Connect with us

National

മാധ്യമപ്രവര്‍ത്തകന്‍ ഉപേന്ദ്ര റായി ഭീഷണിപ്പെടുത്തി 15 കോടി തട്ടിയെടുത്തുവെന്ന് പുതിയ കേസ്

Published

|

Last Updated

ന്യൂഡല്‍ഹി: അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ ഉപേന്ദ്ര റായിക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍കം ടാക്‌സ് പവര്‍ ബ്രോക്കറാണെന്ന് പറഞ്ഞ് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാതാവില്‍നിന്നും ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് പുതിയ കേസ്. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ അടിസ്ഥാനത്തിലും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലുമാണ് രണ്ട് ദിവസം മുമ്പ് റായിയെ സിബിഐ അറസ്റ്റ് ചെയ്തത്.

വൈറ്റ് ലയണ്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഒരു ഡയറക്ടറായ ബല്‍വീന്ദര്‍ സിംഗ് മല്‍ഹോത്രയുടെ പരാതിയിലാണ് സിബിഐ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. 2017ല്‍ ടാക്‌സ് പവര്‍ ബ്രോക്കറാണെന്ന വ്യാജേന കമ്പനി പ്രൊമോട്ടറുടെ ബന്ധുവായ കപില്‍ വാധവാനെ സമീപിച്ചാണ് പണം തട്ടിയത്. വന്‍കിട മാധ്യമ സ്ഥാപനങ്ങളുമായി ബന്ധമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍കൂടിയാണ് താനെന്നും ഈ ബന്ധം ഉപയോഗിച്ച് കമ്പനിയുടെ പ്രതിച്ഛായ നശിപ്പിക്കുമെന്നും റായി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.