ഫയര്‍ഫോഴ്‌സില്‍ കോടികളുടെ പര്‍ച്ചേഴ്‌സ് അഴിമതി

പരിശോധിക്കുമെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ഹേമചന്ദ്രന്‍
Posted on: May 5, 2018 6:03 am | Last updated: May 5, 2018 at 12:08 am
SHARE

തിരുവനന്തപുരം: ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റില്‍ കോടികളുടെ അഴിമതി. അടുത്തിടെ വകുപ്പില്‍ വാങ്ങിക്കൂട്ടിയ ഫയര്‍ എന്‍ജിനുകളുടെയും മറ്റുവാഹനങ്ങളുടെയും ഇടപാടിന്റെ മറവില്‍ വന്‍തിരിമറി നടന്നതായാണ് വിവരം. ഇതിനെ വെല്ലുന്ന തിരിമറികളാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുടെ മറവില്‍ പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഇന്റലിജന്‍സ് വിഭാഗത്തിന് കൃത്യമായ വിവരം ലഭിച്ചതായാണ് അറിയുന്നത്്.

ഫയര്‍ഫോഴ്‌സിലെ അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് പുതിയ വിജിലന്‍സ് മേധാവി ഡോ. നിര്‍മല്‍ ചന്ദ്ര അസ്താനയുടെ നിര്‍ദേശം. ധനകാര്യ വകുപ്പിലെ ഓഡിറ്റ് വിഭാഗവും ഫയര്‍ഫോഴ്‌സിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം, അഴിമതിക്കാരായ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴാണ്, അതേജനങ്ങളുടെ നികുതിപ്പണം വെട്ടിക്കുന്ന അഴിമതിക്കാരായ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ തടിച്ചുകൊഴുക്കുന്നത്. ഫയര്‍ഫോഴ്‌സിലെ അഴിമതി സംബന്ധിച്ച് സര്‍ക്കാറിന് നിരവധി പരാതികള്‍ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.

പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഭരിക്കുന്നവകുപ്പിലെ അഴിമതിക്കെതിരെ ആരും കര്‍ശന നടപടി കൈക്കൊള്ളുകയോ കാര്യക്ഷമമായ ഇടപെടല്‍ നടത്തുകയോ ചെയ്യുന്നില്ലത്രെ. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫയര്‍ഫോഴ്‌സ് വകുപ്പിന്റെ ഖജനാവ് കട്ടുമുടിക്കുന്ന ബോര്‍ഡ്, കോര്‍പറേഷനുകളെക്കാള്‍ ഗതികെട്ട വെള്ളാനയായി മാറുമെന്ന് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പരിതപിക്കുന്നു. ഫയര്‍ഫോഴ്‌സിലെ അഴിമതി സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ധനകാര്യ വിഭാഗത്തില്‍ നിന്നും അറിയാന്‍ സാധിച്ചത്.

മറ്റേതൊരു വകുപ്പിലേതും പോലെ ഫയര്‍ഫോഴ്‌സിലെ പര്‍ച്ചേസുകളും കുപ്രസിദ്ധമാണ്. ചില ഉന്നതര്‍, വകുപ്പിനെ ആധുനികവത്കരിക്കുന്നതിന്റെ മറവില്‍ കോടികള്‍ മുടക്കി വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും അതിന് വാഹന നിര്‍മാതാക്കളില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്നതും പുതിയ കാര്യമല്ല. കാലാകാലങ്ങളില്‍ ഫയര്‍ഫോഴ്‌സ് ഭരിച്ചിട്ടുള്ള പല ഉന്നതരും വാഹന നിര്‍മാതാക്കളില്‍ നിന്നും കോടികള്‍ കോഴയായി കൈപ്പറ്റിയിട്ടുണ്ട്. പര്‍ച്ചേസുകളില്‍ സുതാര്യത കാത്തുസൂക്ഷിച്ച, അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത നല്ലവരായ ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സിലുണ്ടായിട്ടുണ്ട്. പക്ഷേ, അവരാരും അധികനാള്‍ അവിടെ തുടര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

വകുപ്പ് നവീകരണത്തിന്റെ പേരില്‍ കോടികളുടെ ഫണ്ട് സര്‍ക്കാറില്‍ നിന്നും തരപ്പെടുത്തും. ഇതാണ് അഴിമതിക്കായി വിനിയോഗിക്കുന്നത്. വിവിധ വാഹന നിര്‍മാതാക്കളുടെ പ്രതിനിധികള്‍ ഫയര്‍ഫോഴ്‌സ് ആസ്ഥാനത്തെ പതിവ് സന്ദര്‍ശകരാണ്. ഇവരുടെ ലക്ഷ്യം, സ്വന്തം കമ്പനിയുടെ വിറ്റഴിയാന്‍ പ്രയാസമുള്ള (ഓപ്പണ്‍മാര്‍ക്കറ്റില്‍) വാഹനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ വിറ്റഴിക്കുക എന്നതാണ്. മാനുഫാക്ചറിംഗ്് ഡിഫക്ടോ ഇതര സാങ്കേതികപിഴവുകളോ കാരണം പൊതുവിപണിയില്‍ മാര്‍ക്കറ്റ് കുറയുന്ന വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് ഉന്നതരുടെ ഒത്താശയോടെ കമ്മീഷന്‍ വ്യവസ്ഥയില്‍ പര്‍ച്ചേസ് ചെയ്യിക്കാനാണ് ഇവര്‍ ഫയര്‍ഫോഴ്‌സ് ആസ്ഥാനത്ത് എത്തുന്നത്. ഇവിടെ, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് വിഭാഗത്തിലെ ചില ‘സ്ഥിരംകുറ്റികള്‍’ മുഖേന ഉന്നതരുടെ അടുത്തെത്തുന്ന കമ്പനി പ്രതിനിധികള്‍ വന്‍തുകയാണ് അഴിമതിക്കാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. വാങ്ങുന്ന ഓരോ വാഹനത്തിനും ലക്ഷങ്ങള്‍ കോഴ നിശ്ചയിച്ച് ഇടപാടുകള്‍ സെറ്റില്‍ ചെയ്യുന്നതാണ് ഇവിടത്തെ കീഴ്‌വഴക്കം. ഇതിനോടൊപ്പം, വിദേശയാത്രകളും ആഡംബര ഹോട്ടല്‍ താമസവുമൊക്കെ തരപ്പെടുത്തുന്ന വിരുതന്‍മാരും ഫയര്‍ഫോഴ്‌സിലുണ്ട്.

ഫയര്‍ഫോഴ്‌സ് ആസ്ഥാന മന്ദിരത്തിന് സമീപത്തുള്ള ആഡംബര ഹോട്ടലില്‍ വെച്ചാണ് പല ഇടപാടുകളും ഉറപ്പിക്കുന്നതുപോലും. ഏത് കമ്പനിയുടെ വാഹനമാണോ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്, ആ കമ്പനിക്ക് മാത്രം ടെന്‍ഡര്‍ ലഭിക്കുന്ന തരത്തില്‍ ടെക്‌നികല്‍ സ്‌പെസിഫിക്കേഷന്‍സ് ഉള്‍പ്പെടുത്തി ടെന്‍ഡര്‍ വിളിക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ വഴിപാടിനെന്നോണം പൂര്‍ത്തിയാക്കി നിര്‍ദിഷ്ട കമ്പനിയുടെ തല്ലിപ്പൊള്ളി വാഹനങ്ങള്‍ വാങ്ങിക്കൂട്ടും. നടപടിക്രമങ്ങളെല്ലാം പാലിക്കുന്നതിനാല്‍, ഇവിടെ അഴിമതി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്.

വാഹന നിര്‍മാതാക്കള്‍ക്കും ഇത്തരം ഡീലുകള്‍ കൊണ്ട് ലാഭം മാത്രമാണുള്ളത്. ഒന്ന്, വിറ്റഴിയാന്‍ പ്രയാസമുള്ള തല്ലിപ്പൊളി മോഡലുകളെല്ലാം സര്‍ക്കാറിന്റെ തലയില്‍കെട്ടിവെക്കാം. രണ്ട്, ഡീലര്‍മാരെ ഒഴിവാക്കി നേരിട്ട് നടത്തുന്ന ഇടപാടില്‍ കൂടിയ മാര്‍ജിന്‍ തരപ്പെടുത്താനും സാധിക്കും. ആത്യന്തികമായി ഇതിന്റെ നഷ്ടം ഖജനാവിനും ദോഷം ജനങ്ങള്‍ക്കും താഴെത്തട്ടില്‍ പണിയെടുക്കുന്ന ഫയര്‍മാന്‍മാര്‍ക്കുമാണ്.

അതേസമയം അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഇപ്പോഴത്തെ ഫയര്‍ ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ സിറാജിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here