Connect with us

Kerala

തമിഴ്‌നാട് ലോബി പിടിമുറുക്കി; കോഴി വില കുത്തനെ കൂടുന്നു

Published

|

Last Updated

പാലക്കാട്: കോഴി വിപണിയില്‍ തമിഴ്‌നാട് ലോബി പിടിമുറുക്കിയതോടെ സംസ്ഥാനത്ത് കോഴിയിറച്ചിക്കും ഇറച്ചിക്കോഴിക്കും വില കുത്തനെ ഉയരുന്നു. ഒരാഴ്ചക്കിടെ കിലോക്ക് ശരാശരി 10 മുതല്‍ 40 രൂപ വരെയാണ് കൂടിയത്. ഒരു കിലോ കോഴിയിറച്ചി വില ഇന്നലെ 185- 200ഉം ഇറച്ചിക്കോഴി വില 120- 135 രൂപയുമായിരുന്നു. ചരക്ക് സേവന നികുതി (ജി എസ് ടി) നിലവില്‍ വന്നശേഷം ആദ്യമായാണ് ഇത്രയും വര്‍ധന. ഒരാഴ്ച മുമ്പ് ഇറച്ചിക്കോഴി വില കിലോ 87 രൂപയായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉത്പാദനത്തില്‍ ഇടിവുണ്ടായതുമാണ് വിലവര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇറച്ചിക്കോഴി പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്നാണ് ഇപ്പോഴും സംസ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാനത്ത് ചെറുകിട കോഴിഫാമുകള്‍ ഒരു പരിധിവരെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള വന്‍കിട കമ്പനികള്‍ സംസ്ഥാനത്ത് പിടി മുറുക്കിയതോടെ ചെറുകിട കോഴി ഫാമുകളുടെ നിലനില്‍പ്പ് ഭീഷണിയിലായി. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് ലക്ഷം ചെറുകിട ഫാമുകളാണ് അടച്ചു പൂട്ടിയത്. ഇതിനകം നഷ്ടത്തിലായ കര്‍ഷകരുടെ ഫാമുകള്‍ വന്‍കിട കമ്പനികള്‍ ഏറ്റെടുക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് ഒരു കോഴിക്കുഞ്ഞിനെ 53 രൂപക്കാണ് കര്‍ഷകര്‍ വാങ്ങുന്നത്. 41 ദിവസം പ്രായമാകുമ്പോഴേക്കും ഇതിന്റെ ഇരട്ടി ചെലവ് വരും. കോഴിയെ വളര്‍ത്താന്‍ ചെലവായ തുക പോലും വില്‍ക്കുമ്പോള്‍ ലഭിക്കുന്നില്ലെന്നാണ് ചെറുകിട കര്‍ഷകര്‍ പറയുന്നത്. 85 രൂപ മുതല്‍ 100 രൂപവരെ മാത്രമാണ് വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മാസം ഇത് വെറും 60 രൂപയായിരുന്നു. ഇതിന് പുറമേ കോഴിക്കുഞ്ഞിന്റെ വില കൂട്ടിയും വില്‍പ്പനക്കുള്ള കോഴിയുടെ വില കുറച്ചും തമിഴ്‌നാട്ടില്‍ നിന്നുള്ള കുത്തക കമ്പനികള്‍ കേരളത്തില്‍ പിടി മുറുക്കുകയും ചെറുകിട ഫാമുകള്‍ തകര്‍ന്നതോടെ കോഴിക്കും ഇറച്ചിക്കോഴിക്കും തന്നിഷ്ടപ്രകാരം വിലകൂട്ടാനും തുടങ്ങിയതായി സംസ്ഥാനത്തെ ചെറുകിട കോഴി കര്‍ഷകര്‍ ആരോപിക്കുന്നു.

എന്നാല്‍, ഒരു മാസമായി തമിഴ്‌നാട്ടില്‍ കോഴിക്കുഞ്ഞുങ്ങളുടെ ഉത്പാദനം കുറഞ്ഞത് ഫാമുകളെ ബാധിച്ചുവെന്നാണ് തമിഴ്‌നാട് കോഴികര്‍ഷകരുടെ വാദം. അതോടെ വിലവര്‍ധന തടയാന്‍ കേരളത്തില്‍ നിന്നുള്ള കോഴികളെ ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രതിദിനം 100നും 150 നും ഇടയില്‍ കോഴിവണ്ടികള്‍ കേരളത്തിലെത്തുന്നുണ്ട്. കൂടാതെ, ഊടുവഴികള്‍ വഴി ചെറുവാഹനങ്ങളിലും എത്തുന്നു. കേരളത്തില്‍ വിവാഹ സീസണ്‍ ആയതും വില വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. റമസാന്‍ നോമ്പ് തുടങ്ങുന്നതോടെ ഇറച്ചിക്കോഴിക്ക് ഇനിയും വില കൂടാനുള്ള സാധ്യതയും വ്യാപാരികള്‍ തള്ളിക്കളയുന്നില്ല.