കര്‍ശന പരിശോധന; നീറ്റ് പൂര്‍ത്തിയായി

ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതി
Posted on: May 6, 2018 7:09 pm | Last updated: May 7, 2018 at 12:11 am

തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പൂര്‍ത്തിയായി. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ പരീക്ഷാ കേന്ദ്രങ്ങളിലായി തമിഴ്‌നാട്ടില്‍ നിന്നടക്കം ഒരു ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരുന്നു പരീക്ഷാ സമയം. കഴിഞ്ഞ വര്‍ഷം വസ്ത്രം അഴിപ്പിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഇത്തവണ വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ കര്‍ശന നിബന്ധനകളോടെയാണ് പരീക്ഷ നടന്നത്. എന്നാല്‍, ഇത്തവണയും വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി.

കോഴിക്കോട് ദേവഗിരി സി എം ഐ പബ്ലിക് സ്‌കൂളില്‍ പരീക്ഷക്കെത്തിയ രണ്ട് വിദ്യാര്‍ഥിനികളുടെ ഫുള്‍സ്ലീവ് വസ്ത്രത്തിന്റെ കൈ അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുറിച്ചു മാറ്റിയത് ചെറിയ പ്രതിഷേധത്തിനിടയാക്കി. അരക്കൈ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്ന മാര്‍ഗനിര്‍ദേശമുണ്ടായിരുന്നു. മലപ്പുറം മുബാറക് സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി ലഭിച്ചവര്‍ വിലാസത്തില്‍ വന്ന പിശക് മൂലം അവസാന നിമിഷം ആശയക്കുഴപ്പത്തിലായി. അഡ്മിറ്റ് കാര്‍ഡില്‍ കൊരമ്പയില്‍ ആശുപത്രിക്ക് സമീപം എന്നാണ് സ്‌കൂള്‍ വിലാസം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്‌കൂളിന്റെ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടമായിരുന്നു പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിരുന്നത്. പരീക്ഷക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് തെറ്റ് അറിഞ്ഞത്. ഇത് വിദ്യാര്‍ഥികളെ വലച്ചെങ്കിലും കേന്ദ്രത്തിലെത്തി പരീക്ഷയെഴുതാനായി. കൊച്ചിയില്‍ പരീക്ഷ എഴുതാനെത്തിയ തമിഴ്‌നാട് സ്വദേശിയുടെ പിതാവ് കൃഷ്ണസ്വാമി ശ്രീനിവാസന്‍ ഹൃദയാഘാതം മൂലം മരിച്ചെങ്കിലും പരീക്ഷ കഴിയുന്നത് വരെ വിദ്യാര്‍ഥിയെ മരണം അറിയിക്കാതെ ഉദ്യോഗസ്ഥര്‍ അത് കൈകാര്യം ചെയ്തു.

രാവിലെ 7.30 മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ എത്തിയിരുന്നു. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. മാല, കമ്മല്‍ അടക്കമുള്ളവ ധരിക്കാന്‍ അനുവദിച്ചില്ല. എല്ലായിടത്തും പോലീസിനെ വിന്യസിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെ എസ് ആര്‍ ടി സി അധിക സര്‍വീസുകള്‍ നടത്തി.