെടുത്തിയത്.

15 മാസത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണു രൂപ കൂപ്പുകുത്തിയത്. ഒരു ഡോളറിന് 67.48 രൂപ എന്ന നിലയിലേക്കു താഴ്ന്ന രൂപ 67.27ലാണു ക്ലോസ് ചെയ്തത്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യുഎസ് പിന്‍മാറുകയും, ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കുകയും ചെയ്തതാണു രൂപയുടെ ഇന്നലത്തെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ മൂന്നാഴ്ചയോളമായി ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസം 67 എന്ന മാന്ത്രിക സംഖ്യ മറികടന്നതോടെ രൂപ പിടിവിട്ടു വീണു. തിരിച്ചുവരവ് എളുപ്പമല്ലെന്നുള്ള സൂചനകളാണു ധന വിദഗ്ധര്‍ നല്‍കുന്നത്. ഡോളറിനെതിരെ രൂപയുടെ റഫറന്‍സ് റേറ്റായി 67.3815 ആണ് ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ ഡോളര്‍ ശക്തമാകുന്നതും എണ്ണവില വര്‍ധിക്കുന്നതും രൂപക്കു പ്രതികൂലമായ ഘടകങ്ങളാണ്.