വരുന്നു വിശ്വാസികളുടെ വിളവെടുപ്പ് കാലം

പുഴ കുറുകെ നീന്തിക്കടക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടുന്ന ഒരാള്‍ താന്‍ അക്കരെപ്പറ്റാന്‍ സാധ്യതയില്ല എന്ന ചിന്തയോടെയാണ് ചാടുന്നതെങ്കില്‍ ഈ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ മുങ്ങിമരിക്കുകയോ ആയിരിക്കും സംഭവിക്കുക. അതേസമയം, അക്കരെയെത്തുമെന്ന ആത്മവിശ്വാസത്തോടെ ചാടുന്നയാള്‍ക്ക് നിഷ്പ്രയാസം കര പറ്റാന്‍ സാധിക്കും. ഇതുപോലെയാണ് നോമ്പും. ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടുന്ന എനിക്ക് ഈ റമസാനിലെ നോമ്പെടുക്കാന്‍ ആകുമോ എന്ന ആശങ്കയോടെയാകരുത് റമസാന്‍ മാസത്തെ വരവേല്‍ക്കുന്നത്.
Posted on: May 11, 2018 6:00 am | Last updated: May 10, 2018 at 11:28 pm

മനുഷ്യശരീരം ഒരു വാഹനം പോലെയാണ്. കഴുകിയും പൊടി തട്ടിയും ഇന്ധനം നിറച്ചുമെല്ലാം ദിവസവും വാഹനത്തെ നാം പരിചരിക്കുന്നതുപോലെ, കുളിച്ചും വുളു ചെയ്തും നിസ്‌കാരം നിര്‍വഹിച്ചുമെല്ലാം ശരീരത്തെയും പരിചരിക്കുന്നു. ഒരു നിശ്ചിത കിലോമീറ്റര്‍ വാഹനം ഓടിക്കഴിഞ്ഞാല്‍ പിന്നെ സര്‍വീസ് ചെയ്യണം. ഓയിലുകള്‍ മാറ്റിയും മറ്റ് പരിശോധനകള്‍ നടത്തി കേടുപാടുകള്‍ തീര്‍ത്തും ഉള്ളും പുറവും ക്ലീന്‍ ചെയ്യുന്നു. ഇതുപോലെ 11 മാസം ഓടിയ മനുഷ്യരെ പന്ത്രണ്ടാമത്തെ മാസത്തില്‍ സര്‍വീസ് ചെയ്യണം. ഇതാണ് റമസാന്‍ മാസത്തിലെ നോമ്പും അനുബന്ധ കര്‍മങ്ങളും.

ഹൃദയവും ആമാശയവും കേന്ദ്രീകരിച്ചാണ് ഈ സര്‍വീസ്. അതുവഴി ആത്മാവും ശരീരവും വിമലീകരിക്കപ്പെടുകയാണ്. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പുകളടക്കം പുറംതള്ളി ഹൃദയത്തിനും ആഹാരപാനീയങ്ങള്‍ നിയന്ത്രിച്ച് ആമാശയത്തിനും ചികിത്സിക്കുന്ന ഒരു പരിശീലനക്കളരിയാണ് റമസാന്‍. അച്ചടക്കത്തോടെ അദ്യാന്തം പങ്കെടുക്കുന്നവര്‍ വിശുദ്ധരാക്കപ്പെടുകയും സ്വര്‍ഗം ലഭിക്കാന്‍ അര്‍ഹരായിത്തീരുകയും ചെയ്യും.
സ്വര്‍ഗം ലഭിക്കാന്‍ രണ്ട് യോഗ്യത വേണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഒന്ന് കറകളഞ്ഞ വിശ്വാസമാണ്. തിന്മകളേക്കാള്‍ പുണ്യ കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുക എന്നതാണ് രണ്ടാമത്തേത്. നമ്മുടെ ആകെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച്, അമ്പത് ശതമാനത്തിന്റെ മുകളില്‍ സത്കര്‍മങ്ങളാണെങ്കില്‍ അവന്‍ സ്വര്‍ഗാവകാശിയാകും.

ചിലരുടെ വിശ്വാസത്തില്‍ കലര്‍പ്പുണ്ടാകില്ല. എന്നാല്‍, കുറ്റകൃത്യങ്ങളായിരിക്കും കൂടുതല്‍ ചെയ്തിട്ടുണ്ടാകുക. അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പ് നില്‍കിയില്ലെങ്കില്‍ നിശ്ചിതകാലയളവ് നരക ശിക്ഷ അനുഭവിക്കേണ്ടിവരും. കാലാവധി കഴിഞ്ഞാല്‍ വിശ്വാസം ക്ലിയറായതുകൊണ്ട് സ്വര്‍ഗപ്രവേശം ലഭിക്കും. വിശ്വാസത്തില്‍ പിഴച്ചവരുടെ സത്കര്‍മങ്ങള്‍ക്ക് പരലോകത്ത് പ്രതിഫലം ലഭിക്കില്ല. ദുനിയാവിലെ പേരിലും പ്രശസ്തിയിലുമൊതുങ്ങും അവരുടെ പ്രതിഫലം.

ശരിയായ വിശ്വാസമുള്‍ക്കൊണ്ട് കൂടുതല്‍ നന്മകള്‍ ചെയ്ത തന്റെ അടിമകള്‍ സ്വര്‍ഗത്തില്‍ എത്തണമെന്നാണ് അല്ലാഹുവിന്റെ താത്പര്യം. ഇതുകൊണ്ടാണ് ഒരു കുറ്റം ചെയ്താല്‍ ഒരു തിന്മ ചെയ്തതായി മാത്രം രേഖപ്പെടുത്തുമ്പോള്‍, ഒരു സത്കര്‍മം ചെയ്താല്‍ മിനിമം പത്ത് നന്മകളായി രേഖപ്പെടുത്തുന്നത്. സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും പരിഗണിച്ച് 700 പുണ്യങ്ങളായി വരെ രേഖപ്പെടുത്തും.
വിശുദ്ധ റമസാനില്‍ വമ്പിച്ച ഓഫറുകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പുണ്യകര്‍മം എന്ന് പറയാവുന്ന വല്ലതും ആരെങ്കിലും ചെയ്താല്‍ ഒരു നിര്‍ബന്ധ കര്‍മം ഇതര മാസത്തില്‍ ചെയ്തതുപോലെയാണ്. ഒരു നിര്‍ബന്ധ കര്‍മം റമസാനില്‍ ചെയ്താല്‍ മറ്റു മാസങ്ങളില്‍ 70 നിര്‍ബന്ധ കര്‍മങ്ങള്‍ പ്രവര്‍ത്തിച്ച പ്രതിഫലമാണ്.

റമസാനിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയായ നോമ്പിന് കയ്യും കണക്കുമില്ലാത്ത പ്രതിഫലം നല്‍കുമെന്നാണ് അല്ലാഹു പറയുന്നത്. ചുരുക്കത്തില്‍ റമസാന്‍ വിശ്വാസികളുടെ വിളവെടുപ്പ് കാലമാണ്. ആസുത്രണമുണ്ടായാല്‍ ഈ റ മസാന്‍ നമ്മുടേതാക്കി മാറ്റാം.

റമസാന്‍ മാസത്തെ വരവേല്‍ക്കാന്‍ മാനസികവും ശാരീരികവുമായ മുന്നൊരുക്കം ആവശ്യമാണ്. നോമ്പ് നല്‍കുന്ന ആത്മീയവും ഭൗതികവുമായ നേട്ടങ്ങളെ കുറിച്ച് ചിന്തിച്ച് കൊണ്ട് നല്ല മനക്കരുത്തോടെ വേണം ഈ മാസത്തെ സ്വീകരിക്കാന്‍. പുഴ കുറുകെ നീന്തിക്കടക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടുന്ന ഒരാള്‍ താന്‍ അക്കരെപ്പറ്റാന്‍ സാധ്യതയില്ല എന്ന ചിന്തയോടെയാണ് ചാടുന്നതെങ്കില്‍ ഈ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ മുങ്ങിമരിക്കുകയോ ആയിരിക്കും സംഭവിക്കുക. അതേസമയം, അക്കരെയെത്തുമെന്ന ആത്മവിശ്വാസത്തോടെ ചാടുന്നയാള്‍ക്ക് നിഷ്പ്രയാസം കര പറ്റാന്‍ സാധിക്കും. ഇതുപോലെയാണ് നോമ്പും. ജീവിത ശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതി മുട്ടുന്ന എനിക്ക് ഈ റമസാനിലെ നോമ്പെടുക്കാന്‍ ആകുമോ എന്ന ആശങ്കയോടെയാകരുത് റമസാന്‍ മാസത്തെ വരവേല്‍ക്കുന്നത്. ഒരൊറ്റ നോമ്പും കളയാതെ പിടിക്കുമെന്ന ആത്മധൈര്യമുണ്ടായാല്‍ നോമ്പ് പ്രയാസരഹിതമായി പൂര്‍ത്തിയാക്കാനാകും.

അല്ലാഹുവിന്റെ പ്രീതിക്കായി ഒരു ദിവസം നോമ്പെടുത്താല്‍ അല്ലാഹു അവനെ എഴുപത് വര്‍ഷത്തെ വഴിദൂരം നരകത്തെ തൊട്ട് ദൂരെയാക്കുമെന്ന പ്രവാചക വചനം നമുക്ക് ആവേശം പകരണം. റമസാനിലെ മറ്റൊരു സ്‌പെഷ്യല്‍ ആരാധനയാണ് തറാവീഹ് നിസ്‌കാരം. ഇശാ നിസ്‌കരിച്ച ശേഷമാണ് ഇത് നിര്‍വഹിക്കേണ്ടത്. സുബ്ഹി വരെ സമയമുണ്ട്. സുദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്ത് 20 റകഅത്തായിട്ടാണ് ഇത് നിസ്‌കരിക്കേണ്ടത്. മാസപ്പിറവി കണ്ടാല്‍ അന്ന് തന്നെ തറാവീഹുണ്ടാകും. അത് മുതല്‍ അവസാനത്തെ തറാവീഹിലും പങ്കെടുക്കുമ്പോള്‍ മാത്രമാണ് ഒരു പരിശീലന കോഴ്‌സ് ഭംഗിയായി പൂര്‍ത്തിയാക്കിയവരില്‍ നാം ഉള്‍പ്പെടുക. ആരംഭശൂരത്വത്തിന്റെ ആളുകളില്‍ നാം ഉള്‍പ്പെടരുത്.
ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമസാന്‍. ഖുര്‍ആന്‍ പാരായണത്തിനും വേണം ഒരു പ്ലാനിംഗ്. 30 ജുസ്ഉകളാണ് ഖുര്‍ആന്‍. പത്ത് കഷ്ണങ്ങളാണ് മിക്ക മുസ്ഹഫുകളിലും ഒരു ജുസ് അ്. സാവകാശം ഓതുന്ന ഒരാള്‍ക്ക് അര മണിക്കൂറുണ്ടായാല്‍ ഒരു ജുസ്അ് ഓതിത്തീര്‍ക്കാം.
അത്തായ ശേഷം, സുബ്ഹി നിസ്‌കാരാനന്തരം, ളുഹ്‌റിന് മുമ്പ് എന്നിങ്ങനെ മൂന്ന് സമയങ്ങളിലായി മൂന്ന് ജുസ്അ് വീതം ഓതാന്‍ സാധിച്ചാല്‍ പത്ത് ദിവസം പിന്നിടുമ്പോള്‍ ഒരു തവണ ഖുര്‍ആന്‍ ഓതിത്തീര്‍ക്കാന്‍ സാധിക്കും. 30 ദിവസം കൊണ്ട് മൂന്ന് ഖത്മുകള്‍ പൂര്‍ത്തിയാക്കാം. പ്ലാനിംഗ് ഇല്ലെങ്കില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

പാപമോചനം, നരകമോചനം, ഇതിനു പുറമെ നാം നോമ്പ് തുറപ്പിക്കുന്നവരുടെ നോമ്പിന്റെ എണ്ണം കണ്ട് പ്രതിഫലം ലഭിക്കുന്ന സത്കര്‍മമാണ് നോമ്പുകാരെ നോമ്പ് തുറപ്പിക്കല്‍. നൂറു പേരെയെങ്കിലും നോമ്പ് തുറപ്പിക്കാന്‍ മുന്നൊരുക്കം നടത്തുക. ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിവെച്ച് നോമ്പുകാരെ ക്ഷണിക്കാനുള്ള പ്ലാന്‍ ചെയ്തുവെക്കുക. അരയും തലയും മുറുക്കി ഒരുങ്ങുക. ഈ വിളവെടുപ്പ് കാലത്തെ വരവേല്‍ക്കാന്‍…