ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ തപാല്‍ വഴി അയച്ചുകൊടുക്കും

Posted on: May 5, 2018 9:25 pm | Last updated: May 6, 2018 at 9:18 am

ന്യൂഡല്‍ഹി: രാഷ്ട്രപതി നേരിട്ട് പുരസ്‌കാരം നല്‍കാത്തതിനാല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍നിന്നും വിട്ടുനിന്നവരുടെ പുരസ്‌കാരങ്ങള്‍ തപാല്‍ വഴി അയച്ചുകൊടുക്കുമെന്ന് റിപ്പോര്‍ട്ട്. പുരസ്‌കാരത്തിന് അര്‍ഹരായവരുടെ മെഡലുകളും ഫലകങ്ങളും തപാല്‍ വഴി ഇവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനാപരമായ പരിപാടിയല്ലാത്തതിനാല്‍ 11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ട് പുരസ്‌കാരങ്ങള്‍ സമ്മാനിക്കില്ലെന്ന തീരുമാനമാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ച് മലയാള സിനിമയില്‍നിന്നുള്ളവരടക്കം നിരവധി പുരസ്‌കാര ജേതാക്കള്‍ പരിപാടി ബഹിഷ്‌ക്കരിക്കുകയായിരുന്നു.