വേനല്‍ മഴ ശക്തമാകുന്നു; പതിനൊന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Posted on: May 9, 2018 12:57 pm | Last updated: May 9, 2018 at 12:57 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു. പതിനൊന്ന് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. ചില ജില്ലകളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. നാശം വിതക്കാത്ത കാറ്റോടു കൂടിയ മഴക്കാണ് സാധ്യത. കേരളത്തോടൊപ്പം രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പില്ല. മഴയെ തുടര്‍ന്ന് കടല്‍ ക്ഷോഭമോ കൊടുങ്കാറ്റോ ഉണ്ടാകാത്ത സാഹചര്യത്തിലാണിത്.

തിരുവനന്തപുരം, കോഴിക്കോട് അടക്കം പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്തു. തിരുവനന്തപുരത്ത് വൈകുന്നേരം മണിക്കൂറുകള്‍ മഴ തിമിര്‍ത്ത് പെയ്തു. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഫിഷറീസ് വകുപ്പിനെയോ ബന്ധപ്പെട്ടവരെയോ അറിയിക്കേണ്ടതാണ്. ഒരു ബോട്ടില്‍ എത്രപേരാണ് പോകുന്നതെന്നും എന്തുതരം ബോട്ടുകളാണ് (കട്ടമരം, ഫൈബര്‍ ബോട്ട്) എന്നും അറിയിക്കണം.

കഴിഞ്ഞയാഴ്ച കാറ്റ് ദുരന്തം വിതച്ച ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും ജമ്മു കാശ്മീര്‍, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കാം. രാജ്യത്തെ കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയുണ്ടാകും. എന്നാല്‍ മധ്യപ്രദേശിലെ പടിഞ്ഞാറന്‍ ഭാഗത്തും മഹാരാഷ്ട്രയിലെ വിദര്‍ഭ അടക്കമുള്ളയിടങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. മഹാരാഷ്ട്രയിലെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.