യമനിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ സഊദി സഖ്യസൈന്യത്തിന്റെ ആക്രമണം

  • ഹൂതികളുടെ മിസൈല്‍ ആക്രമണം നിഷ്ഫലമാക്കി
  • ആറ് പേര്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ സംഘം
  • മരണം പതിനായിരം കവിഞ്ഞു
Posted on: May 8, 2018 6:17 am | Last updated: May 8, 2018 at 12:01 am

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലുള്ള പ്രസിഡന്റിന്റെ കൊട്ടാരം സഊദി വ്യോമാക്രമണത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ സംഘം അറിയിച്ചു.

ഇന്നലെ ഉച്ചക്കായിരുന്നു കൊട്ടാരത്തിന് നേരെ ആക്രമണം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി തവണ കൊട്ടാരം ലക്ഷ്യമാക്കി വ്യോമാക്രമണം നടന്നതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. വ്യോമാക്രമണത്തിന് പിന്നില്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യമാണെന്ന് വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍മസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിനുള്ളില്‍ നിന്ന് രണ്ട് തവണ സ്‌ഫോടന ശബ്ദം കേട്ടതായും ഈ കൊട്ടാരം ഹൂതികള്‍ ഓഫീസായി ഉപയോഗിച്ചിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി. നിരവധി പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിനിടയിലാണ് രണ്ടാമത്തെ ആക്രമണവും നടക്കുന്നത്. 2015 മുതല്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം യമനിലെ ഹൂത്തികളെ ലക്ഷ്യമാക്കി ആക്രമണം തുടരുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ള സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറബ് സഖ്യസൈന്യം യമനിലെ ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്തുന്നത്.

ഹൂത്തികള്‍ സഊദി അറേബ്യയെ ലക്ഷ്യമാക്കി രണ്ട് ബാലിസ്റ്റുകള്‍ മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നുവെങ്കിലും സഊദി സൈന്യം ഇത് വായുവില്‍ വെച്ച് നിര്‍വീര്യമാക്കിയിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യമനിലെ പ്രസിഡന്റ് കൊട്ടാരത്തിന് നേരെ വ്യോമാക്രമണം ഉണ്ടായത്. സഊദി അറേബ്യയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍ ലക്ഷ്യമാക്കിയാണ് ഹൂത്തികള്‍ മിസൈലുകള്‍ വിക്ഷേപിച്ചതെന്നും വടക്കന്‍ യമനില്‍ നിന്നാണ് ഇവ വിക്ഷേപിച്ചതെന്നും അറബ് സഖ്യസൈന്യത്തിന്റെ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഹൂത്തികള്‍ സഊദിയെ ലക്ഷ്യമാക്കി മിസൈലുകള്‍ വിക്ഷേപിക്കുന്നത് ശക്തമാക്കിയിട്ടുണ്ട്.

യമനിലെ സംഘര്‍ഷത്തില്‍ ഇതുവരെ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ അനുസരിച്ച് യമനില്‍ ലക്ഷക്കണക്കിന് പേര്‍ മാനുഷിക ദുരിതം നേരിടുന്നവരാണ്.