Connect with us

International

യു എസിന്റെ പ്രകോപനം സമാധാന ശ്രമങ്ങളെ ബാധിക്കും: ഉ. കൊറിയ

Published

|

Last Updated

സിയൂള്‍: അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച നടക്കാനിരിക്കെ അമേരിക്കയുടെ അമിത ഇടപെടല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. തങ്ങള്‍ക്കെതിരെ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നതായും സൈനിക ഭീഷണി മുഴക്കുന്നതായും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കി. ഉത്തര കൊറിയ ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് വരെ സാമ്പത്തിക ഉപരോധം എടുത്തുകളയുന്നില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുന്ന അമേരിക്ക ഇടക്കിടെ മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയാണ്. അതുവഴി പൊതുജനാഭിപ്രായത്തെ തെറ്റായ ദിശയിലേക്കാണ് അമേരിക്ക കൊണ്ടുപോകുന്നത്. ഉപരോധം ഉള്‍പ്പടെയുള്ള വിവിധ സമ്മര്‍ദങ്ങളുടെ ഫലമായാണ് ഇപ്പോള്‍ ഉത്തര കൊറിയ ആണവ നിരായുധീകരണത്തിന് തയ്യാറായിരിക്കുന്നതെന്ന് അമേരിക്ക പൊതുജനങ്ങളോട് വിളിച്ചുപറയുന്നു. കൊറിയന്‍ മേഖല സമാധാനത്തിലേക്ക് തിരിച്ചുനടക്കുന്നതിനിടെയാണ് പ്രകോപനപരമായ നീക്കങ്ങളുമായി അമേരിക്ക രംഗത്തുവന്നിരിക്കുന്നത്. ചര്‍ച്ചകളിലൂടെ രൂപപ്പെട്ടുവന്ന സമാധാന സാഹചര്യം ഇതിലൂടെ നശിപ്പിക്കപ്പെടുകയേ ഉള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ഇതാദ്യമായാണ് ചര്‍ച്ചക്കുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇരു കൊറിയകളും തമ്മില്‍ നടന്ന ചരിത്രപരമായ ഉച്ചകോടിയെ തുടര്‍ന്ന്, മേഖല ആണവ നിരായുധീകരിക്കുമെന്ന് ഇരു നേതാക്കളും സമ്മതിച്ചിരുന്നു.

നേരത്തെ അമേരിക്കയെ രൂക്ഷമായ ഭാഷയില്‍ ഉത്തര കൊറിയ വിമര്‍ശിച്ചിരുന്നെങ്കിലും ഉച്ചകോടി സാധ്യതകള്‍ കണക്കിലെടുത്ത് വിമര്‍ശനത്തില്‍ നിന്ന് മാറിനിന്നിരുന്നു.

ഉത്തര കൊറിയയുടെ പുതിയ മുന്നറിയിപ്പ് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയെ ബാധിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

---- facebook comment plugin here -----

Latest