റെയ്ഞ്ച് ഐ ജിമാരുടെ എണ്ണം കൂട്ടണം

  • മേഖലാ എ ഡി ജി പി തസ്തിക നിര്‍ത്തലാക്കും
  • ശിപാര്‍ശ പോലീസ് ഉപദേഷ്ടാവിന്റേത്
Posted on: May 7, 2018 6:22 am | Last updated: May 6, 2018 at 11:41 pm

തിരുവനന്തപുരം സംസ്ഥാനത്ത് പോലീസ് സേനയുടെ നിലവിലെ ഘടന ഉടച്ചുവര്‍ക്കുന്നതിനുള്ള ശിപാര്‍ശ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാറിന് സമര്‍പ്പിച്ചു. നിലവിലുള്ള ഉന്നത ഉദ്യോഗസ്ഥ തസ്തികയില്‍ ഘടനാപരമായ മാറ്റം വരുത്തി ക്രമസമാധാന പാലനം ശക്തിപ്പെടുത്തല്‍ ലക്ഷ്യമിട്ടുള്ള റിപ്പോര്‍ട്ടില്‍ നിലവിലുള്ള റെയ്ഞ്ച് ഐ ജി മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തി മേഖലാ എ ഡി ജി പി തസ്തിക എടുത്തുമാറ്റാനാണ് പ്രധാനമായും ശിപാര്‍ശ ചെയ്തിരക്കുന്നത്.

നിലവിലുള്ള നാല് റേഞ്ച് ഐ ജിമാരുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തി ദക്ഷിണ, ഉത്തര മേഖലകളില്‍ ക്രമസമാധാന ചുമതലയുള്ള മേഖലാ എ ഡി ജി പിമാരുടെ തസ്തിക നിര്‍ത്തലാക്കാനാണ് ശിപാര്‍ശ. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെതാണ് നിര്‍ദേശം. ഇത് പ്രകാരം അഞ്ച് റെയ്ഞ്ച് ഐ ജിമാരെയും ഇവര്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പോലീസ് ആസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള ഒരു എ ഡി ജി പിയെയും നിയമിക്കുന്ന രീതിയില്‍ പോലീസ് ഘടനയില്‍ മാറ്റം വരുത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും സര്‍ക്കാര്‍ പരിഗണിക്കുക.

ഉത്തര, ദക്ഷിണ മേഖലകളുടെ തലപ്പത്ത് നിന്ന് എ ഡി ജി പിമാരെ ഒഴിവാക്കി പകരം ഐ ജിമാരെ നിയോഗിക്കുക, അല്ലെങ്കില്‍ റെയ്ഞ്ചുകളില്‍ നിന്ന് ഐ ജിമാരെ ഒഴിവാക്കി ഡി ഐ ജിമാര്‍ക്ക് അധികാരം നല്‍കുക, രണ്ട് മേഖലകളില്‍ നിന്നുള്ള എ ഡി ജി പിമാരില്‍ ഒരാള്‍ക്ക് ഡി ജി പിയുടെ കീഴിലായി സംസ്ഥാന ക്രമസമാധാന പാലനത്തിന്റെ പൂര്‍ണ ചുമതല നല്‍കുക, നിലവിലുള്ള തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ റെയ്ഞ്ചുകള്‍ക്ക് പുറമെ കോഴിക്കോട് റെയ്ഞ്ച് കൂടി രൂപവത്കരിച്ച് അഞ്ച് ഐ ജി മാര്‍ക്ക് ചുമതല നല്‍കുക, മെട്രോ സിറ്റിയായ കൊച്ചി കമ്മീഷണറുടെ പദവി ഐ ജിക്കും തിരുവനന്തപുരത്തിന്റെ ചുമതല ഡി ഐ ജിക്കും നല്‍കുക തുടങ്ങിയവയാണ് പ്രധാന ശിപാര്‍ശകള്‍. പോലീസ് സേനയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് അധികാരം നല്‍കി ഊര്‍ജവും കാര്യക്ഷമതയും കൈവരിക്കാന്‍ ഈ മാറ്റം ഉപകരിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

എ ഡി ജി പി, ഡി ജി പി റാങ്കില്‍ ഇരുപതിലേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. പുതിയ നിര്‍ദേശം നടപ്പിലായാല്‍ ഇവരില്‍ സര്‍ക്കാറിന്റെ വിശ്വസ്തനായ ഒരാള്‍ക്ക് മാത്രമേ ഭാവിയില്‍ ക്രമസമാധാന ചുമതലയുള്ള തസ്തിക വഹിക്കാന്‍ കഴിയൂ. ഒപ്പം ഒരു എ ഡി ജി പിയും രണ്ട് ഐ ജിമാരും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറേണ്ടിവരും. നിലവില്‍ ഡി ജി പിയെന്ന സംസ്ഥാന പോലീസ് മേധാവിക്ക് കീഴില്‍ തൊട്ടുതാഴെ ഉത്തര, ദക്ഷിണ മേഖലകളില്‍ ഏഴ് ജില്ലകളുടെ വീതം ചുമതലയുള്ള എ ഡി ജി പിമാരാണ്. അതിന് താഴെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ റെയ്ഞ്ചുകളില്‍ ഐ ജിമാര്‍. ഇതാണ് സംസ്ഥാനത്തെ പോലീസിന്റെ ഉന്നതതല ഘടന. നേരത്തെ ഉത്തര മേഖലയിലും ദക്ഷിണ മേഖലയിലും ഐ ജിമാരായിരുന്നു ക്രമസമാധാന പാലനം കൈയാളിയിരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് എ ഡി ജി പിമാരെ നിയമിച്ചത്.

അതിനിടെ, പുതിയ മാറ്റം യാഥാര്‍ഥ്യമായാല്‍ കണ്ണൂര്‍ പോലെ നിരന്തര പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് തിരിച്ചടിയാകുമെന്ന് വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. നീക്കം ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തില്‍ നിന്ന് മാറ്റുന്ന ശിപാര്‍ശക്കെതിരെയാണ് ഐ പി എസ് തലത്തില്‍ പ്രതിഷേധം.

എന്നാല്‍, നേരത്തെ ഉത്തര മേഖലയില്‍ രാജേഷ് ദിവാനെ നിയമിക്കേണ്ടി വന്നപ്പോള്‍ എ ഡി ജി പി തസ്തിക, ഡി ജി പി തസ്തികയായി ഉയര്‍ത്തിയതോടെ രണ്ട് ഡി ജി പിമാര്‍ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു.