Connect with us

Sports

പോര്‍ച്ചുഗലില്‍ പോര്‍ട്ടോ

Published

|

Last Updated

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്നലെ ഹോം മാച്ചിന് ശേഷം ട്രോഫി സ്വീകരിച്ചപ്പോള്‍

പോര്‍ട്ടോ: പോര്‍ച്ചുഗീസ് ലീഗില്‍ എഫ് സി പോര്‍ട്ടോ ചാമ്പ്യന്‍മാര്‍. ലീഗ് ടേബിളില്‍ രണ്ടാംസ്ഥാനത്തുള്ള ബെന്‍ഫിക്കയും സ്‌പോര്‍ട്ടിംഗും ഗോള്‍രഹിതമായി പരിഞ്ഞതോടെയാണ് പോര്‍ട്ടോ ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. 33 റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ബെന്‍ഫിക്കക്കുംസ്‌പോര്‍ട്ടിംഗിനും 78 പോയിന്റ് വീതം. എഫ് സി പോര്‍ട്ടോക്ക് 32 മത്സരങ്ങളില്‍ നിന്ന് 82ഉം.

പോര്‍ട്ടോ ശേഷിക്കുന്ന മത്സരങ്ങളില്‍ തോറ്റാലും രണ്ടാംസ്ഥാനക്കാര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ സാധിക്കില്ല.
തുടരെ അഞ്ചാം ലീഗ് കിരീടം സ്വപ്‌നം കണ്ട ബെന്‍ഫിക്കക്ക് ജയം അനിവാര്യമായിരുന്നു. എന്നാല്‍, സ്‌പോര്‍ട്ടിംഗിന്റെ തട്ടകത്തില്‍ ഗോളടിക്കാന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് സാധിച്ചില്ല.

ഇത് എഫ് സി പോര്‍ട്ടോയുടെ ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു. 2013ന് ശേഷം പോര്‍ട്ടോയുടെ ആദ്യ ലീഗ് കിരീടമാണിത്.
റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം പോര്‍ട്ടോയിലെത്തിയ ഗോളി ഐകര്‍ കസിയസിന് സ്‌പെയ്‌നിന് പുറത്തും ലീഗ് ചാമ്പ്യനാകാന്‍ സാധിച്ചു. 2015 ലാണ് കസിയസ് പോര്‍ട്ടോയിലെത്തിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് ലീഗ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് യോഗ്യത നേടുക. ആ സ്ഥാനത്തിന് വേണ്ടി ബെന്‍ഫിക്കയും സ്‌പോര്‍ട്ടിംഗും തമ്മിലാണ് പോരാട്ടം. തുല്യ പോയിന്റാണ് ഇവര്‍ക്ക്.

ഗോള്‍ ശരാശരിയില്‍ ബെന്‍ഫിക്കക്ക് മുന്‍തൂക്കമുണ്ട്. അവസാന മത്സരത്തില്‍ ദുര്‍ബലരായ മോറിയന്‍സാണ് ബെന്‍ഫിക്കയുടെ എതിരാളി. സ്‌പോര്‍ട്ടിംഗിന് എവേ മത്സരമാണ്. ആറാംസ്ഥാനക്കാരായ മരിടിമോയാണ് എതിരാളി.

നാട്ടുകാര്‍ക്ക് മുന്നില്‍ വിജയത്തോടെ കപ്പുയര്‍ത്താമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹത്തിന് ഹഡര്‍സ്ഫീല്‍ഡ് ഗോളില്ലാ കളിയില്‍ തടയിട്ടു. മനോഹരമായി ഫുട്‌ബോള്‍ കളിക്കുന്ന ടീം എന്ന വിശേഷണത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായില്ല സിറ്റിയുടെ പ്രകടനം. കെവിന്‍ ഡി ബ്രൂയിനും ഗബ്രിയേല്‍ ജീസസും സുവര്‍ണാവസരങ്ങള്‍ പാഴാക്കി.

Latest