Connect with us

National

കൊട്ടിക്കലാശം കൊഴുത്തു; കര്‍ണാടക നാളെ വിധിയെഴുതും

Published

|

Last Updated

കര്‍ണാടകയില്‍ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കോണ്‍ഗ്രസിന്റെകൊട്ടിക്കലാശം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നര മാസം നീണ്ട പ്രചാരണത്തിന് കൊടിയിറങ്ങി. സമീപകാല തിരഞ്ഞെടുപ്പുകളില്‍ ഒന്നുമില്ലാത്ത വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

“ഗുജറാത്ത് മോഡല്‍” തിരഞ്ഞെടുപ്പ് പ്രചാരണവുമായി സംസ്ഥാനത്ത് നിറഞ്ഞുനിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമാപന ദിവസമായ ഇന്നലെയും ബി ജെ പിക്കെതിരെ ശക്തമായ വിമര്‍ശങ്ങളാണ് ഉന്നയിച്ചത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവിട്ടത്. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളും മഠങ്ങളും ദര്‍ഗകളും സന്ദര്‍ശിച്ച രാഹുല്‍ മെട്രോയില്‍ ജനങ്ങളോടൊപ്പം യാത്ര ചെയ്തും കടകളില്‍ കയറിയിറങ്ങിയും കൂടുതല്‍ സജീവമായി. തിരഞ്ഞെടുപ്പ് റാലികളില്‍ മോദി തനിക്കും മാതാവ് സോണിയ ഗാന്ധിക്കുമെതിരെയും നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം നടത്തിയാണ് രാഹുല്‍ മറുപടി കൊടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഗാര്‍ഖെ, ഡോ. ജി പരമേശ്വര എന്നിവര്‍ക്കൊപ്പമായിരുന്നു വാര്‍ത്താ സമ്മേളനം.

കര്‍ണാടകയില്‍ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന ബി ജെ പിയുടെ കൊട്ടിക്കലാശം

കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ മൂന്ന് മുഖ്യമന്ത്രിമാരും 19 കേന്ദ്രമന്ത്രിമാരും ബി ജെ പിക്ക് വേണ്ടി റോഡ് ഷോ നടത്തി. സിദ്ധരാമയ്യയുടെ മണ്ഡലമായ ബാദാമിയിലായിരുന്നു അമിത് ഷായുടെ റോഡ് ഷോ. 50ഓളം നേതാക്കള്‍ രംഗത്തിറങ്ങി. അമിത്ഷായും യെദ്യൂരപ്പയും വൈകീട്ട് ബെംഗളൂരുവിലും റോഡ് ഷോ നടത്തി. നരേന്ദ്ര മോദി നമോ ആപ്പിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.

ആകെയുള്ള 224ല്‍ 223 മണ്ഡലങ്ങളില്‍ നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. ജയനഗര്‍ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 15ന് ഫലം പ്രഖ്യാപിക്കും. സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.