Connect with us

Gulf

റമസാന്‍ ഭിക്ഷാടന സംഘങ്ങള്‍ക്കെതിരെ ദുബൈ പോലീസ് കാമ്പയിന്‍

Published

|

Last Updated

ദുബൈ: റമസാനിലെ ഭിക്ഷാടനത്തിനെതിരെ ദുബൈ പോലീസ് കാമ്പയിന്‍ നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാപാര കേന്ദ്രങ്ങള്‍, പ്രധാന ജങ്ഷനുകള്‍, മസ്ജിദുകള്‍, പാര്‍പിട കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ്, ദുബൈ മുനിസിപാലിറ്റി, ദുബൈ എമിറേറ്റിലെ മറ്റിതര സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചു നാടുകടത്തുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ കാമ്പയിന്റെ ഭാഗമായി സ്വീകരിക്കുമെന്ന് ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാശിദ് അല്‍ മുഹൈരി പറഞ്ഞു.

ദുബൈ പോലീസ് ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെ രക്ഷാ കര്‍ത്വത്തിലാണ് കാമ്പയിന്‍.

റമസാന്‍ കാലം വളരെ പവിത്രമായാണ് യു എ ഇയിലെ സ്വദേശികളും താമസക്കാരായ വിദേശികളും ആചരിക്കുന്നത്. ഈ കാലയളവില്‍ സഹ ജീവി സ്‌നേഹത്തിനും കരുണാ വായ്പ്പിനും കൂടുതല്‍ സവിശേഷത കല്‍പ്പിക്കുന്നതിനാല്‍ അനുകൂല സാഹചര്യം മുതലെടുത്താണ് ഭിക്ഷാടകര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ പിടികൂടിയാല്‍ ഒരു മാസത്തെ ജയില്‍ ശിക്ഷക്ക് ശേഷം നാട് കടത്തുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രത്യേകം പരിശീലനം സിദ്ധിച്ച അംഗങ്ങളെ പരിശോധനക്കായി നിയമിക്കുന്നുണ്ട്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പിടികൂടി നടപടികള്‍ സ്വീകരിക്കും. ഭിക്ഷാടകരുടെ ആവശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് തിരിച്ചറിഞ്ഞാല്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവ കാരുണ്യ സംഘടനകള്‍ വഴി സഹായമെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും. ആവശ്യങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞാല്‍ അത്തരക്കാര്‍ക്ക് കര്‍ശന ശിക്ഷാ നടപടികളാണ് ഏര്‍പെടുത്തുക. ഇതിനായി പ്രത്യേക വിശകലന സംഘത്തെയും വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതു ജനങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാന്‍ സര്‍ക്കാരിന്റെ കീഴില്‍ സുസജ്ജമായ സംവിധാനങ്ങളുണ്ട്. മാനുഷിക പരിഗണന ആവശ്യമുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മാര്‍ഗങ്ങളിലൂടെ മാത്രമെ ധന വിനിയോഗം നടത്താവൂ. പൊതു ഇടങ്ങളില്‍ എമിറേറ്റിന്റെ സംസ്‌കാരത്തിന് വിരുദ്ധമായുള്ള ഭിക്ഷാടങ്ങളെ പൊതു ജനങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ദുബൈ വിമാനത്താവളം, എമിറേറ്റിലേക്ക് കടക്കുന്ന റോഡ് മാര്‍ഗമുള്ള ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ റമസാന്‍ കാലയളവില്‍ എത്തുന്ന സന്ദര്‍ശകരെ പ്രത്യേക നിരീക്ഷണ വിധേയമാക്കും. വിമാനത്താവളങ്ങളിലും ചെക്ക് പോസ്റ്റുകളിലും ഇത്തരത്തിലുള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട്. അസ്വാഭാവികത തോന്നുന്നവരെ പിടികൂടി ചോദ്യം ചെയ്യുകയും. രാജ്യത്തേക്കുള്ള ആഗമനോദ്ദേശം കൃത്യമായി പരിശോധനാ വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 901 എന്ന പോലീസിന്റെ ഹെല്പ് ലൈന്‍ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈ പോലീസ് സ്റ്റേഷന്‍സ് മാനേജര്‍ ബ്രിഗേഡിയര്‍ അഹ്മദ് താനി ബിന്‍ ഗുലൈത്ത, ദുബൈ പോലീസ് കമ്മ്യൂണിറ്റി ഹാപ്പിനസ് കേന്ദ്രത്തിലെ ലഫ്. കേണല്‍ മുഹമ്മദ് സാലെം അല്‍ മഹിരി, ഫൈസല്‍ ബെദൈവി (ദുബൈ മുന്‍സിപ്പാലിറ്റി), ജമീല ഹുസൈന്‍ അല്‍ ബലൂഷി (കോര്‍പ്പറേറ്റ് എക്‌സെലന്‍സ് ഗ്രൂപ്), ഹനാന്‍ അല്‍ സമ്മാക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.