അഫ്ഗാനില്‍ ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ താലിബാനാണെന്ന് സൂചന
Posted on: May 6, 2018 7:53 pm | Last updated: May 7, 2018 at 1:45 pm

കാബൂള്‍: അഫ്ഗാനിസ്താനില്‍ നിന്ന് ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അഫ്ഗാനിലെ ബഗ്‌ലാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയാണ് സംഭവം. താപനിലയത്തില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ സ്വദേശിയേയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി റോയിട്ടേഴ്‌സാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവം ഇന്ത്യന്‍ നയതന്ത്രകാര്യാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ജിനീയര്‍മാരുടെ മോചനത്തിനായുള്ള ശ്രമം തുടങ്ങിയതായും നയതന്ത്രകാര്യാലയം അറിയിച്ചു.

അഫ്ഗാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘ദി അഫ്ഗാനിസ്ഥാന്‍ ബ്രെഷ്‌ന ഷേര്‍ക്കത്ത്’ എന്ന താപനിലയത്തിലേക്ക് മിനി ബസില്‍ പോകുമ്പോഴായിരുന്നു സംഭവം. കമ്പനിയിലെ ജീവനക്കാരായിരുന്നു ഏഴു പേരും. താപനിലയത്തിലെ അറ്റകൂറ്റപ്പണികള്‍ നിര്‍വഹിക്കാന്‍ പോകുകയായിരുന്നു. ബസിനെ വളഞ്ഞ അജ്ഞാതരായ തോക്കുധാരികള്‍ അഫ്ഗാന്‍ സ്വദേശിയായ െ്രെഡവറെ ഉള്‍പ്പെടെ എല്ലാവരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ഭീകരസംഘടനകളൊന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് കരുതുന്നത്.