വംശ നാശം സംഭവിക്കുന്ന കഴുകനില്‍ സാറ്റലൈറ്റ് ഘടിപ്പിച്ച് പറത്തി

Posted on: May 9, 2018 10:15 pm | Last updated: May 9, 2018 at 10:15 pm
ഗാരെ ഒന്ന് എന്ന കഴുകനെ സാറ്റലൈറ്റ് ഘടിപ്പിച്ച് പറത്തിവിടുന്നു

ദുബൈ: വംശ നാശം സംഭവിക്കുന്ന കഴുക വിഭാഗത്തില്‍പ്പെട്ട പക്ഷിയില്‍ നിരീക്ഷണ സാറ്റലൈറ്റ് ഘടിപ്പിച്ചു വിട്ടതായി ദുബൈ നഗരസഭ അറിയിച്ചു. യു എ ഇ യില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നിരീക്ഷണം. ഈ കഴുകന്റെ സഞ്ചാര വഴികള്‍ സാറ്റലൈറ്റ് ട്രാന്‍സ്മിറ്റര്‍ നിരീക്ഷിക്കും. സ്വദേശിയായ പക്ഷി സ്നേഹി അബ്ദുല്ല അല്‍ കഅബി പിടികൂടിയതാണ് ഈ കഴുകനെ.

മര്‍മൂം ഡിസര്‍ട്ട് കണ്‍സര്‍വേഷന്‍ റിസേര്‍വില്‍ സംരക്ഷിച്ചതിനു ശേഷമാണു സാറ്റലൈറ്റുമായി പറത്തി വിട്ടത്. പര്‍വ്വതങ്ങളിലും മരുഭൂമിയിലും ഇവ ഇര തേടുന്നതും മറ്റും നിരീക്ഷിക്കാന്‍ കഴിയുമെന്ന് നഗരസഭ പരിസ്ഥിതി വിഭാഗം മേധാവി എന്‍ജി. അലിയ അബ്ദുല്‍ റഹീം അല്‍ ഹര്‍മൂടി പറഞ്ഞു.

ഗാരെ ഒന്ന് എന്നാണ് കഴുകന് പേര് നല്‍കിയിരിക്കുന്നത്. ഇവക്കു ശക്തമായ ഘ്രാണ ശേഷിയുള്ളതിനാല്‍ ദൂരെയുള്ള മൃതദേഹങ്ങള്‍ക്കു സമീപം എത്തിപ്പെടാന്‍ കഴിയും. മണിക്കൂറില്‍ 82 കിലോമീറ്റര്‍ പറക്കും. സീഹ് അല്‍ സലാമിന് സമീപമാണ് മര്‍മൂം.