Connect with us

Kerala

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റാനും വികസനരംഗത്തെ മുരടിപ്പ ഒഴിവാക്കാനും രണ്ട് വര്‍ഷത്തെ എല്‍ ഡി എഫ് ഭരണം കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കാനും ഉയരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 2011-16 കാലഘട്ടത്തിലുണ്ടായിരുന്ന അപമാനകരമായ അന്തരീക്ഷം മാറ്റി പുതിയ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. അഴിമതി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിജയം നേടി. ഉയര്‍ന്ന തലങ്ങളില്‍ അഴിമതി തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ഭരണനടപടികളുടെ വേഗം ഇനിയും കൂട്ടണമെന്നാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പശ്ചാത്തല വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയി. ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ജനങ്ങളുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്. നിശ്ചിത സമയത്ത് തന്നെ ദേശീയപാത വികസനം പൂര്‍ത്തിയാക്കും. ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി ഈവര്‍ഷം പൂര്‍ത്തിയാകും. ജൂണ്‍ മുതല്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വ്യവസായ രംഗത്ത് പ്രകൃതിവാതകം ലഭ്യമാകും. കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തിക്കുന്ന കാര്യത്തിലും പുരോഗതിയുണ്ട്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ സമഗ്രവികസനം എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് നാല് മിഷനുകള്‍ രൂപവത്കരിച്ചത്.

രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാനപാലനമുള്ള സംസ്ഥാനമാണ് കേരളം. തെളിയിക്കപ്പെടാത്ത ഒട്ടേറെ കേസുകള്‍ പോലീസ് തെളിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും പോലീസ് മികവ് തെളിയിച്ചു. അതേസമയം ചില പോലീസുകാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സേനക്ക് കളങ്കമുണ്ടാക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നിര്‍ദാക്ഷീണ്യം നടപടിയെടുക്കും. വാരാപ്പുഴയില്‍ കസ്റ്റഡിമരണമുണ്ടായപ്പോള്‍ സര്‍ക്കാറെടുത്ത നടപടി ഇതിന് തെളിവാണ്. പരാതിയുയര്‍ന്ന ഉടനെ അന്വേഷണം നടത്തി പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കസ്റ്റഡി മരണങ്ങള്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും ശക്തമായ നടപടി ഉണ്ടായിട്ടില്ല.

കേരളത്തിന്റെ മതസൗഹാര്‍ദ മതനിരപേക്ഷ പാരമ്പര്യത്തിന് പോറലേല്‍പ്പിക്കാനും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജമ്മുവില്‍ കൊച്ചു പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ രാജ്യമെങ്ങും പ്രതിഷേധമുണ്ടായി. കേരളത്തിലും വലിയ പ്രതിഷേധമുയര്‍ന്നുവന്നു. എന്നാല്‍ ചിലയാളുകള്‍ ഈ പ്രതിഷേധത്തെ വഴിതിരിച്ചുവിടാനും കലാപമുണ്ടാക്കാനും ശ്രമിച്ചു. വാട്ട്‌സാപ്പിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇതിന്റെ ഭാഗമായിരുന്നു. കുറ്റവാളികള്‍ക്കായി രംഗത്തിറങ്ങിയ അതേ ശക്തികള്‍ തന്നെയാണ് ഈ ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിച്ചെതെന്ന് പോലീസ് കണ്ടെത്തി.

കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ആത്മാര്‍ഥമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. വ്യവസായങ്ങള്‍ക്ക് തടസ്സമില്ലാതെ ലൈസന്‍സ് ലഭ്യമാക്കുന്നതിന് പുതിയ നിയമം നിര്‍മിച്ചു. മറ്റെല്ലാ മേഖലകളിലും കേരളം മുന്‍പന്തിയിലാണെങ്കിലും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ കാര്യത്തില്‍ കേരളം പിറകിലാണ്. പുതിയ നിയമം പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിന്റെ റാങ്ക് ഉയരും. മെയ് ഒന്ന് മുതല്‍ നോക്കുകൂലി അവസാനിപ്പിച്ചിരിക്കുകയാണ്. ഇനിയെന്തെങ്കിലും പരാതി വന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനുമായാണ് യോഗം ചേര്‍ന്നത്. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലായിരുന്നു മാധ്യമ പ്രതിനിധികളുമായുള്ള ചര്‍ച്ച. വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് സെയ്ഫുദ്ദീന്‍ ഹാജി(സിറാജ്), സി ഗൗരിദാസന്‍ നായര്‍(ദി ഹിന്ദു), എസ് അനില്‍ (ഇന്ത്യന്‍ എക്‌സ്പ്രസ്), എന്‍ ദേവന്‍ (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ), മനോജ് കെ ദാസ് (ടൈംസ് ഓഫ് ഇന്ത്യ), മാര്‍ക്കോസ് എബ്രഹാം(മലയാള മനോരമ), പി കെ രാജശേഖരന്‍(മാതൃഭൂമി), പി മനോജ്( ദേശാഭിമാനി), ദീപു രവി(കേരള കൗമുദി), പി സി മാത്യു(ദീപിക), മെഹബൂബ് (ചന്ദ്രിക), കുഞ്ഞിക്കണ്ണന്‍ (ജന്മ ഭൂമി), അജയകുമാര്‍(വീക്ഷണം), ഗോപീകൃഷ്ണന്‍ (മെട്രോ വാര്‍ത്ത), നവാസ് പൂനൂര്‍(സുപ്രഭാതം) പങ്കെടുത്തു. ഉച്ചകഴിഞ്ഞ് ദൃശ്യമാധ്യമ എഡിറ്റര്‍മാരുമായും ആശയവിനിമയം നടത്തി.

 

Latest