സി പി ഐ കൗണ്‍സില്‍ 15ന്; വെട്ടിനിരത്തല്‍ ഭീതിയില്‍ കാനം വിരുദ്ധ പക്ഷം

Posted on: May 9, 2018 1:05 pm | Last updated: May 9, 2018 at 1:05 pm

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള സി പി ഐ സംസ്ഥാന കൗണ്‍സിലിന്റെ നിര്‍ണായക യോഗം 15ന് ചേരും. പുതിയ സംസ്ഥാന എക്‌സിക്യൂട്ടീവിനെയും കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനെയും തിരഞ്ഞെടുക്കാനാണ് യോഗം. രാവിലെ ചേരുന്ന പഴയ സംസ്ഥാന എക്‌സിക്യൂട്ടീവ,് പുതിയ അംഗങ്ങളുടെ പാനല്‍ തയ്യാറാക്കും. ഇത് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. കാര്യമായ അഴിച്ചുപണിയുണ്ടാകില്ലെങ്കിലും നാല് പുതുമുഖങ്ങള്‍ എക്‌സിക്യൂട്ടീവിലെത്തുമെന്നുറപ്പാണ്. ഇവരെല്ലാം ഔദ്യോഗിക വിഭാഗത്തിനൊപ്പം നില്‍ക്കുന്നവരായിരിക്കും. ഇരുപത് ശതമാനം പേര്‍ ഒഴിയണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ ഇസ്മാഈല്‍ പക്ഷക്കാരാവും ഒഴിവാക്കപ്പെടുക.
മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ എക്‌സിക്യൂട്ടിവിലെത്താന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, കണ്ണൂരിലെ പി സന്തോഷ്‌കുമാര്‍, തിരുവനന്തപുരത്തെ ജി ആര്‍ അനില്‍, മഹിളാസംഘം നേതാവ് പി വസന്തം എന്നിവര്‍ക്കാണ് സാധ്യത.

ജില്ലാ സെക്രട്ടറിമാര്‍ എക്‌സിക്യൂട്ടീവിലെത്തിയാല്‍ തത്സ്ഥാനം ഒഴിയേണ്ടി വരും. എന്‍ അനിരുദ്ധനും പി വസന്തവും കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇരുവരും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം നില്‍ക്കുന്നവരുമാണ്.
21 അംഗങ്ങള്‍ക്ക് പുറമെ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മാഈല്‍ എന്നിവര്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അംഗങ്ങളായിരിക്കും. ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കപ്പെട്ട കടുത്ത കാനംവിരുദ്ധ പക്ഷക്കാരനായ സി ദിവാകരനെ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. മാത്രമല്ല, ദിവാകരന്റെ പാര്‍ട്ടി ഘടകം സംബന്ധിച്ച് അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്.

കോട്ടയം സംസ്ഥാന സമ്മേളനത്തിന് മുമ്പ് സംസ്ഥാനതലത്തില്‍ സി പി ഐക്ക് സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ്, സംസ്ഥാന കൗണ്‍സില്‍ എന്നീ ഘടകങ്ങളുണ്ടായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ബെനറ്റ് എബ്രഹാമിന്റെ പരാജയത്തെ തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന ഘടകം ഒഴിവാക്കാന്‍ സി പി ഐ സംസ്ഥാന നേതൃത്വം തയ്യാറായത്.
നേരത്തെ പതിനായിരത്തില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുള്ള ജില്ലകളിലെ സെക്രട്ടറിമാരെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, ഇടുക്കി ജില്ലാ സെക്രട്ടറിമാരെയാണ് അന്ന് എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ഈ വ്യവസ്ഥയില്ല. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വെളിയം രാജന്‍ ഒഴിയാനാണ് സാധ്യത. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി കെ പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും തുടര്‍ന്നേക്കാം.