ബി ഡി ജെ എസിനെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ ഡി എ കണ്‍വന്‍ഷന്‍

Posted on: May 7, 2018 6:21 am | Last updated: May 7, 2018 at 12:26 am
ചെങ്ങന്നൂരില്‍ എന്‍ ഡി എ കണ്‍വന്‍ഷന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിനെ ഒഴിവാക്കി എന്‍ ഡി എ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. ഇടതു- വലതു മുന്നണികള്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ മാസങ്ങള്‍ക്ക് മുമ്പെ നടത്തിയിട്ടും എന്‍ ഡി എ കണ്‍വന്‍ഷന്‍ നീട്ടിക്കൊണ്ടുപോയത് ഇടഞ്ഞുനില്‍ക്കുന്ന ബി ഡി ജെ എസിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനായിരുന്നു. എന്നാല്‍, അവസാന നിമിഷം വരെ അവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ യോജിച്ചുള്ള പ്രചാരണത്തിനില്ലെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം ബി ജെ പിക്ക് നല്‍കിയത്. ഇതോടെയാണ് ബി ഡി ജെ എസിനെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ ബി ജെ പി തീരുമാനിച്ചത്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ബി ഡി ജെ എസ് ഒഴികെയുള്ള ഘടകകക്ഷികളെയല്ലാം ഒപ്പം നിര്‍ത്താനായത് വിജയമായാണ് ബി ജെ പി കരുതുന്നത്. ഇന്നലെ നടന്ന എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ജെ ആര്‍ എസ് സംസ്ഥാന അധ്യക്ഷ സി കെ ജാനു, ജെ എസ് എസ് രാജന്‍ ബാബു വിഭാഗം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പൊന്നപ്പന്‍, എല്‍ ജെ പി അധ്യക്ഷന്‍ എം മെഹബൂബ്, പി എസ് പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ പൊന്നപ്പന്‍, നാഷനലിസ്റ്റ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കുരുവിള മാത്യു, സോഷ്യലിസ്റ്റ് ജനതാദള്‍ പ്രസിഡന്റ് വി വി രാജേന്ദ്രന്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട് എന്നിര്‍ പങ്കെടുത്തു. എന്നാല്‍, ബി ഡി ജെ എസ് രൂപവത്കരണവുമായി ബന്ധപ്പെട്ട് ബൈലോ തയ്യാറാക്കുന്നതിലും മറ്റും മുന്നില്‍ നിന്ന ജെ എസ് എസ് നേതാവ് രാജന്‍ബാബു യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.

അതേസമയം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ബി ഡി ജെ എസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ, ഇവിടെ സ്വീകരിക്കേണ്ട നിലപാട് പാര്‍ട്ടി പ്രഖ്യാപിക്കും.

സ്വന്തം നിലക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ അതോ മറ്റേതെങ്കിലും മുന്നണികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഉപാധിയോടെയോ ഉപാധി രഹിതമായോ പിന്തുണ നല്‍കുമോയെന്ന കാര്യത്തിലൊന്നും ധാരണയിലെത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അടിക്കടിയുള്ള ബി ജെ പി വിരുദ്ധ പ്രസ്താവനകളാണ് മുന്നണിയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിച്ചതെന്നും ബി ഡി ജെ എസിനെ അനുനയിപ്പിക്കുന്നതില്‍ നിന്ന് ബി ജെ പി നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചതെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വെള്ളാപ്പള്ളിയാകട്ടെ, ഇടത് അനുകൂല നിലപാടാണ് പരസ്യമായി സ്വീകരിച്ചിട്ടുള്ളത്. ബി ജെ പി, ബി ഡി ജെ എസ് അകല്‍ച്ച മൈക്രോഫൈനാന്‍സ് തട്ടിപ്പ് കേസ് അടക്കമുള്ള നിരവധി പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്നതനിക്ക് പിടിവള്ളിയാക്കാമെന്നാണ് വെള്ളാപ്പള്ളി കരുതുന്നത്.