Connect with us

National

കശ്മീര്‍ താഴ്‌വര പൂര്‍ണമായും സ്തംഭിച്ചു

Published

|

Last Updated

നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ശ്രീനഗറില്‍ സ്‌കൂട്ടറില്‍ പോകുന്ന കുടുംബത്തോട്
വിവരങ്ങള്‍ ആരായുന്ന സുരക്ഷാ സൈനികര്‍

ശ്രീനഗര്‍: ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പ്രതിഷേധക്കാര്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ ആചരിച്ച ബന്ദില്‍ ജീവിതം നിശ്ചലമായി. ശ്രീനഗര്‍ സെക്രട്ടേറിയറ്റിലേക്ക് വിഘടനവാദക്കാര്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികൃതര്‍ അടച്ചിട്ടു. അതിനിടെ, പ്രതിഷേധക്കാരുടെ കല്ലേറില്‍ പരുക്കേറ്റ വിനോദസഞ്ചാരി മരിച്ചതായി അധികൃതര്‍ അറിയിച്ചു.

കശ്മീരില്‍ സ്ഥിതി സങ്കീര്‍ണമാകുന്നത് കണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതെന്ന് ഡിവിഷനല്‍ കമ്മീഷണര്‍ ബശീര്‍ അഹ്മദ് ഖാന്‍ പറഞ്ഞു. കശ്മീര്‍ യൂനിവേഴ്‌സിറ്റി രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഷോപ്പിയാനില്‍ ഞായറാഴ്ച കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളില്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ടുമുണ്ടായിരുന്നു. അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റോഡുകളില്‍ വാഹനങ്ങള്‍ നന്നേ കുറവായിരുന്നു. മാര്‍ക്കറ്റുകള്‍, ബേങ്കുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞുകിടന്നു. റൈനാവരി, ഖന്യാര്‍, നോഹാട്ട, സഫകദല്‍, എം ആര്‍ ഗുഞ്ജ്, മൈസുമ, ക്രാല്‍ഖുദ് തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

സെക്രട്ടേറിയറ്റിന് പുറത്ത് സമാധാന ധര്‍ണക്കും വിഘടനവാദികള്‍ ആഹ്വാനം ചെയ്തിരുന്നു. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തലസ്ഥാനം മാറുന്നതിന്റെ ഭാഗമായി ആറ് മാസത്തിന് ശേഷമാണ് സെക്രട്ടേറിയറ്റ് തുറക്കുന്നത്.

ശനിയാഴ്ച മുതല്‍ തീവ്രവാദ സംഭവങ്ങളടക്കമുള്ളവയില്‍ ഒമ്പത് പ്രതിഷേധക്കാരടക്കം 17 മരണങ്ങളാണുണ്ടായത്. കഴിഞ്ഞ മാസം സുരക്ഷാ സൈനികരും തീവ്രവാദികളും സാധാരണക്കാരും അടക്കം 40 മരണങ്ങളാണുണ്ടായിരുന്നു.

രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ വഴി കണ്ടെത്തണമെന്ന് കേന്ദ്രത്തോട് മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: താഴ്‌വാരയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യമാര്‍ഗം കണ്ടെത്തണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സംസ്ഥാനത്തെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും അവര്‍ സഹായം അഭ്യര്‍ഥിച്ചു. മാധ്യമങ്ങളും വിദ്യാര്‍ഥികളും രക്ഷിതാക്കളും തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഈ നിര്‍ണായക ഘട്ടത്തില്‍ രംഗത്തുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ സംഘര്‍ഷങ്ങളില്‍ യുവാക്കളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുഃഖകരമാണ്. ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടാമായിരുന്ന സ്വത്ത് ആണ് നഷ്ടപ്പെടുന്നത്. കഴിഞ്ഞ ദിവസം അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടത് ദുരന്തമാണ്. ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം വഴി കണ്ടെത്തണമെന്ന് അപേക്ഷിക്കുകയാണ്. സംസ്ഥാനത്തെ രക്ഷിതാക്കളോട് ജീവിതത്തിന്റെ മൂല്യത്തെ സംബന്ധിച്ച് ഓര്‍മപ്പെടുത്തുന്നു. നല്ല പോലെ ജീവിക്കാനാണ് അല്ലാഹു നമുക്ക് ജീവന്‍ നല്‍കിയത്. അല്ലാതെ 18ലോ 19ലോ മരണം വരിക്കാനല്ലെന്നും അവര്‍ ഓര്‍മപ്പെടുത്തി.