പല ഇന്ത്യക്കാരെക്കാളും നല്ല ഇന്ത്യക്കാരിയാണ് സോണിയയെന്ന് രാഹുല്‍

Posted on: May 11, 2018 6:12 am | Last updated: May 11, 2018 at 12:53 am

ബെംഗളൂരു: ഇറ്റാലിയന്‍ പൗരത്വമുന്നയിച്ച് സോണിയാ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ വികാരാധീതനായി രാഹുല്‍ ഗാന്ധി. മോദി അദ്ദേഹത്തിന്റെ സംസ്‌കാരമാണ് കാണിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ തന്റെ മാതാവ് സോണിയാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. അതേസമയം, എന്റെ മാതാവ് ഇറ്റലിയില്‍ ജനിച്ചവരാണെങ്കിലും ഇന്ത്യയിലാണവര്‍ ജീവിതം കഴിച്ചുകൂട്ടുന്നത്. ജീവിക്കുന്ന രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ച വ്യക്തിയാണവര്‍. മറ്റ് പല ഇന്ത്യാക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് എന്റെ മാതാവെന്നെനിക്കറിയാം.

മോദിക്ക് എല്ലാവരോടും ദേഷ്യമാണ്. അത് അദ്ദേഹത്തിന്റെ ഉള്ളില്‍ തന്നെയുള്ളതാണ്. ഉള്ളിലുള്ളതാണ് പുറത്തേക്ക് വരുന്നത്. തന്റെ മാതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്തോഷം ലഭിക്കുന്നുവെങ്കില്‍ അദ്ദേഹം അത് തുടരട്ടേയെന്നും രാഹുല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ ബി ജെ പി പരിഭ്രാന്തിയിലായിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ശരീര ഭാഷയില്‍ നിന്നും വാക്കുകളില്‍ നിന്നും കര്‍ണാടകയില്‍ ബി ജെ പി പരാജയം ഉറപ്പിച്ചുവെന്ന് വ്യക്തമാണ്. കേന്ദ്രമന്ത്രിമാരുള്‍പ്പടെയുള്ള വലിയ സംഘം ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് ഇതിന്റെ തെളിവാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.