Connect with us

Kerala

കശ്മീരില്‍ സര്‍വകലാശാല പ്രൊഫസര്‍ ഉള്‍പ്പെടെ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് തീവ്രവാദികളെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ കശ്മീര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ മുഹമ്മദ് റാഫി ഭട്ടും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡറായ സദാം പാഡറും കൊല്ലപ്പെട്ടതായി വിവരമുണ്ട്.

ഷോപ്പിയാന്‍ ജില്ലയിലെ ബഡിഗാം ഗ്രാമത്തിലെ സൈനിപ്പോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് തീവ്രവാദികള്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തവേ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു.

കാശ്മീര്‍ സര്‍വകലാശാലയില്‍ അധ്യാപകനായ മുഹമ്മദ് റാഫി ഭട്ട് കുറച്ച് ഏതാനും വര്‍ഷം മുന്‍പാണ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. കശ്മീരില്‍ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് ഇയാള്‍ തീവ്രവാദപ്രവര്‍ത്തനം ആരംഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ്, സിആര്‍പിഎഫ്, രാഷ്ട്രീയ റൈഫിള്‍സ് എന്നീ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായാണ് തീവ്രവാദികളെ നേരിട്ടത്. ഏറ്റുമുട്ടലിനിടെ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.