യു എസ് പിന്മാറിയാലും ആണവ കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് ഫ്രാന്‍സും ജര്‍മനിയും

Posted on: May 8, 2018 6:05 am | Last updated: May 8, 2018 at 12:09 am

ബെര്‍ലിന്‍: അമേരിക്ക പിന്മാറിയാലും ലോകരാഷ്ട്രങ്ങള്‍ ഇറാനുമായി 2015ല്‍ ധാരണയിലെത്തിയ ആണവ കരാറില്‍ നിന്ന് പിന്മാറില്ലെന്ന് ജര്‍മനിയും ഫ്രാന്‍സും വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ആണവ കരാറില്‍ നിന്ന് പിന്മാറിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കി ജര്‍മനിയും ഫ്രാന്‍സും രംഗത്തെത്തിയത്. ഇറാനുമായി ആണവ കരാറിലെത്തുന്നത് ലോകസുരക്ഷയുടെ ഭാഗമായിട്ടാണെന്നും കരാറില്‍ നിന്ന് പിന്മാറുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇരു രാജ്യങ്ങളും വ്യക്തമാക്കി. 2015ലാണ് ഇറാനുമായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആണവ കരാറില്‍ ഒപ്പിടുന്നത്. ഇറാന്‍ ആണവ സമ്പുഷ്ടീകരണം കുറച്ചാല്‍ സാമ്പത്തിക ഉപരോധം മയപ്പെടുത്തുമെന്നായിരുന്നു കരാറിലെ ധാരണ.

ഇറാനുമായി ധാരണയിലെത്തിയ ആണവ കരാര്‍ ലോകത്തെ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹൈകോ മാസ് പറഞ്ഞു. ഇതില്‍ നിന്ന് പിന്മാറാന്‍ ഒരു തരത്തിലുള്ള ന്യായീകരണവുമില്ല. ഇക്കാര്യം അമേരിക്കയെ ബോധ്യപ്പെടുത്തുമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക പിന്മാറിയാലും ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയും കരാറില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ലെ ഡ്രിയാന്‍ പറഞ്ഞു. ഈ മൂന്ന് രാജ്യങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയെ ആണവ കരാറില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. അമേരിക്ക പിന്മാറിയാലും ലോക രാജ്യങ്ങളുമായി 2015ല്‍ ധാരണയിലെത്തിയ ആണവ കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് തന്നെയാണ് ഇറാന്റെയും നിലപാട്. അമേരിക്കയില്ലാത്ത ആണവ കരാര്‍ നിലവില്‍ വരുമ്പോള്‍ സംഭവിക്കാനിരിക്കുന്ന മുഴുവന്‍ കാര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്.