മകന്റെ വിവാഹം; ലാലുവിന് അഞ്ച് ദിവസത്തെ പരോള്‍

Posted on: May 9, 2018 11:51 am | Last updated: May 9, 2018 at 2:22 pm

പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് പരോള്‍. മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ച് ദിവസമാണ് ലാലുവിന് പരോള്‍ അനുവദിച്ചത്. ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ലാലു റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് ഇപ്പോള്‍.

നേരത്തെ, ലാലുവിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു. എയിംസില്‍ നിന്ന് റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത് വിവാദമായിരുന്നു. സി ബി ഐയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗൂഢാലോചനയാണ് തന്നെ എയിംസില്‍ നിന്ന് മാറ്റിയതിന് പിന്നിലെന്ന് ലാലു ആരോപിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ 14 വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.