‘നീറ്റി’നെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ മുറിച്ചു മാറ്റി

  • പരീക്ഷാ കേന്ദ്രത്തില്‍ രക്ഷിതാക്കളുടെ പ്രതിഷേധം
  • വസ്ത്രത്തിന്റെ കൈ പോലീസ് തന്നെ മുറിച്ച് മാറ്റുകയായിരുന്നുവെന്നാണ് പരാതി
  • പലരുടെയും വസ്ത്രം ധരിച്ച് പുറത്ത് നടക്കാന്‍ കഴിയാത്ത രൂപത്തിലായി
Posted on: May 7, 2018 6:26 am | Last updated: May 7, 2018 at 12:32 am

കോഴിക്കോട്: ഇന്നലെ നീറ്റ് പരീക്ഷക്കെത്തിയ ഒരു വിഭാഗം വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ നിര്‍ബന്ധപൂര്‍വം മുറിപ്പിച്ചതായി പരാതി. ദേവഗിരി സി എം ഐ സ്‌കൂളില്‍ ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫുള്‍സ്‌ലീവ് ചുരിദാര്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിന്റെ കൈ പോലീസുകാര്‍ മുറിച്ച് മാറ്റുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

ഫുള്‍സ്‌ലീവ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പരീക്ഷാ കേന്ദ്രത്തിന്റെ കവാടത്തില്‍ തടഞ്ഞതോടെയാണ് ഒമ്പത് മണിക്ക് ഡ്രസ്സ് കോഡിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ഹാഫ് സ്‌ലീവ് ആക്കിയാല്‍ മാത്രമേ കടത്തിവിടാനാകൂവെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു. മുറിച്ച് മാറ്റാനായി പോലീസ് രക്ഷിതാക്കളില്‍ ചിലര്‍ക്ക് കത്രിക നല്‍കി. ഇതിനിടെ ചില രക്ഷിതാക്കള്‍ കുട്ടികളെ പുറത്ത് കൊണ്ടുപോയി ഫുള്‍സ്‌ലീവ് മുറിച്ച് മാറ്റിയ ശേഷം തിരിച്ച് കൊണ്ടുവന്നു. എന്നാല്‍ ഒരു വിഭാഗം വിദ്യാര്‍ഥികളുടെ വസ്ത്രത്തിന്റെ കൈ പോലീസ് തന്നെ മുറിച്ച് മാറ്റുകയായിരുന്നുവെന്നാണ് പരാതി.

സംഭവം വിവാദമായതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിര്‍ബന്ധപൂര്‍വം വസ്ത്രത്തിന്റെ കൈ മുറിച്ച് മാറ്റിയത് ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്കുള്ള നിര്‍ദേശമാണെന്നാണ് സി ബി എസ് ഇ അധികൃതരും പോലീസും അറിയിച്ചതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.

നീറ്റ് പരീക്ഷക്കുള്ള പ്രത്യേക ഡ്രസ്സ് കോഡിനെ തങ്ങള്‍ അനുസരിക്കുന്നുവെന്നും എന്നാല്‍ ഒരു വിഭാഗത്തിന്റെ വസ്ത്രത്തിന്റെ കൈ മാത്രം മുറിച്ച് മാറ്റുകയും മറ്റ് ചിലര്‍ക്ക് ഇത് ബാധകമല്ലാതെ പരീക്ഷക്കിരുത്തിയതിനെയാണ് ചോദ്യം ചെയ്തതെന്നും ഇവര്‍ പറഞ്ഞു.

സങ്കുചിത മനോഭാവത്തോടെയാണ് ഒരു വിഭാഗം വിദ്യാര്‍ഥികളെ മാത്രം മാറ്റി നിര്‍ത്തിയതെന്നും ഇവര്‍ കുറ്റപ്പെടുത്തി. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത രൂപത്തിലാണ് പലരുടെയും വസ്ത്രത്തിന്റെ കൈ മുറിച്ച് മാറ്റിയിരിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വസ്ത്രധാരണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി ബി എസ് ഇ നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഫുള്‍സ്‌ലീവ് വസ്ത്രങ്ങള്‍ പാടില്ലെന്ന് കൃത്യമായി പറയുന്നുണ്ടെന്നും എന്നാല്‍, മതപരമായ ആചാരത്തിന്റെ ഭാഗമായി പ്രത്യേക വസ്ത്രധാരണം ആവശ്യമുള്ളവര്‍ ഒരു മണിക്കൂര്‍ മുമ്പേ എത്തണമെന്നും സി ബി എസ് ഇ അധികൃതര്‍ വ്യക്തമാക്കുന്നു.

രാവിലെ പത്ത് മണിക്കാരംഭിക്കുന്ന പരീക്ഷക്ക് വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ പരീക്ഷാ കേന്ദങ്ങളിലെത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ വിവിധ ജില്ലാ ഭരണകൂടങ്ങളുടെ സഹായത്തോടെ സംവിധാനമേര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ 43 പരീക്ഷാ കേന്ദ്രങ്ങളിലായി 21,000 വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയെഴുതിയത്.