ഹൈദരാബാദ് ബിരിയാണി സൂപ്പര്‍!! കോഹ്‌ലിക്ക് നന്ദിയറിയിച്ച് സിറാജ്

Posted on: May 9, 2018 11:31 am | Last updated: May 9, 2018 at 11:31 am

ഹൈദരാബാദ്: ബെംഗളുരു ടീമിലെ സഹതാരം മുഹമ്മദ് സിറാജ് തന്റെ വീട്ടില്‍ വിരാട് കോഹ്‌ലിക്കും ടീം അംഗങ്ങള്‍ക്കും ബിരിയാണി സത്കാരം ഒരുക്കി. ഹൈദരാബാദ് ബിരിയാണിയുടെ രുചിയറിയാന്‍ വിരാടിനൊപ്പം യുവേന്ദ്ര ചഹാലും പാര്‍ഥീവ് പട്ടേലും എല്ലാം ഉണ്ടായിരുന്നു. ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ നായകന്‍ എത്തിയതില്‍ മുഹമ്മദ് സിറാജ് അതിയായ സന്തോഷംപ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് സിറാജ് ക്യാപ്റ്റന് ഒരുക്കിയ ബിരിയാണി സത്കാരത്തെ കുറിച്ച് എഴുതിയത്. വിരാടും സിറാജിന്റെ കുടുംബത്തിന്റെ ആതിഥേയത്വത്തില്‍ നന്ദി അറിയിച്ചു.

ഹൈദരാബാദ് ബിരിയാണി മാത്രമല്ല, ഹൈദരാബാദിന്റെ ഐ പി എല്‍ ടീമും സൂപ്പറാണെന്ന് ബെംഗളുരു വൈകാതെ അറിഞ്ഞു.
ഹൈദരാബാദിന് നിലവാരമുള്ള ബൗളര്‍മാരുള്ളതാണ് വിജയങ്ങള്‍ക്ക് കാരണമെന്ന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നു. ടീമിന്റെ കഴിവിനെക്കുറിച്ച് അവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്. അവര്‍ പോരായ്മയും ശക്തിയും തിരിച്ചറിഞ്ഞ് കളിക്കുന്നു. ബൗളിങ്ങില്‍ സണ്‍ റൈസേഴ്‌സ് ശക്തരാണെന്നും മത്സരശേഷം വിരാട് കോലി അഭിപ്രായപ്പെട്ടു.

ചെന്നൈ, പഞ്ചാബ് ടീമുകള്‍ ഓള്‍ റൗണ്ട് മികവുള്ളവരാണ്. എന്നാല്‍, ബൗളിങ്ങില്‍ ഹൈദരാബാദ് ആണ് മുന്നിലുള്ളവര്‍. 150ല്‍ താഴെ സ്‌കോര്‍ ചെയ്ത പല കളികളിലും എതിര്‍ ടീമിനെ വരിഞ്ഞുകെട്ടാന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടുണ്ടെന്ന് വിരാട് മത്സരം തോറ്റതിന് ശേഷം പറഞ്ഞു.