മുംബൈ ആയുസ് നീട്ടിയെടുത്തു

Posted on: May 5, 2018 12:00 am | Last updated: May 5, 2018 at 12:00 am

ഇന്‍ഡോര്‍: ഐ പി എല്ലില്‍ വിധി നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചു. ഇതോടെ, മുംബൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. തോറ്റിരുന്നെങ്കില്‍ ഐ പി എല്ലില്‍ നിന്ന് മുംബൈ പുറത്താകുമായിരുന്നു.
സ്‌കോര്‍ : പഞ്ചാബ് 174/6 ; മുംബൈ 19 ഓവറില്‍ നാല് വിക്കറ്റിന് 176.

യാദവ് (57), രോഹിത് (24 നോട്ടൗട്ട്), ക്രുനാല്‍ പാണ്ഡ്യ (12 പന്തില്‍ 31 നോട്ടൗട്ട്) എന്നിവര്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഹര്‍ദിക് 23 റണ്‍സടിച്ചു. നേരത്തെ 40 പന്തില്‍ 50 റണ്‍സടിച്ച ഗെയിലാണ് പഞ്ചാബിന് അടിത്തറ പാകിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 174 റണ്‍സെടുത്തു. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വേഗം കുറഞ്ഞതായിരുന്നു ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്.

50 റണ്‍സെടുക്കാന്‍ ഗെയ്‌ലിന് 40 പന്ത് വേണ്ടി വന്നു. ആറു ബൗണ്ടറികളും രണ്ടു സിക്‌സറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ സീസണില്‍ കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ നാലാം തവണയാണ് ഗെയ്ല്‍ 50 റണ്‍സ് തികയ്ക്കുന്നത്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ 24 റണ്‍സിന് പുറത്തായി. 20 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമാണ് രാഹുല്‍ 24 റണ്‍സ് നേടിയത്. മറുനാടന്‍ മലയാല്‍താരം കരുണ്‍ നായരാണ് (23) പഞ്ചാബ് നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.

എന്നാല്‍ പഞ്ചാബിന്റെ സ്‌കോര്‍ 170 കടത്തിയത് മാര്‍ക്കസ് സ്‌റ്റോണിസിന്റെ അവസാന രണ്ടോവറിലെ വെടിക്കെട്ട് ബാറ്റിങാണ്. 15 പന്തില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറിയുമടക്കം സ്‌റ്റോണിസ് പുറത്താവാതെ 29 റണ്‍സെടുത്തു. സൂപ്പര്‍ താരം യുവരാജ് സിങ് (14 പന്തില്‍ 14, 1 സിക്‌സര്‍) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ (13), മയാങ്ക് അഗര്‍വാള്‍ (11) എന്നിവരും നിറംമങ്ങി.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയും ആറ് വിക്കറ്റിന് ചെന്നൈയെ തോല്‍പ്പിച്ചിരുന്നു.